ഹരിപ്പാട്: യാത്ര ദൂരസ്ഥലങ്ങളിലേക്കാണെങ്കിൽ അച്ഛൻ രാജപ്പൻ ഓരോ മണിക്കൂർ ഇടവിട്ട് രാജേഷിനെ ഫോണിൽ വിളിക്കും. അപ്പോൾ എത്തിയ സ്ഥലം രാജേഷ് പറഞ്ഞുകൊടുക്കും. ഒറ്റവാക്കിൽ മറുപടി. രാജപ്പനും ഭാര്യ സരസമ്മയ്ക്കും അത്രമാത്രം മതി. ബുധനാഴ്ച രാത്രിയിലും പതിവുതെറ്റിയില്ല. രാത്രി എട്ടരയ്ക്കുവിളിച്ചപ്പോൾ രാജേഷിന്റെ മറുപടി കിട്ടി. - പൊള്ളാച്ചി. ഒൻപതരയോടെ വീണ്ടും വിളിച്ചു. തൃശ്ശൂരിലെത്തിയെന്നായിരുന്നു മറുപടി. പത്തേകാലിന് അങ്കമാലിയിലെത്തിയെന്നും അറിഞ്ഞു. പിന്നീട് പലപ്രാവശ്യം വിളിച്ചെങ്കിലും ഫോണെടുത്തില്ല.

To advertise here,

എറണാകുളത്ത് പലസ്ഥലങ്ങളിൽ മുട്ട ഇറക്കണം. ഇതിന്റെ തിരക്കുകഴിഞ്ഞിട്ട് വിളിക്കുമെന്ന് അമ്മയ്ക്കും അച്ഛനും ഉറപ്പായിരുന്നു. എന്നിട്ടും പുലർച്ചെ വീണ്ടും വിളിച്ചു. പക്ഷേ, പള്ളിപ്പാട്ടെ കുടുംബവീട്ടിൽനിന്ന് ഫോൺവിളിച്ചുകൊണ്ടിരിക്കുമ്പോൾ തുറവൂരിലെ ഉയരപ്പാതയുടെ ഗർഡറിനടിയിൽ രാജേഷ് പ്രാണനുവേണ്ടി പിടയുകയായിരുന്നിരിക്കണം.

വ്യാഴാഴ്ച രാവിലെ ബന്ധുക്കളാണ് രാജേഷ് അപകടത്തിൽപ്പെട്ട വിവരം രാജപ്പനെയും സരസമ്മയെയും അറിയിക്കുന്നത്. ചെറിയ പരിക്കെന്നാണ് ബന്ധുക്കൾ ആദ്യം പറഞ്ഞത്. പിന്നീട് വീട്ടിൽ ആളുകൂടിയപ്പോഴാണ് ദുരന്തം മകന്റെ ജീവനെടുത്തത് ഇരുവരും തിരിച്ചറിയുന്നത്. രാജപ്പന്റെ മൂത്തമകൻ വർഷങ്ങൾക്കുമുൻപ് അപകടത്തിൽ മരിച്ചു. രാജേഷിനെക്കൂടാതെ, രണ്ടു പെൺമക്കളാണ്. സഹോദരന്റെ മരണത്തിനുശേഷം അച്ഛനും അമ്മയും രാജേഷിന്റെ സംരക്ഷണയിലായിരുന്നു.

