കള്ളാടി: ‘‘കൂടപ്പിറപ്പേ, നിന്റെ പിഞ്ചോമനയോട് ഞങ്ങളെന്ത് പറയും’’ -ദൈവത്തെ വിളിച്ച് നിറവേദനയോടെ മുഹമ്മദ് ഇമ്രാന്റെ സഹോദരങ്ങൾ അവന്റെ തണുത്തുറഞ്ഞ ശരീരത്തെ നോക്കി കരഞ്ഞു. അനിയന്റെ ജീവച്ഛവമായ ശരീരം ഏറ്റുവാങ്ങുന്നതിന് തൊട്ടുമുൻപും സഹോദരി തെഹ്റുന്നീസ മൊബൈലിൽ പിഞ്ചുകുഞ്ഞിന്റെ ചിത്രം കാണിച്ചു. ‘‘ഇമ്രാന്റെ കുഞ്ഞാ. മാസങ്ങളേ ആയുള്ളൂ. പിതാവെന്ന ഓർമ്മപോലും ഈ പൈതലിനുണ്ടാവില്ലലോ’’ -അവർ ഒരു പൊട്ടിക്കരച്ചിലേക്ക് വഴുതിവീണു.

To advertise here,

രണ്ടുദിവസംമുൻപ് തുരങ്കപാതാ നിർമാണക്കമ്പനി അധികൃതർ സഹോദരൻ മണ്ണിടിച്ചിലിൽ അകപ്പെട്ടുവെന്ന് വിളിച്ചറിയിക്കുമ്പോൾപ്പോലും തങ്ങളുടെ കുഞ്ഞനുജന് ഒന്നും സംഭവിക്കില്ലാ എന്ന പ്രതീക്ഷയിലായിരുന്നു ഇമ്രാന്റെ സഹോദരി തെഹ്‌റുന്നീസയും സഹോദരങ്ങളായ ഇർഷാദ് അലിയും എം.ഡി. സാഹേബും കേരളത്തിലേക്ക് വണ്ടികയറിയത്. എന്നാൽ, സഹോദരന്റെ ജീവനറ്റ ശരീരം ഏറ്റുവാങ്ങാനായിരുന്നു കൂടപ്പിറപ്പുകളുടെ യോഗം. ബിഹാർ സാരൺ സ്വദേശിയാണ് മുഹമ്മദ് ഇമ്രാൻ. എസ്കവേറ്റർ ഓപ്പറേറ്ററായിരുന്നു.

രാവിലെ ഒൻപതരയോടെ മീനാക്ഷിപ്പാലത്തിന് സമീപത്ത് ഒന്നാംസോണിൽനിന്നാണ് മൃതദേഹം കണ്ടെടുത്തത്. മണ്ണിടിച്ചിലിൽ അകപ്പെട്ടരുടെ കുടുംബാംഗങ്ങൾ സമീപത്തുതന്നെയുണ്ടന്നറിഞ്ഞ മുതിർന്നസേനാംഗം മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനുമുൻപ്‌ തിരിച്ചറിയാനാകുമോ എന്ന പ്രതീക്ഷയിലാണ് കുടുംബത്തെ ആംബുലൻസിനടുത്തേക്ക് വിളിപ്പിച്ചത്. തങ്ങളുടെ അനുജനാണ് മുൻപിലെ സ്ട്രക്‌ച്ചറിൽ കിടക്കുന്നതെന്ന്‌ അവർക്ക് വിശ്വസിക്കാനായില്ല. സഹോദരങ്ങൾ കരഞ്ഞുതളർന്നു. ‘‘ഇതിനായിരുന്നോ കേരളത്തിലേക്ക് വന്നത്, നമ്മുെട നാട്ടിൽനിന്നാ പോരായിരുന്നോ. നിന്റെ മകളോട് എന്തു പറയും, കുഞ്ഞിനിനി ആരുണ്ട്’’ -അവർ പതംപറഞ്ഞു കരഞ്ഞു.

ചെളിയിൽക്കുതിർന്ന കുഞ്ഞനുജനെ അവസാനമായൊന്ന് ചേർത്തുപിടിക്കാൻ സഹോദരി തെഹ്‌റുന്നീസ ശ്രമിച്ചപ്പോൾ ചുറ്റുമുള്ളവർ വിലക്കി. ‘ചേർത്തുപിടിക്കാനായില്ലല്ലോ’ എന്ന് സഹോദരി തെഹ്‌റുന്നീസ ദുരന്തഭൂമിയിൽ നിലവിളിച്ചുകൊണ്ടേയിരുന്നു. സഹോദരന്മാരായ ഇർഷാദ് അലിയും സാഹേബും കണ്ണീരിൽക്കുതിർന്ന്‌ സഹോദരിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചപ്പോഴും ആ സങ്കടപ്പെയ്ത്ത്‌ അടങ്ങിയില്ല. ഏറെവൈകാതെതന്നെ സഹോദരനെയും വഹിച്ചുകൊണ്ടുള്ള ആംബുലൻസിനുപുറകെ പ്രത്യാശയുടെ തരിമ്പും നഷ്ടപ്പെട്ട കൂടപ്പിറപ്പുകളും പോയി.