ആലപ്പുഴ: പിൻഭാഗത്ത് ഏജൻസി സീൽ ഇല്ലെങ്കിൽ ലോട്ടറി ടിക്കറ്റ് വ്യാജനാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ടാ. ലോട്ടറി ടിക്കറ്റിന്റെ പിന്നിലെ ഏജൻസി സീൽ ലോട്ടറി വകുപ്പുതന്നെ വേണ്ടെന്നുവെച്ചു. സീൽ ഇല്ലാത്ത ടിക്കറ്റെടുത്ത് ആളുകൾക്ക് ധൈര്യമായി ഭാഗ്യം പരീക്ഷിക്കാം. ഭാഗ്യകേരളം മൊബൈൽ ആപ്പിലൂടെ ക്യു.ആർ.കോഡ് സ്കാൻചെയ്താൽ ലോട്ടറി വ്യാജനാണോ ഒറിജിനലാണോ എന്നും തിരിച്ചറിയാനാകും.

To advertise here,

സീൽ ഇല്ലാതെയുള്ള ടിക്കറ്റുവിൽപ്പന കഴിഞ്ഞദിവസം തുടങ്ങിയപ്പോൾ ജില്ലയിൽ ചിലയിടങ്ങളിൽ തർക്കമുണ്ടായി. സീൽവെക്കാത്ത ടിക്കറ്റ് ഏറ്റെടുക്കാൻ ചെറുകിട വിൽപ്പനക്കാരിൽ ചിലർ തയ്യാറായില്ല. സീലില്ലാത്ത ടിക്കറ്റുകൾ വ്യാജനാണെന്നു കരുതി ആളുകൾ വാങ്ങില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അത്. ഇതോടെ ചില ഏജന്റുമാർ വീണ്ടും സീൽവെക്കാൻ നിർബന്ധിതരായി.

ടിക്കറ്റുകളുടെ പിന്നിൽ സീൽവേണ്ടെന്നു തീരുമാനമെടുത്തെങ്കിലും താഴെത്തട്ടിൽ അത് എത്തിയിട്ടില്ല. നടന്നു വിൽപ്പന നടത്തുന്ന പലർക്കും ടിക്കറ്റിൽ സീൽ വേണ്ടെന്ന കാര്യം അറിയില്ല. ലക്ഷക്കണക്കിനു ടിക്കറ്റുകളിൽ സീൽ പതിപ്പിക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടും സീലിലെ മഷിപടർന്ന് ടിക്കറ്റിനു കേടുപാടു സംഭവിക്കുന്നതും കണക്കിലെടുത്താണ്‌ വകുപ്പ് പുതിയ തീരുമാനം നടപ്പാക്കിയത്. നേരത്തേ ടിക്കറ്റിന്റെ വലതുവശത്തു പിന്നിലാണ് ഏജൻസി സീൽ പതിപ്പിച്ചിരുന്നത്. ഇത് ക്യു.ആർ.കോഡിൽ പടരുന്നതുമൂലം സമ്മാനാർഹമായ ടിക്കറ്റുകൾ മാറ്റിയെടുക്കാൻ കഴിയാത്ത സ്ഥിതി വന്നിരുന്നു. ഇതിനെല്ലാം പരിഹാരമായാണ് ഏജൻസി സീൽ ഒഴിവാക്കിയത്. അതേസമയം, ഇതുമായി ബന്ധപ്പെട്ട ആശങ്കയ്ക്കും സംശയങ്ങൾക്കും ഒരാഴ്ചയ്ക്കകം പരിഹാരമുണ്ടാകുമെന്ന് ജില്ലാ ലോട്ടറി ഓഫീസ് അധികൃതർ വ്യക്തമാക്കി.

പ്രായമായ ഭാഗ്യാന്വേഷികൾക്ക് പ്രയാസം

ഏജൻസി സീൽ ഒഴിവാക്കിയത് പ്രായമായ ഭാഗ്യാന്വേഷികൾക്കു ബുദ്ധിമുട്ടാകുമെന്നാണ് വിമർശനമുയരുന്നത്. പ്രായമായ ഭൂരിഭാഗംപേരും ഏജൻസി സീൽ വിശ്വസിച്ചാണ് ടിക്കറ്റെടുത്തിരുന്നത്. എടുത്ത ടിക്കറ്റിന്റെ ക്യു.ആർ. കോഡ്, ഭാഗ്യകേരളം മൊബൈൽ ആപ്പിലൂടെ സ്കാൻചെയ്ത് ആധികാരികത ഉറപ്പാക്കാൻ ഇവർക്കു ബുദ്ധിമുട്ടാണ്.