പന്തളം: പാചകത്തിനുള്ള ആഹാരസാധനങ്ങൾ സൂക്ഷിക്കുന്നതും കഴുകുന്നതും ശൗചാലയത്തിൽ. ശൗചാലയമാലിന്യം ഒഴുക്കുന്നത് പാടത്തേക്ക്. മൃഗങ്ങളെയും കോഴിയെയും കശാപ്പുചെയ്യുന്നതിന്റെ അവശിഷ്ടം ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കൽ... അതിഥിത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തെ കാഴ്ചകളാണിത്. പലതവണ പറഞ്ഞിട്ടും മാറ്റമില്ലാതെ വന്നപ്പോൾ ആരോഗ്യവകുപ്പ് കെട്ടിടം പൂട്ടി ഉടമസ്ഥനെതിരേ കേസെടുത്തു.

To advertise here,

കടയ്ക്കാട് സ്വദേശികളുടെ കെട്ടിടമാണ് ബുധനാഴ്ച ആരോഗ്യവകുപ്പും നഗരസഭയിലെ ആരോഗ്യവിഭാഗവും ചേർന്ന് പൂട്ടിച്ചത്. ഒരുമാസംമുമ്പ് കടയ്ക്കാട് കുടുംബാരോഗ്യകേന്ദ്രത്തിന് സമീപമുള്ള രണ്ട്‌ കെട്ടിടം വൃത്തിഹീനമായി പ്രവർത്തിച്ചതിനെത്തുടർന്ന് അടപ്പിച്ചിരുന്നു. പാടത്തേക്ക് മാലിന്യം ഒഴുക്കൽ, ഇടുങ്ങിയ മുറിയിലെ താമസം, വൃത്തിഹീനമായ ശൗചാലയങ്ങൾ, മുറികളിൽ മാലിന്യം കൂട്ടിവെയ്ക്കൽ ദുർഗന്ധം, പാചകവാതക സിലിൻഡറുകൾ അലക്ഷ്യമായി സൂക്ഷിക്കൽ എന്നിവയെല്ലാം അന്ന് പരിശോധനയിൽ കണ്ടെത്തി.

സാമൂഹികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. ആർ. ഹരികുമാർ, നഗരസഭാ സെക്രട്ടറി ഇ.ബി. അനിത, ഹെൽത്ത് ഇൻസ്പെക്ടർ റസിയ ബീഗം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.എസ്. സജിത്ത്, കെ.ബി. മുകേഷ്, എസ്. ജയകുമാർ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.