തിരുവനന്തപുരം: ആർഎസ്എസ് ചിത്രത്തിന് മുന്നിൽ പൂവിട്ട് പൂജിക്കാനോ കുമ്പിട്ടുനിൽക്കാനോ തന്നെ കിട്ടില്ലെന്നും അതാണ് തന്റെ രാഷ്ട്രീയമെന്നും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ഗവർണർ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും രാജ്ഭവനെ രാഷ്ട്രീയവത്കരിച്ചുവെന്നും അദ്ദേഹം വിമർശിച്ചു.
രാജ്ഭവനിൽ ഒരു സർക്കാർ പരിപാടിയിൽ ഒരു സംഘടന മാത്രം ഉപയോഗിച്ചുക്കൊണ്ടിരിക്കുന്ന ഒരു ചിത്രത്തെ ആദരിക്കണമെന്ന് പറഞ്ഞാൽ അത് അംഗീകരിക്കാൻ കഴിയില്ല. ഇന്ത്യൻ ഭരണഘടനയും ദേശീയ പതാകയും ദേശീയ ഗാനവും ദേശസ്നേഹവും ദേശഭക്തിയും ആവോളം സന്നിവേശിപ്പിക്കുന്നുണ്ട്. അതിനനുസരിച്ചുള്ള രീതികളെ പിന്തുടരാൻ സാധിക്കുകയുള്ളൂ. സ്വാതന്ത്യം ലഭിച്ചിട്ട് ഏഴരപതിറ്റാണ്ടായിട്ടുണ്ട്. ഇതിനിടയിൽ ഔദ്യോഗികമായി ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത ചിത്രമാണ് രാജ്ഭവനിൽ ഉപയോഗിച്ചത്. സാധാരണയായി ആർഎസ്എസ് മാത്രം ഉപയോഗിക്കുന്ന ഒരു ചിത്രം സർക്കാർ പരിപാടിയുടെ ഭാഗമാക്കണമെന്ന് പറയുമ്പോൾ അത് അംഗീകരിക്കാൻ സാധിക്കില്ല.
കേരളത്തിൽ എത്രയോ സർക്കാർ പരിപാടികൾ നടക്കുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത വിഴിഞ്ഞം തുറമുഖ ഉദ്ഘാടന പരിപാടിയിൽ ഭാരതാംബയുടെ ചിത്രം ഉണ്ടായിരുന്നോ? രാജ്യത്തിന്റെ പ്രധാനപ്പെട്ട പദവിയിലിരിക്കുന്നവർ കാണിക്കേണ്ട സമാന്യരീതികളുണ്ട്. ആ ഒറ്റ നിലപാടുകൊണ്ടാണ് പങ്കെടുക്കാതിരുന്നത്. മന്ത്രി വ്യക്തമാക്കി.
എത്രയോ പരിപാടികൾ രാജ്ഭവനിൽ നടക്കുന്നു. സർക്കാർ രാജ്ഭവനെയും ഗവർണറെയും ആദരവോടെയാണ് കാണുന്നത്. അവിടെ ഉയർന്നു നിൽക്കേണ്ടത് കാവി പതാകയല്ല, ദേശീയ പതാകയാണ്. കാവി പതാക ഇന്ത്യയുടെ ദേശീയ പതാകയാകണമെന്ന് സംഘപരിവാർ ആവശ്യപ്പെടുന്നുണ്ട്. രാജ്യത്തിനുൾക്കൊള്ളാൻ കഴിയുന്ന നിലപാട് മാത്രമേ സ്വീകരിക്കാൻ കഴിയുകയുള്ളൂ. ഇന്ത്യയുടെ ഭരണഘടനയാണ് ഇവിടെ മാനദണ്ഡമാക്കേണ്ടത്. ഭരണഘടനാപരമായ ഒരു പദവിയിലിരിക്കുന്നതുകൊണ്ട് തനിക്ക് ആ ഉത്തരവാദിത്വമുണ്ട്. ഭരണഘടന അംഗീകരിക്കുന്നതല്ല രാജ്ഭവനിൽ നടന്നത്. അദ്ദേഹം വ്യക്തമാക്കി.
Content Highlights: P Prasad criticizes the Governor for using an RSS image at Raj Bhavan
Published: 05 Jun 2025, 07:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented