കൊച്ചി: കേരള മീഡിയ അക്കാദമിയുടെ 2022-ലെ  മാധ്യമ അവാര്‍ഡുകള്‍ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു പ്രഖ്യാപിച്ചു. 25000 രൂപയും പ്രശസ്തി പത്രവും ശില്‍പവും ആണ് പുരസ്‌കാരം. 

To advertise here,

മികച്ച പ്രാദേശിക പത്രപ്രവര്‍ത്തനത്തിനുള്ള ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡിന് മാതൃഭൂമി ദിനപ്പത്രത്തിലെ നെടുമങ്ങാട് പ്രാദേശിക ലേഖകന്‍ തെന്നൂര്‍ ബി. അശോക് അര്‍ഹനായി. 2022 ജനുവരി 30 മുതല്‍ ഫെബ്രുവരി മൂന്നു വരെ മാതൃഭൂമി തിരുവനന്തപുരം എഡിഷനില്‍ പ്രസിദ്ധീകരിച്ച മരണം മണക്കുന്ന ഊരുകള്‍ എന്ന പരമ്പരയാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. തലസ്ഥാനജില്ലയിലെ ആദിവാസി ഊരുകളുടെ ദുരവസ്ഥകളാണ് ഈ പരമ്പര ചൂണ്ടിക്കാട്ടിയത്. വി.ഇ. ബാലകൃഷ്ണന്‍, കായംകുളം യൂനസ്, കെ.ആര്‍. മല്ലിക എന്നിവരായിരുന്നു വിധിനിര്‍ണ്ണയ സമിതിയംഗങ്ങള്‍.

മികച്ച മുഖപ്രസംഗത്തിനുള്ള വി. കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ് മാധ്യമം ദിനപത്രത്തിലെ കെ. സുല്‍ഹഫിനാണ്. പ്രബുദ്ധമലയാളം എന്ന പാഴ്വാക്ക് എന്ന ശീര്‍ഷകത്തില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗമാണ് അവാര്‍ഡിന് പരിഗണിക്കപ്പെട്ടത്.  ഡോ. സെബാസ്റ്റ്യന്‍ പോള്‍, ബി. സന്ധ്യ, കെ.സി. നാരായണന്‍ എന്നിവരടങ്ങുന്ന കമ്മറ്റിയാണ് വിധിനിര്‍ണ്ണയം നടത്തിയത്.

മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍.എന്‍.സത്യവ്രതന്‍ അവാര്‍ഡിന് ദീപിക  ദിനപത്രത്തിന്റെ സ്റ്റാഫ് റിപ്പോര്‍ട്ടറായ റിച്ചാര്‍ഡ് ജോസഫ് അര്‍ഹനായി. 2022 ജനുവരി 16ന് സണ്‍ഡേ ദീപികയില്‍ പ്രസിദ്ധീകരിച്ച പ്രശാന്തവിസ്മയം എന്ന സ്റ്റോറിയാണ് പരിഗണിക്കപ്പെട്ടത്.  പദ്മശ്രീ ജി. ശങ്കര്‍, റോസ് മേരി, കെ.എ. ബീന എന്നിവരായിരുന്നു വിധിനിര്‍ണ്ണയ സമിതിയംഗങ്ങള്‍.

മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡ് മലയാള മനോരമ ദിനപത്രത്തിന്റെ സ്പെഷ്യല്‍ കറസ്പോണ്ടന്റ് കെ. ജയപ്രകാശ് ബാബുവിനാണ്. പൊടിപൊടിച്ച് പൊന്നുകടത്ത്  എന്ന പരമ്പരയാണ് ജയപ്രകാശിനെ അവാര്‍ഡിനര്‍ഹനാക്കിയത്.  ഡോ. നടുവട്ടം സത്യശീലന്‍, ജോര്‍ജ് പുളിക്കന്‍, പി.വി. മുരുകന്‍ എന്നിവരാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

മലയാള മനോരമ മലപ്പുറം എഡിഷനിലെ ഫോട്ടോഗ്രഫര്‍ ഫഹദ് മുനീര്‍ 2022-ലെ മികച്ച വാര്‍ത്താചിത്രത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി. മാതൃഭാഷാദിനത്തില്‍ പ്രസിദ്ധീകരിച്ച ബഹുത് അച്ചാ മലയാളം എന്ന ചിത്രത്തിനാണ് അവാര്‍ഡ്.  ടി.കെ രാജീവ് കുമാര്‍,  വിധു വിന്‍സന്റ്, എസ്. ഗോപന്‍ എന്നിവരായിരുന്നു വിധിനിര്‍ണ്ണയ സമിതിയംഗങ്ങള്‍.

ദൃശ്യ മാധ്യമ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് എഷ്യാനെറ്റ് ന്യൂസിലെ വിനീത വി.പി. ക്കാണ്. സ്ത്രീകള്‍ നടത്തിയ യാത്രകളുടെ പ്രചോദനാത്മകമായ കഥ പറയുന്ന അവള്‍ ഒരുത്തി എന്ന ന്യൂസ് സ്റ്റോറിയാണ് വിനീതയെ അവാര്‍ഡിനര്‍ഹയാക്കിയത്. മുന്‍ ഡിജിപി ഡോ. ജേക്കബ് പുന്നൂസ്, എസ്.ഡി. പ്രിന്‍സ്, ഷൈനി ബെഞ്ചമിന്‍  എന്നിവരടങ്ങിയ കമ്മറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.