ആലപ്പുഴ: ആശിച്ചു മോഹിച്ച് ജര്‍മനിയിലെത്തി ജോലിക്കു കയറും മുന്‍പേ അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങിയെങ്കിലും ഏതാനും പേരിലൂടെ ജോബി ഇനിയും ജീവിക്കും. തത്തംപള്ളി കുഴിവേലിക്കകത്തു ചിറയില്‍ ജോബി കുര്യന്‍ (40) കഴിഞ്ഞദിവസമാണ് ജര്‍മനിയില്‍ അന്തരിച്ചത്. തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്ന് മസ്തിഷ്‌കമരണം സംഭവിക്കുകയായിരുന്നു.

To advertise here,

രണ്ടരമാസം മുന്‍പാണ് ജര്‍മനിയില്‍ എത്തിയത്. അവിടെ ജോലിക്കായി തയ്യാറെടുപ്പുനടത്തുമ്പോഴായിരുന്നു അപ്രതീക്ഷിത വിയോഗം. തുടര്‍ന്നാണ് അവയവങ്ങള്‍ ദാനം ചെയ്യുന്നതിനായി കുടുംബം തീരുമാനിച്ചത്. വൃക്ക, കരള്‍ എന്നിവ നല്‍കുന്നുവെന്നാണ് നാട്ടിലുള്ള ബന്ധുക്കള്‍ക്കു ലഭിച്ച പ്രാഥമികവിവരം. അവിടത്തെ നടപടിക്രമങ്ങള്‍ കഴിഞ്ഞാലേ കൃത്യമായി അറിയാനാകൂ.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ലിബിയയിലായിരുന്നു ജോബി ജോലി ചെയ്തിരുന്നത്. ആഭ്യന്തരകലാപത്തെത്തുടര്‍ന്ന് നാട്ടിലേക്കു മടങ്ങി. പിന്നീട്, നാട്ടില്‍ പല സ്ഥലങ്ങളിലായി ജോലിനോക്കി. അതിനുശേഷമാണ് ജര്‍മനിയില്‍ പോകുന്നത്. അവിടെവെച്ച് കുളിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഭാര്യ നേരത്തേ ജര്‍മനിയിലേക്കു പോയിരുന്നു. മകള്‍ക്കൊപ്പമാണ് ജോബി പോയത്.

അച്ഛന്‍ കുഴഞ്ഞുവീണത് മകള്‍ അടുത്തുള്ള മലയാളി കുടുംബത്തെ വിളിച്ചറിയിക്കുകയായിരുന്നു. അവരെത്തി പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. തുടര്‍ന്ന്. അടിയന്തര ചികിത്സ ലഭ്യമാക്കിയെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: നിവ്യാ ജോബി. മകള്‍: ജോവാന ജോബി.