കൊച്ചി: തിരുവനന്തപുരം നെടുമങ്ങാട് ഒന്നരവയസ്സുകാരൻ ക്രൂര മർദനമേറ്റു മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് സൗമെൻ സെനും ജസ്റ്റിസ് വി.എം. ശ്യാംകുമാറും അടങ്ങിയ ഡിവിഷൻ ബെഞ്ചിേന്റതാണ് നടപടി.

To advertise here,

കുട്ടിയുടെ മുത്തശ്ശിയുടെ പരാതിയിൽ സർക്കാർ നടപടിയെടുക്കാതിരുന്നതെന്തെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. വനിതാ ശിശുവികസന വകുപ്പിനെ കക്ഷിചേർത്ത കോടതി ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ടു. അന്വേഷണപുരോഗതി റിപ്പോർട്ട് മുദ്രവെച്ച കവറിൽ നൽകാൻ നിർദേശിച്ചു. പത്രവാർത്ത മുൻനിർത്തി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിന് കത്തുനൽകിയിരുന്നു. ‍‌വിഷയം വീണ്ടും ജൂലായ് ഒന്നിന് പരിഗണിക്കും.

2026 മേയ് 29നാണ് തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുഞ്ഞു മരിച്ചത്. ആന്തരിക രക്തസ്രാവവും മർദനമേറ്റതുമായിരുന്നു കാരണം. സംഭവത്തിൽ കുട്ടിയുടെ അമ്മയെയും രണ്ടാനച്ഛനെയും പോലീസ് അറസ്റ്റ് ചെയ്തു. കുട്ടി ബാധ്യതയാണെന്ന് കരുതിയാണ് ക്രൂരമായി ഉപദ്രവിച്ചതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. കുട്ടിയുടെ ശരീരത്തിൽ 90 മുറിവുകൾ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.

സിഗരറ്റു കൊണ്ട് പൊള്ളിച്ച പാടുകളും വാരിയെല്ലിന് ഒടിവുമുണ്ടായിരുന്നു. കുട്ടി നേരിടുന്ന പീഡനത്തെക്കുറിച്ച് മുത്തശി ശിശുസംരക്ഷണ യൂണിറ്റിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. 2019-ൽ തൊടുപുഴ കരിമണ്ണൂരിലും സമാനമായ രീതിയിൽ കുട്ടി കൊല്ലപ്പെട്ടിരുന്നു. ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ ഹൈക്കോടതിക്ക് ഉറപ്പുനൽകിയതാണ്. ഇത് പാലിക്കപ്പെട്ടില്ലെന്നും സംവിധാനങ്ങൾ പരാജയപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു.