ചെട്ടികുളങ്ങര: തദ്ദേശസ്ഥാപനങ്ങൾ സ്ഥലം കണ്ടെത്താത്തതുമൂലം സംസ്ഥാനത്തെ ആരോഗ്യ ഉപകേന്ദ്രങ്ങൾക്ക് കെട്ടിടം നിർമിക്കാൻ 15-ാം ധനകാര്യ കമ്മിഷൻ അനുവദിച്ച ഹെൽത്ത് ഗ്രാൻറ് നഷ്ടമായേക്കും. 2026 മാർച്ചിൽ പദ്ധതിയുടെ കാലാവധി തീരും. അതിനുമുൻപ് സ്ഥലം കണ്ടെത്തിയില്ലെങ്കിൽ കേന്ദ്രഫണ്ട് പാഴാകും.

To advertise here,

ആരോഗ്യപരിപാലന രംഗത്തെ ആറു പദ്ധതികൾ മെച്ചപ്പെടുത്താൻ കേരളത്തിന് 2,968 കോടി രൂപയാണ്‌ അനുവദിച്ചത്. ഉപകേന്ദ്രങ്ങൾക്കുള്ള കെട്ടിടം പണിയുന്നതിനാണ് പ്രഥമ പരിഗണന. സംസ്ഥാനത്ത് 5,415 ഉപകേന്ദ്രങ്ങളാണുള്ളത്. ഇതിൽ 1,260 എണ്ണത്തിന് സ്വന്തം കെട്ടിടമില്ല. 640 ഉപകേന്ദ്രങ്ങൾ വാടകക്കെട്ടിടങ്ങളിലും 620 എണ്ണം തദ്ദേശസ്ഥാപനങ്ങൾ വിട്ടുകൊടുത്ത കെട്ടിടങ്ങളിലുമാണ് പ്രവർത്തിക്കുന്നത്.

പുതിയകെട്ടിടം പണിയാൻ തദ്ദേശസ്ഥാപനങ്ങൾ അഞ്ചുസെൻറിൽ കുറയാത്ത സ്ഥലമേറ്റെടുത്തു കൊടുക്കണമെന്നാണ് കേന്ദ്ര നിബന്ധന. ഒരു കെട്ടിടത്തിന് 55 ലക്ഷം രൂപയാണ് ഗ്രാന്റ്. 1,000 മുതൽ 1,300 വരെ ചതുരശ്ര അടി വിസ്താരമുണ്ടാകും.

സ്ഥലം കണ്ടെത്താൻ തദ്ദേശസ്ഥാപനങ്ങൾക്ക് തനതുഫണ്ട് വിനിയോഗിക്കാമെന്ന് 2023-ൽ സംസ്ഥാന സർക്കാർ നിർദേശിച്ചിരുന്നു. എന്നിട്ടും വലിയ പുരോഗതിയുണ്ടായില്ല. കെട്ടിടം നിർമിക്കാൻ ഇതുവരെ കേന്ദ്രഫണ്ടിലെ 998 കോടി രൂപയേ ഉപയോഗിച്ചുള്ളൂ. തനതുഫണ്ടിന്റെ കുറവാണ് സ്ഥലംകണ്ടെത്തുന്നതിലെ പ്രധാന തടസ്സമെന്നു പറയുന്നു.

ഇന്ത്യൻ പബ്ലിക് ഹെൽത്ത് സ്റ്റാൻഡേർഡ്സ് (ഐപിഎച്ച്എസ്) നിശ്ചയിച്ചിരിക്കുന്ന നിലവാരത്തിലേക്ക് ഉപകേന്ദ്രങ്ങളെ ഉയർത്തുന്നതിന്റെ ഭാഗമായാണു പദ്ധതി.

5,000 പേർക്ക് ഒരു ഉപകേന്ദ്രം വേണമെന്നാണ് കേന്ദ്ര നിർദേശം. ആഴ്ചയിൽ മൂന്ന് ക്ലിനിക്, ആരോഗ്യ ബോധവത്കരണ ക്ലാസ്, പ്രതിരോധ കുത്തിവെപ്പ് തുടങ്ങിയവയാണ് ഉപകേന്ദ്രങ്ങളിലെ പ്രധാന പ്രവർത്തനം. ഓരോ കേന്ദ്രത്തിലും മൂന്ന് സ്ഥിരംജീവനക്കാരും ആശമാരുമുണ്ടാകും.