തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്- പുതുവത്സര ബമ്പർ ടിക്കറ്റുകൾക്ക് റെക്കോഡ് വിൽപ്പന. ഇതിനകം വിൽപ്പന 50 ലക്ഷം കടന്നു. 51,66,810 ടിക്കറ്റുകൾ ബുധനാഴ്ച ഉച്ചവരെ വിറ്റുകഴിഞ്ഞു. കഴിഞ്ഞവർഷത്തെ ക്രിസ്മസ്-പുതുവത്സര ബമ്പർ ടിക്കറ്റുകളുടെ വിൽപ്പന 47,65,650 ആയിരുന്നു.20 കോടി രൂപയാണ് ഒന്നാംസമ്മാനം. നറുക്കെടുപ്പിനു ദിവസങ്ങൾ ശേഷിക്കേ ആവശ്യക്കാർ ഏറിവരുന്നതിനാൽ അഞ്ചു ലക്ഷം ടിക്കറ്റുകൾകൂടി വിപണിയിലെത്തിച്ചു.

To advertise here,

കൂടുതൽ വിൽപ്പന നടന്നത് പാലക്കാട് ജില്ലയിലാണ്. ഇതുവരെ 12,20,520 ടിക്കറ്റുകളാണ് വിറ്റത്. രണ്ടാമതുള്ള തൃശ്ശൂരിൽ 5,44,340 ടിക്കറ്റ് വിറ്റു. മൂന്നാമതുള്ള തിരുവനന്തപുരത്ത് 5,15,090 ടിക്കറ്റുകളുടെ വിൽപ്പന നടന്നു. കഴിഞ്ഞതവണ നാലാംസ്ഥാനത്തുണ്ടായിരുന്ന എറണാകുളത്തിനെ അട്ടിമറിച്ച് 3,34,910 ടിക്കറ്റുകൾ വിറ്റ കൊല്ലം നാലാമതും 3,11,780 ടിക്കറ്റുകളുടെ വിൽപ്പനയോടെ കണ്ണൂർ അഞ്ചാമതുമാണ്.

രണ്ടാം സമ്മാനം ഒരുകോടി രൂപവീതം 20 പേർക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപവീതം 20 പേർക്കും നാലാം സമ്മാനമായി മൂന്നു ലക്ഷം രൂപവീതം 20 പേർക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം രൂപവീതം 20 പേർക്കും ലഭിക്കും.

പത്ത് സീരീസുകളിലായുള്ള ടിക്കറ്റിൽ ബമ്പർ സമ്മാനം ലഭിക്കാതെപോയ മറ്റ് ഒൻപത് സീരീസിനായി ഒരു ലക്ഷം രൂപ വീതമുള്ള സമാശ്വാസ സമ്മാനങ്ങൾ ഉണ്ടാകും. 5000, 2000, 1000, 500, 400 വീതം രൂപ സമ്മാനങ്ങളും ഉൾപ്പെടെ ആകെ 6,21,990 സമ്മാനങ്ങൾ ലഭിക്കും.