രാജേഷിന്റെ മൃതദേഹം വീട്ടിലെത്തിക്കുന്നതും കാത്തുനിന്ന നാട്ടുകാരുടെ മധ്യത്തിൽ കരഞ്ഞുകലർന്ന കണ്ണുകളോടെ രാജപ്പനെ കണ്ടു. ദൂരസ്ഥലങ്ങളിൽ ഓട്ടംപോയാൽ താൻ ഫോണിൽ വിളിക്കുന്നതിനെപ്പറ്റി പറഞ്ഞത് സങ്കടപ്പെട്ടുകൊണ്ടാണ് രാജപ്പൻ നിന്നത്. രാജേഷിന് ഓട്ടോറിക്ഷയുണ്ട്. ഓട്ടം കുറവുള്ളപ്പോൾ ചുമട്ടുതൊഴിലാളിയുടെ വേഷമണിയും. അതുമല്ലെങ്കിൽ കൂലിപ്പണി. കിട്ടുന്ന ഏതുജോലിയും ചെയ്യും. നാട്ടുകാരുടെ എന്താവശ്യത്തിനും മുന്നിൽ നിൽക്കുന്ന സ്വഭാവം. അതുകൊണ്ടുതന്നെ രാജേഷ് നാട്ടുകാർക്ക് പ്രിയപ്പെട്ടവനായിരുന്നു.

സ്വപ്നം ബാക്കി

മകൻ ജിഷ്ണുരാജ് വലിയ ഫുട്‌ബോൾ താരമാകുമെന്ന സ്വപ്നം ബാക്കിയാക്കിയാണ് രാജേഷ് യാത്രയായത്. ജില്ലാ യൂത്ത് ടീം അംഗമാണ് മകൻ. ബെംഗളൂരുവിൽ ഉൾപ്പെടെ പോയി പതിവായി കളിക്കാറുണ്ട്. കായംകുളം എംഎസ്എം കോളേജിലെ രണ്ടാംവർഷ ബിരുദവിദ്യാർഥിയായ ജിഷ്ണു സംസ്ഥാനത്തിന്റെയും പിന്നീട്, രാജ്യത്തിന്റെയും കുപ്പായമണിയുന്നത് സ്വപ്നംകണ്ടാണ് രാജേഷ് ജീവിച്ചത്.

രാജേഷ് നങ്ങ്യാർകുളങ്ങര ടികെഎംഎം കോളേജിലാണ് പ്രിഡിഗ്രി പഠിച്ചത്. അന്നേ ഫുട്‌ബോൾ കമ്പക്കരനായിരുന്നു. നാട്ടിലെ ക്ലബ്ബുകൾക്കുവേണ്ടി കളിച്ചിട്ടുമുണ്ട്. മകൻ ചെറുപ്പംമുതൽ ഫുട്‌ബോളിൽ താത്പര്യംകാട്ടിയപ്പോൾ രാജേഷ് പ്രോത്സാഹിപ്പിച്ചു. ബൂട്ടും ജേഴ്‌സിയും വാങ്ങിക്കൊടുത്തു. ജില്ലാ തലത്തിൽ മികച്ച പ്രകടനം നടത്തിയാണ് ജിഷ്ണു ബെംഗളൂരുവിൽ മത്സരങ്ങളിൽ പങ്കെടുത്തുതുടങ്ങിയത്.

മകന് കായികമികവിലൂടെ നല്ല ജോലി കിട്ടുമെന്നും അങ്ങനെ കുടുംബത്തിന്റെ പ്രാരബ്ധങ്ങൾ മാറുമെന്നും രാജേഷ് സുഹൃത്തുക്കളോട് പറയാറുണ്ടായിരുന്നു. ബുധനാഴ്ച വൈകീട്ട് തമിഴ്‌നാട്ടിൽനിന്നു മടങ്ങുന്നതിനിടെ ജിഷ്ണുവിന് പഠനാവശ്യങ്ങൾക്കായി രാജേഷ് പണം അയച്ചിരുന്നു. ഇരുവരും ഏറനേരം ഫോണിൽ സംസാരിക്കുകയും ചെയ്തു.

രാവിലെ കാണാമെന്ന് വാക്കുപറഞ്ഞാണ് രാജേഷ് ഫോൺ വെച്ചത്. പക്ഷേ, പുലർച്ചെ ജിഷ്ണു കേട്ടത് ദുരന്തവാർത്തയാണ്.

വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയാണ് മൃതദേഹം പള്ളിപ്പാട്ടെ വീട്ടിലെത്തിച്ചത്. അപ്പോഴേക്കും വീടും പരിസരവും ജനക്കൂട്ടമായിരുന്നു. ബന്ധുക്കൾക്കും സൃഹൃത്തുക്കൾക്കുമൊപ്പം ദൂരസ്ഥലങ്ങളിൽ നിന്നെത്തിയവരും കാത്തുനിൽക്കുകയായിരുന്നു. മൃതദേഹം വീട്ടിലെത്തിച്ചപ്പോഴേക്കും കൂട്ടക്കരച്ചിലായി. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ സന്തോഷത്തോടെ യാത്രപറഞ്ഞുപോയ രാജേഷിന്റെ വീട്ടിലേക്കുള്ള മടക്കം ആരും പ്രതീക്ഷിക്കാത്ത തരത്തിലായിപ്പോയി.

പള്ളിപ്പാട് ഗ്രാമം ദുരന്തത്തിന്റെ ഞെട്ടലിലാണ്. ശവസംസ്‌കാരത്തിൽ പങ്കാളികളാകാനെത്തിയർ ബന്ധുക്കളെ ആശ്വസിപ്പിക്കാനാകാതെ പൊട്ടിക്കരയുകയായിരുന്നു.

മരണം ശ്വാസംമുട്ടി

ഗർഡർ വീണ് പിക്കപ്പ് വാൻ ഡ്രൈവർ രാജേഷ് മരിച്ചത് ശ്വാസംമുട്ടിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ജനറൽ ആശുപത്രി സുപ്രണ്ടാണ് ഇക്കാര്യം അറിയിച്ചത്. ശരീരത്തിൽ വലിയക്ഷതങ്ങളില്ല. വാഹനത്തിൽനിന്നു പുറത്തെടുക്കാൻ നാലുമണിക്കൂറോളം വൈകിയിരുന്നു. അത്രയും നേരം തകർന്ന വാനിൽ ഞെരുങ്ങിയമർന്നിരിക്കുകയായിരുന്നു രാജേഷ്.

കെഎസ്ആർടിസി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

‘ഇപ്പോഴും ‍ഞെട്ടൽ മാറിയിട്ടില്ല. ഒരു മനുഷ്യനും കണ്ടുനിൽക്കാൻ പറ്റാത്ത കാഴ്ചകളാണ് കഴിഞ്ഞ രാത്രി കണ്ടത്. ഞങ്ങളുടെ മുകളിലേക്ക് ഗർഡറുകൾ വീഴുമോയെന്ന ഭയമായിരുന്നു. അടുത്തേക്ക് അടുക്കാൻപോലും കഴിയില്ലായിരുന്നു’ -മിനിറ്റുകളുടെ വ്യത്യാസത്തിൽ വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട കെഎസ്ആർടിസി ബസിലെ കണ്ടക്ടർ കം ഡ്രൈവർ വിനോദ്കുമാർ പറയുന്നതു കേട്ടാൽ അപകടത്തിന്റെ ഭീകരത മനസ്സിലാക്കാം.

വ്യാഴാഴ്ച പുലർച്ചെ 2.35. എരമല്ലൂർ തെക്കുഭാഗത്ത് വാഹനഗതാഗതം ഒരു ഭാഗത്തു കൂടി മാത്രം. പലയിടത്തും റോഡ് മോശം. നിർമാണം നടക്കുന്നതിനാൽ വാഹനങ്ങൾ തീരെ കുറഞ്ഞ വേഗത്തിലാണ് പോയത്. മുന്നിൽ ഒരു കാർ പോകുന്നു. പിന്നിൽ പൊന്നാനിയിലേക്കു പോയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്. പണി നടക്കുന്നിടത്ത് വളരെക്കുറച്ച് തൊഴിലാളികൾ മാത്രം. പുലർച്ചെ ഡ്രൈവറുടെ സമീപത്തെ സീറ്റിലായിരുന്നു വിനോദ്കുമാർ ഇരുന്നത്. പെെട്ടന്ന് ആളുകൾ റോഡിൽ ചിതറിയോടുന്നതു കണ്ടു. എന്താണു സംഭവിക്കുന്നതെന്ന് ആദ്യം മനസ്സിലായില്ല. 43 യാത്രക്കാർ ഈ സമയത്ത് ബസ്സിൽ ഉണ്ടായിരുന്നു.

‘ബസ് നിർത്തി ഡ്രൈവർ പി.ജി. അജിക്കൊപ്പം അപകടസ്ഥലത്തേക്കു പോയെങ്കിലും ഗർഡറിന്റെ ഒരു ഭാഗം പിക്കപ്പിന്റെ കാബിനിലേക്ക് വീണുകിടക്കുന്നതാണു കണ്ടത്. വണ്ടിയുടെ ബീം െലെറ്റ് മിന്നുന്നുണ്ടായിരുന്നു. മുകളിൽ നിന്ന് കൂടുതൽ ഗർഡർവീഴാൻ സാധ്യതയുള്ളതിനാൽ വാഹനത്തിന്റെ അടുത്തേക്ക് ആരും പോയില്ല. എല്ലാവരും നിസ്സഹായരായിരുന്നു. ശരീരമാകെ വിറയ്ക്കുന്നതുപോലെ തോന്നി. പെെട്ടന്ന് അവിടെനിന്നു പോകാനാണു തോന്നിയത്’.- വിനോദ്കുമാർ ‘മാതൃഭൂമി’യോടു പറഞ്ഞു. ബസ് പിന്നീട് തിരിച്ച് തുറവൂരെത്തി അതുവഴിയാണ് എറണാകുളത്തേക്ക് യാത്ര തുടർന്നത്.

സുരക്ഷയിൽ വൻവീഴ്ച

ദേശീയപാതയിൽ ഉയരപ്പാത പണിയുന്ന അരൂർ-തുറവൂർ ഭാഗത്ത് ഗർഡർ സ്ഥാപിക്കുമ്പോൾ അടിയിലൂടെ വാഹനം കടത്തിവിടുന്നത് അപകടസാധ്യതയുണ്ടാക്കുന്നതാണെങ്കിലും ഇതുചെയ്യുന്നതു പതിവാണ്. ക്രെയിൻ സഹായത്തോടെ ഗർഡർ മുകളിലേക്കു കയറ്റുമ്പോൾ മാത്രമാണ് ഗതാഗതം നിയന്ത്രിച്ചിരുന്നത്.

ഗർഡർ മുകളിലേക്കു കയറ്റിയാൽ ജാക്കിയുടെ സഹായത്തോടെ കൃത്യമായി ഉറപ്പിക്കും. ഇതിനു സമയമെടുക്കും. അത്രയുംനേരം ഗതാഗതം തടയുന്നതിലുള്ള ബുദ്ധിമുട്ടു കണക്കിലെടുത്താണ് ഗതാഗതം അനുവദിക്കുന്നത്. ഇതാണ് വ്യാഴാഴ്ച പുലർച്ചെയുണ്ടായ അപകടത്തിനു കാരണം. നിർമാണക്കമ്പനി ഇത്തരം സുരക്ഷാകാര്യങ്ങൾ പാലിക്കുന്നുണ്ടോയെന്നു നോക്കാനും ആളില്ല.

