തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വർധിച്ചുവരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകുമെന്നും അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അവലോകനയോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

To advertise here,

‘ശാരീരികമായി ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പോലെ തന്നെ മാനസികമായ അസ്വാസ്ഥ്യങ്ങളും, ഒരു ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തിയിട്ടുണ്ട്. നമ്മുടെ പ്രതീക്ഷ അനുസരിച്ച് വേനൽ മഴ രണ്ടുദിവസത്തിനുള്ളിൽ വന്നേക്കും. ആരോഗ്യപ്രശ്‌നങ്ങളോടൊപ്പം ചൂട് വർധിക്കുന്ന സാഹചര്യത്തിൽ തീപ്പിടിത്തം, പാമ്പ് കടി മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങൾ എന്നിവയിൽ ജാഗ്രത പാലിക്കണമെന്ന് എല്ലാ വകുപ്പുകളോടും പൊതുജനങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.’

‘ധാരാളം വെള്ളം കുടിച്ചും അവശ്യമായ ശാരീരിക വിശ്രമം എടുത്തുകൊണ്ടും പ്രതിരോധിക്കാൻ കഴിയണം. പകൽ സമയത്ത് അനാവശ്യ യാത്രകൾ ഒഴിവാക്കണം. സർക്കാരിന്റെ പ്രോട്ടോക്കോൾ അനുസരിച്ച് ഒരു ലോക്ക്ഡൗണിന്റെ മാനസികാവസ്ഥയോടുകൂടി തുരാൻ കഴിയുന്നവർ അങ്ങനെ തുടരണം. പ്രത്യേകിച്ച് ഹൃദ്രോഗം, പ്രമേഹം, ചർമരോഗങ്ങൾ, ക്യാൻസർ പോലെയുള്ള ആരോഗ്യപ്രശ്‌നമുള്ളവർ പ്രത്യേകമായി ശ്രദ്ധിക്കണം. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും കുട്ടികളും ആൽബനിസം പോലെയുള്ള രോഗങ്ങളുള്ളവർ സർക്കാരിന്റെ പ്രോട്ടോക്കോൾ അനുസരിച്ച് ഒരു സെൽഫ് ലോക്ക് ഡൗണിന് വിധേയമാകണമെന്നാണ് അഭ്യർഥന. രണ്ടുമൂന്നുദിവസത്തേക്ക് അനാവശ്യമായ യാത്രകൾ ഒഴിവാക്കണം.’

ലോക്കൽ ഹീറ്റ് ആക്ഷൻ പ്ലാൻ തയ്യാറാക്കാനുള്ള ചുമതല തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ട്. തൊഴിലിടങ്ങളിൽ ആളുകൾക്ക് ആവശ്യമായ വിശ്രമം നൽകണമെന്നും മന്ത്രി പറഞ്ഞു. തൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട നിർദേശം നേരത്തേ തന്നെ നൽകിയിട്ടുണ്ട്. ആനകൾക്ക് ചൂട് ഏൽക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സംഘാടകരുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും ആന ഇടഞ്ഞുപോകാതിരിക്കാൻ ചാക്ക്, ചവിട്ടി പോലെയുള്ളവ ഉപയോഗിച്ച് എപ്പോഴും വെള്ളം കൊടുത്ത് തണുപ്പിക്കാനുള്ള സാഹചര്യം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.