സീതത്തോട്(കോട്ടയം): നാട്ടിലിറങ്ങി ഭീതിപരത്തിയ കൂറ്റൻ രാജവെമ്പാലയെ പിടികൂടാൻ വനപാലകസംഘം ശ്രമിക്കവെ അത് നദിയിൽ ചാടി. പിന്നാലെ ചാടിയ വനപാലകർ കക്കാട്ടാറിൽനിന്ന് അതിസാഹസികമായി പാമ്പിനെ പിടികൂടി. പത്തനംതിട്ട സീതത്തോട് പഞ്ചായത്തിലെ ഉറുമ്പനിയിലാണ് ജീവൻ പണയംവെച്ച് വനംവകുപ്പിന്റെ ആർ.ആർ.ടി. സംഘം രാജവെമ്പാലയെ പിടികൂടിയത്.

To advertise here,

ആർ.ആർ.‌ടി. സംഘമെത്തി പിടികൂടാൻ ശ്രമിക്കവെ പാമ്പ് സമീപത്തുള്ള മരത്തിൽ കയറി. പിന്നാലെ മരത്തിൽ കയറിയ ആർ.ആർ.ടി. സംഘം പാമ്പിന്റെ വാലിൽ പിടിച്ചെങ്കിലും ഇത് താഴെയുള്ള നദിയിലേക്ക് വഴുതിവീഴുകയായിരുന്നു. ആർ.ആർ.ടി. ടീമിലെ പി.കെ. രമേശ്, എസ്. സതീഷ്‌കുമാർ, അരുൺരാജ് എന്നിവർ പാമ്പിന് പിന്നാലെ നദിയിൽചാടി കുടുക്കിട്ടു.

ഇതിനിടെ രണ്ടുതവണ രാജവെമ്പാല വനപാലകർക്ക് നേരെ ചീറിയടുത്തു. എന്നാലിവർ തന്ത്രപരമായി പാമ്പിന്റെ ശ്രദ്ധമാറ്റി. ചുറ്റിക്കളിക്കൊടുവിൽ വെള്ളത്തിൽവെച്ചുതന്നെ വനപാലകസംഘം പാമ്പിനെ കുടുക്കി. കരയിൽവെച്ചുപോലും ഇതിനെ പിടികൂടുക ദുഷ്‌കരമാണ്. നദിയിലിറങ്ങിയ രാജവെമ്പാലയെ സാഹസികമായി പിടികൂടിയ വനപാലകസംഘത്തെ നാട്ടുകാർ അഭിനന്ദിച്ചു.

പാമ്പിനെ വനപാലകസംഘം വൈകീട്ടോടെ കക്കി വനത്തിൽ തുറന്നുവിട്ടു. ഉറുമ്പനിയിൽനിന്നും മുമ്പും നിരവധിതവണ രാജവെമ്പാലയെ പിടികൂടിയിട്ടുണ്ട്. ആർ.ആർ.ടി. ഡെപ്യൂട്ടി റെയിഞ്ചർ ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് വനപാലകർ എത്തിയത്.