തിരുവനന്തപുരം: നേപ്പാളിലെ മിന്നൽപ്രളയത്തെത്തുടർന്നുണ്ടായ സാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് കേരളം മുഖ്യമന്ത്രി വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ നിർദേശാനുസരണം ചീഫ് സെക്രട്ടറി വിദേശകാര്യ മന്ത്രാലയവുമായി ആശയവിനിമയം നടത്തുന്നുണ്ട്. വിനോദസഞ്ചാരത്തിനായി നേപ്പാളിലെത്തിയ മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം അറിയിക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഫോൺ: 9447111844, 9747132147

To advertise here,

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ 1070 എന്ന ടോൾ ഫ്രീ നമ്പറിലും ബന്ധപ്പെടാം. ബാധിക്കപ്പെട്ടതായി സംശയിക്കുന്ന മലയാളിയുടെ പേര്, യാത്രചെയ്ത തീയതി, ബാധിക്കപ്പെട്ട പ്രദേശത്ത് എത്തിച്ചേർന്നതായി സംശയിക്കുന്ന തീയതി, ഏറ്റവും അവസാനം ബന്ധപ്പെടാൻ സാധിച്ച തീയതി, അദ്ദേഹത്തിന്റെ കൈവശമുള്ള മൊബൈൽ നമ്പർ, യാത്രാ പദ്ധതി തയ്യാറാക്കി നൽകിയ ഏജൻസിയുടെ പേര് എന്നിവ സഹിതമാണ് അറിയിക്കേണ്ടത്. ലഭ്യമാകുന്ന വിവരങ്ങൾ സംഗ്രഹിച്ച് നേപ്പാൾ സർക്കാരിന് കൈമാറുമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

അപകടത്തിൽപ്പെട്ടെന്ന് സംശയിക്കുന്ന ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങൾ തേടുന്നതിനായി നേപ്പാളിലെ ഇന്ത്യൻ എംബസിയും എമർജൻസി ഹെൽപ്പ് ലൈൻ നമ്പർ സംവിധാനിച്ചിട്ടുണ്ട് വാട്‌സാപ്പ് വഴിയായിരിക്കണം ബന്ധപ്പെടേണ്ടത്. നമ്പറുകൾ: +977 985 131 6807, +977 970 910 7500

അതേസമയം വിനോദ സഞ്ചാരത്തിനായി നേപ്പാളിൽ പോയ തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലെ നാലുപേർ ഉൾപ്പെടെയുള്ള മലയാളികൾ സുരക്ഷിതരാണെന്ന് സന്ദീപ് വാര്യർ എം.എൽ.എ. അറിയിച്ചു. അവരുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ മനസ്സിലാക്കിയെന്നും എം.എൽ.എ. പറഞ്ഞു.