അഞ്ചു റീച്ചുകളിലായി നടക്കുന്ന നിർമാണം കുത്തഴിഞ്ഞ അവസ്ഥയിലാണ്. കമ്പനിയുടെ സേഫ്റ്റി ഓഫീസർ നൽകുന്ന നിർദേശം പാലിച്ചാണ് തൊഴിലാളികൾ പണിചെയ്യുന്നത്. അപകടസമയത്ത് സേഫ്റ്റി ഓഫീസർ സ്ഥലത്തുണ്ടായിരുന്നില്ല. ‌സാധാരണ ലോഞ്ചിങ് ഗാൻട്രിയുടെ സഹായത്തോടെയാണ് ഗർഡറുകൾ സ്ഥാപിക്കുന്നത്. ലോഞ്ചിങ് ഗാൻട്രിയുണ്ടെങ്കിൽ അപകടസാധ്യത കുറവാണ്.

ഉയരപ്പാതനിർമാണമേഖലയിൽ കർശന സുരക്ഷാക്രമീകരണങ്ങളും ദിശാസൂചനകളും വേണമെന്ന് മോട്ടോർവാഹനവകുപ്പ് മാസങ്ങൾക്കു മുൻപേ നിർമാണക്കമ്പനിക്കു നിർദേശം നൽകിയിരുന്നു. അതും അവഗണിക്കപ്പെട്ടു. അപകടം കുറയ്ക്കണമെങ്കിൽ റോഡു വീതികൂട്ടി ടാർചെയ്യണം. ഇതിനു കാലതാമസം വരുത്തി. ഉയരപ്പാതനിർമാണത്തിനു മുൻപേ അതു ചെയ്യേണ്ടിയിരുന്നു.

ഗർഡർ ഘടിപ്പിക്കൽ ഇങ്ങനെ

അരൂർ-തുറവൂർ ഉയരപ്പാതയ്ക്കു വേണ്ട കോൺക്രീറ്റ് ഗർഡറുകൾ തുറവൂരിലെയും ചേർത്തല 11-ാം മൈലിലെയും യാർഡുകളിലാണ് നിർമിക്കുന്നത്. ഇവിടെനിന്ന്‌ തുറന്ന കൂറ്റൻ ട്രക്കുകളിലാണ് ഗർഡറുകൾ നിർമാണസ്ഥലത്ത് എത്തിക്കുന്നത്. തുടർന്ന്, ക്രെയിനുകളിൽ തൂക്കി മുകളിലേക്കുയർത്തും. അല്ലെങ്കിൽ ലോഞ്ചിങ് ഗാൻട്രി കുറുകേ സ്ഥാപിച്ച് അതിന്റെ സഹായത്തോടെയാണ് ഗർഡർ തൂണുകൾക്കു മുകളിൽ സ്ഥാപിക്കുക.

ഇപ്പോൾ അപകടം നടന്ന സ്ഥലം ടോൾപ്ലാസയാണ്. ഇവിടെ തൂണുകൾ കൂടുതലായതിനാൽ ലോഞ്ചിങ് ഗാൻട്രിക്കു വേണ്ടത്ര സ്ഥലമില്ല. അതിനാൽ ക്രെയിനുകളാണ് ഉയർത്താൻ ഉപയോഗിച്ചത്. തൂണുകൾക്കു മുകളിൽ ഹൈഡ്രോളിക് ജാക്കി സ്ഥാപിച്ചിരിക്കും. ഈ ജാക്കി ഉപയോഗിച്ചാണ് തൂണുകൾക്കു മുകളിൽ ഗർഡറുകൾ ഉറപ്പിക്കുന്നത്. തൂണുകൾക്കു മുകളിൽ ചിറകുപോലെയുള്ള പിയർ ക്യാപ്പിനു മുകളിലുള്ള ബിയറിങ്ങിലാണ് ഗർഡറുകൾ വെക്കുന്നത്.

ബിയറിങ്ങിലേക്ക് ഗർഡർ സ്ഥാപിക്കുന്നതിന് അഞ്ചുമുതൽ 10 വരെ മിനിറ്റു വേണം. ഈ വേളയിലാണ് താഴെക്കൂടി വാഹനം കടന്നുപോകുന്നത്. ബിയറിങ്ങിലേക്ക് ഗർഡർ സ്ഥാപിച്ചപ്പോൾ ഒരുഭാഗത്തെ ജാക്കി തകരാറിലാകുകയും ഗർഡർ ചരിയുകയും താഴേക്കു വീഴുകയും ചെയ്തു. ഇതോടെ സമീപത്തെ മറ്റൊരു ഗർഡറും താഴേക്കു വീണാണ് അപകടം സംഭവിച്ചത്.

നഷ്ടപരിഹാരം നൽകുമെന്ന് എൻഎച്ച്എഐ അറിയിച്ചു -കെ.സി. വേണുഗോപാൽ

സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ദേശീയപാതയെ കൊലക്കളമാക്കിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. അശാസ്ത്രീയമായ രീതിയിലാണ് കേരളത്തിൽ പലയിടത്തും ദേശീയപാത നിർമാണം നടക്കുന്നത്. നിർമാണം ആളുകളെ കൊല്ലുന്ന ഒന്നായി മാറരുതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോട് ഫോണിൽ ആവശ്യപ്പെട്ടതായി കെ.സി. വേണുഗോപാൽ പറഞ്ഞു.

സർവീസ് റോഡിന്റെ ശോച്യാവസ്ഥയാണ് അപകടകാരണം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിസ്സംഗത പാലിക്കുന്നത് അംഗീകരിക്കാനാകില്ല. ഗർഡർ തകർന്നുവീണ് ഒരാൾ മരിക്കാനിടയായ സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നടപടിയെടുക്കണം. ദേശീയപാതാ അതോറിറ്റി ചെയർമാന്റെ നിർദേശപ്രകാരം എൻഎച്ച്എഐ അംഗം വെങ്കിട്ടരമണ, കെ.സി. വേണുഗോപാലിനെ സന്ദർശിച്ചു. എംപിയുടെ ആവശ്യപ്രകാരം അപകടത്തിൽ മരിച്ച വ്യക്തിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് വ്യക്തമാക്കി. അദ്ദേഹം വെള്ളിയാഴ്ച അപകടസ്ഥലം സന്ദർശിക്കുമെന്നും എംപി പറഞ്ഞു.

നിർമാണക്കമ്പനിയുടെ പേരിൽ കേസ്

ദേശീയപാതയിൽ അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ എരമല്ലൂരിൽ 80 ടൺ ഭാരമുള്ള കോൺക്രീറ്റ് ഗർഡർ പിക്കപ്പ് വാനിനു മുകളിലേക്കു വീണ് ഡ്രൈവർ മരിച്ചു. ഹൈഡ്രോളിക് ജാക്കി തെന്നിമാറിയാണ് അപകടം. ഹരിപ്പാട് പള്ളിപ്പാട് തെക്കേക്കര കിഴക്ക് ജിഷ്ണുഭവനിൽ രാജേഷ് (48) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ രണ്ടരയ്ക്കാണ് അപകടം.

നാലുമണിക്കൂറിനു ശേഷമാണ് ഗർഡർ ഉയർത്തിമാറ്റി മൃതദേഹം അഗ്നിരക്ഷാസേന പുറത്തെടുത്തത്. അപകടസ്ഥലത്ത് നിർമാണസാമഗ്രികൾ കൂടിക്കിടന്നതിനാൽ ക്രെയിനിന് ഈ ഭാഗത്തേക്ക് വരാൻ കഴിയാഞ്ഞതാണ് വൈകാൻ കാരണം.

തമിഴ്നാട്ടിൽനിന്നു മുട്ടയുമായി ആലപ്പുഴയിലേക്കു വരുമ്പോഴാണ് എരമല്ലൂർ മോഹം ആശുപത്രിക്കു സമീപം പിക്കപ്പ് വാനിലേക്ക് ഗർഡർ വീണത്. ഇവിടെ ഗതാഗതം നിയന്ത്രിക്കാനോ വഴിതിരിച്ചുവിടാനോ ജീവനക്കാർ ഉണ്ടായിരുന്നില്ല. വാഹനം കടന്നുപോകുമ്പോഴാണ് ആദ്യം ഗർഡർ വീണത്. പിന്നാലെ മറ്റൊരെണ്ണം വാഹനത്തിന്റെ കാബിനിന്റെ മുകളിലേക്കും വീണു. ഇതുവഴി കടന്നുപോയ കെഎസ്ആർടിസി ബസ് അപകടം കണ്ട് നിർത്തിയതിനാൽ വൻദുരന്തം ഒഴിവായി.

വേണ്ടത്ര സുരക്ഷാ മുൻകരുതലുകളെടുക്കാതെ നിർമാണം നടത്തിയ കമ്പനിയായ അശോക ബിൽ‍ഡേഴ്സിന്റെ പേരിൽ മനപ്പൂർവമല്ലാത്ത നരഹത്യക്ക്‌ അരൂർ പോലീസ് കേസെടുത്തു. കളക്ടർ അലക്സ് വർഗീസും ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് പൊതുമരാമത്ത് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരുഭാഗത്തെ ജാക്കി തകരാറിലായി

തൂണുകളുടെ മുകളിലെ ചിറകാകൃതിയിലുള്ള പിയർ ക്യാപ്പിനുമേലുള്ള ബിയറിങ്ങിലാണ് ഗർഡറുകൾ സ്ഥാപിക്കുന്നത്. റോഡിനു സമാന്തരമായി ലോഞ്ചിങ് ഗാൻട്രി (റോ‍ഡിന്റെ ഇരുവശത്തും ട്രാക്കുകൾ സ്ഥാപിച്ച് പ്രവർത്തിപ്പിക്കുന്ന ക്രെയിൻ സംവിധാനം) സ്ഥാപിച്ചാണ് തൂണുകൾക്കു മുകളിൽ കോൺക്രീറ്റ് ഗർഡറുകൾ വെക്കുന്നത്. എന്നാലിവിടെ ടോൾപ്ലാസ വരുന്ന ഭാഗമായതിനാൽ കൂടുതൽ തൂണുകളുണ്ട്. അതിനാൽ ലോഞ്ചിങ് ഗാൻട്രി സ്ഥാപിക്കാൻ കഴിയില്ല.

32 മീറ്റർ നീളമുള്ളതാണ് ഗർഡറുകൾ. തൂണുകൾക്ക് മുകളിലെ ഹൈഡ്രോളിക് ജാക്കികൾക്കുമുകളിൽ ഗർഡറുകൾ കയറ്റി ഇവിടെനിന്നു ബിയറിങ്ങിനു മുകളിലേക്ക് ഉയർത്തിമാറ്റുന്നതിനിടെ ഒരു ഭാഗത്തുണ്ടായിരുന്ന ഹൈഡ്രോളിക് ജാക്കി തകരാറിലായി. ഇതോടെ കോൺക്രീറ്റ് ഗർഡർ ചരിഞ്ഞ് താഴേക്കു പതിച്ചു. ഇത് അടുത്തുള്ള മറ്റൊരു ഗർഡറിൽ തട്ടിയതോടെ അതും താഴേക്കുവീണു. ഇതാണ് വാനിനു മുകളിൽ പതിച്ചത്.

സ്ഥിരം ഡ്രൈവർ എത്താതിരുന്നതോടെയാണ് രാജേഷ് വാഹനം ഓടിച്ചതെന്ന് വാനുടമ വിപിൻ വർഗീസ് പറഞ്ഞു. രാജേഷിന്റെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ഷൈലജ. മക്കൾ: ജിഷ്ണുരാജ്, കൃഷ്ണവേണി. അച്ഛൻ: രാജപ്പൻ. അമ്മ: സരസമ്മ.