തിരുവനന്തപുരം: മുന്‍ മന്ത്രിയും സ്പീക്കറുമായിരുന്ന പി.പി.തങ്കച്ചന്റെ വിയോഗത്തില്‍ അനുസ്മരിച്ച് നേതാക്കള്‍. പി.പി.തങ്കച്ചന്റെ വേര്‍പാട് ഒരുപാട് വേദന ഉണ്ടാക്കുന്നുവെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ എല്ലാവരെയും ചേര്‍ത്തുപിടിച്ച നേതാവായിരുന്നു അദ്ദേഹമെന്നും കൂട്ടിച്ചേര്‍ത്തു. പിപി തങ്കച്ചനെ പോലൊരു മുതിര്‍ന്ന നേതാവിന്റെ വിയോഗം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണ്. പിപി തങ്കച്ചന്റെ നിര്യാണത്തെ തുടര്‍ന്ന് കെപിസിസി മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിക്കുന്നതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.
'ഞങ്ങള്‍ക്ക് പിതൃതുല്യനായ നേതാവാണ്. നേതൃനിരയില്‍ സൗമ്യതയും പ്രാഗത്ഭ്യവും പ്രകടിപ്പിച്ചിച്ച അദ്ദേഹം പാര്‍ട്ടിയെ വളര്‍ത്താന്‍ നന്നായി പരിശ്രമിക്കുകയും ഇടപെടുകയും ചെയ്തു' സതീശന്‍ പറഞ്ഞു.
പി.പി.തങ്കച്ചന്റെ വേര്‍പാട് കേരളത്തിന് ഉണ്ടാക്കിയിരിക്കുന്നത് വലിയ നഷ്ടമാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. 'ഞങ്ങളുടെയൊക്കെ ആദരണീയനായ നേതാവാണ് അദ്ദേഹം. ജനഹൃദയത്തില്‍ സ്ഥാനം പിടിച്ച നേതാവ്. സ്പീക്കറായും മന്ത്രിയായും യുഡിഎഫ് നേതൃനിരയിലും വിശ്വാസ്യതയോടെ പ്രവര്‍ത്തിച്ചു' കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
സൗമ്യതയെ കരുത്താക്കി മാറ്റിയ നേതാവാണ് പി.പി. തങ്കച്ചനെന്ന് ഷാഫി പറമ്പില്‍ എംപി പറഞ്ഞു. എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ടുപോയി. പാര്‍ട്ടിയെക്കാള്‍ വലുതല്ല മറ്റൊന്നും എന്ന് അടിയുറച്ച് വിശ്വസിച്ച നേതാവായിരുന്നു അദ്ദേഹമെന്നും ഷാഫി പറഞ്ഞു. പി.പി.തങ്കച്ചന്‍ എല്ലാവരെയും ചേര്‍ത്തുകൊണ്ട് പോകാന്‍ വൈഭവം കാണിച്ചുവെന്നും വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് അറിയിച്ചു.
തന്റെ ആദ്യകാല സുഹൃത്തുക്കള്‍ ഓരോരുത്തരായി നഷ്ടപ്പെടുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി പറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ അദ്ദേഹം എല്ലാവര്‍ക്കും ഒരു മാതൃകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിപി തങ്കച്ചന്റെ നിര്യാണത്തിലൂടെ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടത് കര്‍മ്മധീരനായ നേതാവിനെ ആണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. അദ്ദേഹം പാര്‍ട്ടിയേയും മുന്നണിയേയും നയിച്ചു. പ്രതിസന്ധി ഘട്ടങ്ങളില്‍ പാകതയോടെ തീരുമാനങ്ങളെടുത്തു. സ്പീക്കറെന്ന നിലയിലും കൃഷിമന്ത്രി എന്ന നിലയിലും തന്റെ പാദമുദ്രകള്‍ പതിപ്പിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.
യുഡിഎഫ് കണ്‍വീനര്‍, കെപിസിസി പ്രസിഡന്റ്, സ്പീക്കര്‍, മന്ത്രി ,ഡിസിസി പ്രസിഡന്റ് എന്നീ പദവികളില്‍ അദ്ദേഹം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചുവെന്ന് എംഎം ഹസന്‍ പറഞ്ഞു. പാര്‍ലമെന്ററി രംഗത്തും ഭരണരംഗത്തും അദ്ദേഹത്തിന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ തങ്കച്ചന് കഴിഞ്ഞു. ദീര്‍ഘകാലം സമചിത്തതയോടെ യുഡിഎഫിനെ നയിച്ച അദ്ദേഹം സമവായത്തിലൂടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടിരുന്നു. അടിയുറച്ച കോണ്‍ഗ്രസ് നേതാവായിരുന്നു.കെ.കരുണാകരനോട് കൂറും സ്നേഹം പുലര്‍ത്തുമ്പോഴും അദ്ദേഹം പാര്‍ട്ടി വിട്ടപ്പോള്‍ തങ്കച്ചന്‍ കോണ്‍ഗ്രസില്‍ തന്നെ ഉറച്ചു നിന്നു. പിപി തങ്കച്ചന്റെ നിര്യാണം കോണ്‍ഗ്രസിനും വ്യക്തിപരമായി തനിക്കും വലിയ നഷ്ടമാണെന്നും എംഎം ഹസന്‍ പറഞ്ഞു.
സൗമ്യമായ പ്രവര്‍ത്തനത്തിലൂടെ യുഡിഎഫിന്റെ ഐക്യം വളര്‍ത്താന്‍ കഠിനാധ്വാനം ചെയ്ത നേതാവ്.ആരോടും പരിഭവവും പിണക്കവും വ്യക്തിവിരോധം പുലര്‍ത്താത്ത പൊതുപ്രവര്‍ത്തകനായിരുന്നു പി പി തങ്കച്ചനെന്ന് കെ. സുധാകരന്‍ എംപി അനുസ്മിരിച്ചു. എല്ലാവരോടും സൗഹൃദത്തോടെ പെരുമാറിയ വ്യക്തിത്വം. ഏറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ ചിട്ടയോടെയും ഉത്തരവാദിത്തത്തോടെയും നിറവേറ്റിയ അദ്ദേഹം കൃഷി മന്ത്രിയായും നിയമസഭാ സ്പീക്കറായും മികവ് തെളിയിച്ചു.കോണ്‍ഗ്രസ് ആശയങ്ങള്‍ എക്കാലും ഉയര്‍ത്തിപിടിച്ച നേതാവ്. കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും വളര്‍ച്ചയ്ക്ക് സുപ്രധാന പങ്കുവഹിച്ച നേതാവ് കൂടിയാണ് പിപി തങ്കച്ചന്‍. അദ്ദേഹത്തിന്റെ വിയോഗം പ്രസ്ഥാനത്തിന് വലിയ നഷ്ടമാണ്. പിപി തങ്കച്ചന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.
Content Highlights: Kerala leaders express grief over the passing of former minister and speaker P.P. Thankachan
Published: 11 Sept 2025, 06:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented