കൊച്ചി: വിദേശത്ത് വിവാഹിതരായവർക്ക് സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഇന്ത്യയിൽ വിവാഹം രജിസ്റ്റർ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി. ഇവർക്ക് ഫോറിൻ മാര്യേജ് ആക്ട് പ്രകാരമേ വിവാഹം രജിസ്റ്റർ ചെയ്യാനാകുവെന്നും ജസ്റ്റിസ് സി.എസ്. ഡയസ് വ്യക്തമാക്കി. വിദേശത്തുവെച്ച് വിവാഹം കഴിച്ചശേഷം ഇന്ത്യയിലേക്ക് മടങ്ങിയ ദമ്പതിമാർക്ക് വിദേശത്തേക്ക് പോകാതെത്തന്നെ ഓൺലൈൻ വഴി വിവാഹം രജിസ്റ്റർ ചെയ്യാൻ കോടതി അനുമതിയും നൽകി.
തൃശ്ശൂർ സ്വദേശി പി.ജി. വിപിനും ഇൻഡൊനീഷ്യൻകാരിയായ ഭാര്യ മാഡിയ സുഹർത്തികയും നൽകിയ ഹർജി തീർപ്പാക്കിയാണ് ഉത്തരവ്. ഇരുവരും 2014-ൽ ഇൻഡൊനീഷ്യയിൽവെച്ചാണ് വിവാഹിതരായത്. നിലവിൽ തൃശ്ശൂരിലാണ് താമസം. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ ഇവർ അപേക്ഷ നൽകിയെങ്കിലും നിരസിച്ചിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഇന്ത്യയിൽ വിവാഹം നടന്നെങ്കിലേ സ്പെഷ്യൽ മാര്യേജ് ആക്ട് ബാധകമാകൂവെന്ന് കോടതി വ്യക്തമാക്കി. ഇവർ ഫോറിൻ മാര്യേജ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടില്ല. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഓൺലൈനിൽ വിവാഹം നടത്താൻ ഹൈക്കോടതി നേരത്തേ അനുമതി നൽകിയിരുന്നു. ഇത് കണക്കിലെടുത്ത് ഹർജിക്കാരുടെ വിവാഹവും ഓൺലൈൻ വഴി രജിസ്റ്റർചെയ്തുനൽകാൻ കോടതി നിർദേശിച്ചു.
Content Highlights: Kerala HC: Foreign Marriage Registration
Published: 01 Feb 2025, 07:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented