തിരുവനന്തപുരം: മതം അടിസ്ഥാനമാക്കി സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയെന്ന ആരോപണം നേരിട്ട വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണന്റെ സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. ചീഫ് സെക്രട്ടറി അധ്യക്ഷയായ അവലോകന സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് നടപടി. ഗോപാലകൃഷ്ണന്റെ വിശദീകരണം അച്ചടക്ക പുനഃപരിശോധന സമിതി അംഗീകരിച്ചു. സസ്പെൻഷൻ തുടരേണ്ടതില്ലെന്ന് കമ്മിറ്റി ശുപാർശ ചെയ്തു. കെ.ഗോപാലകൃഷ്ണന് പുതിയ ചുമതല നൽകും.

To advertise here,

അതേസമയം, ഗോപാലകൃഷ്ണനൊപ്പം സസ്പെൻഡ് ചെയ്യപ്പെട്ട കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്ത് ഐ.എ.എസിൻ്റെ സസ്പെൻഷൻ സർക്കാർ നീട്ടി. സസ്പെൻഷൻ 120 ദിവസത്തേക്ക് കൂടി നീട്ടിക്കൊണ്ടുള്ള സർക്കാർ ഉത്തരവിറങ്ങി. ഭരണസംവിധാനത്തിന്റെ പ്രതിച്ഛായ മോശമാക്കി, മേൽ  ഉദ്യോഗസ്ഥനെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തി തുടങ്ങിയവയാണ് കുറ്റങ്ങൾ. കുറ്റാരോപണ മെമ്മോയ്ക്ക് പ്രശാന്ത് ഇതുവരെ മറുപടി നൽകിയിരുന്നില്ല. 

സാമൂഹികമാധ്യമക്കുറിപ്പിലൂടെ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ നിരന്തരം അവഹേളിച്ചതാണ് എൻ. പ്രശാന്തിന്റെ സസ്പെൻഷനിലേക്ക് നയിച്ചത്. പട്ടികജാതി-വർഗ വിഭാഗങ്ങൾക്കുള്ള ക്ഷേമത്തിനും പദ്ധതിനിർവഹണത്തിനുമുള്ള ‘ഉന്നതി’യുടെ ഫയലുകൾ കാണാനില്ലെന്നും സ്പെഷ്യൽ സെക്രട്ടറിയായിരുന്ന പ്രശാന്ത് വ്യാജഹാജർ രേഖപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി ജയതിലക് സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇത് പുറത്തുവന്നതോടെയാണ് സാമൂഹിക മാധ്യമത്തിലൂടെ, എല്ലാ സർവീസ് ചട്ടങ്ങളും ലംഘിച്ച് ജയതിലകിനെ പ്രശാന്ത് അധിക്ഷേപിക്കാൻ തുടങ്ങിയത്. 

മതത്തിന്റെപേരിൽ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നതായിരുന്നു ഗോപാലകൃഷ്ണൻ നേരിട്ട ആരോപണം. മല്ലു ഹിന്ദു ഓഫീസേഴ്സ്, മല്ലു മുസ്‌ലിം ഓഫീസേഴ്സ് എന്നീ പേരുകളിലുള്ള വാട്സാപ്പ് ഗ്രൂപ്പുകളാണ് വിവാദമായത്. ഇതോടെ തന്റെ ഫോൺ ഹാക്ക് ചെയ്ത് 11 ഗ്രൂപ്പുകൾ തുടങ്ങിയെന്ന പരാതിയുമായി ഗോപാലകൃഷ്ണൻ പോലീസിനെ സമീപിക്കുകയായിരുന്നു.

എന്നാൽ അദ്ദേഹത്തിന്റെ വിശദീകരണം സർക്കാർ ആദ്യം അംഗീകരിച്ചിരുന്നില്ല. ​ഗോപാലകൃഷ്ണന്റെ ഫോണോ, വാട്സാപ്പോ ഹാക്ക് ചെയ്തിട്ടില്ലെന്നായിരുന്നു പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. മതാടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിനെയും അതുമറയ്ക്കാൻ നടത്തിയ ശ്രമത്തെയും അതിഗൗരവത്തോടെയാണ് സർക്കാർ കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കെ.​ഗോപാലകൃഷ്ണനെ സസ്പെൻഡ് ചെയ്തത്. ഇതാണിപ്പോൾ പിൻവലിച്ചിരിക്കുന്നത്.