തിരുവനന്തപുരം: ‘പോറ്റിയെ കേറ്റിയേ’ എന്ന പാര‍ഡി ഗാനത്തിൽ കേസെടുക്കാനുള്ള നീക്കം ഉപേക്ഷിച്ച് സംസ്ഥാന സർക്കാർ. നേരത്തെ എടുത്ത കേസുകൾ പിൻവലിക്കാനും തുടർ നടപടികൾ വേണ്ടെന്നുവെക്കാനും സർക്കാർ തീരുമാനിച്ചു. ഗാനത്തിൽ കൂടുതൽ കേസെടുക്കേണ്ടതില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി ജില്ല പോലീസ് മേധാവിമാർക്ക് നിർദേശം നൽകി.

To advertise here,

അയ്യപ്പ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്ന് കാണിച്ച് തിരുവാഭരണപാത സംരക്ഷണസമിതി നൽകിയ പരാതിയിലായിരുന്നു കേസെടുത്തത്. പിന്നാലെ നിരവധി പരാതികൾ വന്നിരുന്നു. കേസുകളിലൊന്നും തുടർനടപടികളിലേക്ക് കടക്കേണ്ടതില്ലെന്നാണ് തീരുമാനം. കോടതിയിൽ തിരിച്ചടി ലഭിച്ചേക്കുമെന്ന വിലയിരുത്തലാണ് സർക്കാരിനെ മാറ്റിച്ചിന്തിപ്പിച്ചത്.

പാരഡിയിൽ കേസെടുക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. വിഷയം പ്രതിപക്ഷം ആയുധമാക്കുകയും ചെയ്തു. പാര‍ഡി ഗാനവും തുടർന്നുണ്ടായ സംഭവങ്ങളും ഇടതുപക്ഷത്തിന് ക്ഷീണമുണ്ടാക്കുകയും ചെയ്തു. പിന്നാലെയാണ് കേസുമായി മുന്നോട്ട് പോകാതെ സർക്കാർ പിന്തിരിയുന്നത്.

‘പോറ്റിയെ കേറ്റിയേ’ എന്ന പാരഡി ഗാനത്തിന്റെ ലിങ്കുകൾ സമൂഹമാധ്യമത്തിൽനിന്ന് നീക്കംചെയ്യണമെന്ന പോലീസ് നിർദേശത്തിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മെറ്റയ്ക്ക് കത്തു നൽകിയിരുന്നു. കോടതിയുടെ നിർദേശം ഇല്ലാത്ത സാഹചര്യത്തിൽ ഈ ഗാനം നീക്കംചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.