
സീതത്തോട്(കോട്ടയം): നാട്ടിലിറങ്ങി ഭീതിപരത്തിയ കൂറ്റൻ രാജവെമ്പാലയെ പിടികൂടാൻ വനപാലകസംഘം ശ്രമിക്കവെ അത് നദിയിൽ ചാടി. പിന്നാലെ ചാടിയ വനപാലകർ കക്കാട്ടാറിൽനിന്ന് അതിസാഹസികമായി പാമ്പിനെ പിടികൂടി. പത്തനംതിട്ട സീതത്തോട് പഞ്ചായത്തിലെ ഉറുമ്പനിയിലാണ് ജീവൻ പണയംവെച്ച് വനംവകുപ്പിന്റെ ആർ.ആർ.ടി. സംഘം രാജവെമ്പാലയെ പിടികൂടിയത്.
ആർ.ആർ.ടി. സംഘമെത്തി പിടികൂടാൻ ശ്രമിക്കവെ പാമ്പ് സമീപത്തുള്ള മരത്തിൽ കയറി. പിന്നാലെ മരത്തിൽ കയറിയ ആർ.ആർ.ടി. സംഘം പാമ്പിന്റെ വാലിൽ പിടിച്ചെങ്കിലും ഇത് താഴെയുള്ള നദിയിലേക്ക് വഴുതിവീഴുകയായിരുന്നു. ആർ.ആർ.ടി. ടീമിലെ പി.കെ. രമേശ്, എസ്. സതീഷ്കുമാർ, അരുൺരാജ് എന്നിവർ പാമ്പിന് പിന്നാലെ നദിയിൽചാടി കുടുക്കിട്ടു.
ഇതിനിടെ രണ്ടുതവണ രാജവെമ്പാല വനപാലകർക്ക് നേരെ ചീറിയടുത്തു. എന്നാലിവർ തന്ത്രപരമായി പാമ്പിന്റെ ശ്രദ്ധമാറ്റി. ചുറ്റിക്കളിക്കൊടുവിൽ വെള്ളത്തിൽവെച്ചുതന്നെ വനപാലകസംഘം പാമ്പിനെ കുടുക്കി. കരയിൽവെച്ചുപോലും ഇതിനെ പിടികൂടുക ദുഷ്കരമാണ്. നദിയിലിറങ്ങിയ രാജവെമ്പാലയെ സാഹസികമായി പിടികൂടിയ വനപാലകസംഘത്തെ നാട്ടുകാർ അഭിനന്ദിച്ചു.
പാമ്പിനെ വനപാലകസംഘം വൈകീട്ടോടെ കക്കി വനത്തിൽ തുറന്നുവിട്ടു. ഉറുമ്പനിയിൽനിന്നും മുമ്പും നിരവധിതവണ രാജവെമ്പാലയെ പിടികൂടിയിട്ടുണ്ട്. ആർ.ആർ.ടി. ഡെപ്യൂട്ടി റെയിഞ്ചർ ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് വനപാലകർ എത്തിയത്.
Content Highlights: Forest officials bravely cathed a king cobra from a river in Seethathodu
Published: 22 Jan 2025, 07:53 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented