ന്യൂഡൽഹി: സംസ്ഥാനത്തെ സിറ്റിങ് എം.എൽ.എ.മാരിൽ 92 പേർക്കെതിരേയും (ഏതാണ്ട് 70 ശതമാനം) ക്രിമിനൽക്കേസുകൾ. 33 പേർക്കെതിരേ ഗുരുതര ക്രിമിനൽക്കേസുകളാണുള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ നൽകിയ സത്യവാങ്മൂലത്തിലാണ് വിവരങ്ങൾ. സിറ്റിങ് എം.എൽ.എ.മാരിൽ നല്ലൊരു ശതമാനവും ഇക്കുറിയും മത്സരരംഗത്തുണ്ട്. അസോസിയേഷൻ ഫോർ ഡെമക്രാറ്റിക് റിഫോംസ് (എ.ഡി.ആർ.) എന്ന സംഘടനയാണ് കേരളത്തിലെ 132 എം.എൽ.എ.മാരുടെ സത്യവാങ്മൂലം വിശകലനംചെയ്ത് റിപ്പോർട്ട് തയ്യാറാക്കിയത്.

To advertise here,

എം.എൽ.എ.മാരിൽ രണ്ടുപേർക്കെതിരേ കൊലക്കേസും (എം.എം. മണി, ടി.ഐ. മധുസൂദനൻ) മൂന്നുപേർക്കെതിരേ (എം. വിജിൻ, ടി.ഐ. മധുസൂദനൻ, എം.എം. മണി) കൊലപാതകശ്രമക്കേസുമുണ്ട്. സ്ത്രീകൾക്കെതിരായ അതിക്രമത്തിന് കേസ് നേരിടുന്നത് മൂന്നുപേരാണ് (അഡ്വ. എം. വിൻസെന്റ്, എ.പി. അനിൽകുമാർ, അഡ്വ. കെ.യു. ജനീഷ് കുമാർ). ഇതിൽ എം. വിൻസെന്റിനെതിരേ ബലാത്സംഗക്കേസുണ്ട്.

കോൺഗ്രസിന്റെ 90 ശതമാനവും സി.പി.എമ്മിന്റെ 74 ശതമാനവും എം.എൽ.എ.മാർക്കെതിരേ ക്രിമിനൽക്കേസുണ്ട്. കോൺഗ്രസിന്റെ 52 ശതമാനം പേർക്കെതിരേയും സി.പി.എമ്മിന്റെ 26 ശതമാനത്തിനും ഗുരുതര ക്രിമിനൽക്കേസാണുള്ളത്. മുസ്‌ലിം ലീഗിന്റെ 86 ശതമാനം പേർക്കെതിരേ ക്രിമിനൽക്കേസുള്ളതിൽ 29 ശതമാനത്തിനെതിരേ ഗുരുതര കേസുകളാണ്. സി.പി.ഐ.ക്ക് ഇത് യഥാക്രമം 44 ശതമാനവും ആറ് ശതമാനവുമാണ്.

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽ മൂന്നെണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. അഞ്ച് എം.എൽ.എ.മാരുടെ സത്യവാങ്മൂലം വ്യക്തമല്ലാത്തതിനാൽ പരിശോധിക്കാനായില്ലെന്നാണ് എ.ഡി.ആർ. പറയുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ, അഡ്വ. ഐ.ബി. സതീഷ്, വി. ശിവൻകുട്ടി, എം.ബി. രാജേഷ്, കുറുക്കോളി മൊയ്തീൻ എന്നിവരുടെയാണ് സത്യവാങ്മൂലം വ്യക്തമല്ലാത്തത്.