തിരുവനന്തപുരം: എക്‌സ് ഒഫീഷ്യൊ സെക്രട്ടറിക്ക്, സെക്രട്ടറിമാർക്ക് സമാനമായി സർക്കാർ ഉത്തരവിറക്കാൻ അധികാരംനൽകിയത് ഡോ. തോമസ് ഐസക്കിനെ വിജ്ഞാനകേരളം ഉപദേശകനായി നിയമിച്ചതുസംബന്ധിച്ച കേസിൽ സർക്കാർ തിരിച്ചടി ഭയന്നാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എക്‌സ് ഒഫീഷ്യൊ സെക്രട്ടറിയെന്നനിലയിൽ ഡോ. കെ.എം. എബ്രഹാം ഇറക്കിയ ഉത്തരവിലൂടെയാണ് തോമസ് ഐസക് നിയമിതനായത്.
മുൻമന്ത്രി തോമസ് ഐസക്കിനെ നിയമിച്ചതിനെതിരേ ഹൈക്കോടതിയിൽവന്ന കേസിൽ നിയമനത്തിന്റെ ആധികാരികതയും ചോദ്യംചെയ്യുന്നുണ്ട്. കെ-ഡിസ്‌കിന്റെ എക്‌സിക്യുട്ടീവ് വൈസ് ചെയർപേഴ്‌സൻ പ്ലാനിങ് ആൻഡ് ഇക്കണോമിക് അഫയേഴ്‌സ് വകുപ്പിന്റെ എക്‌സ് ഒഫീഷ്യൊ സെക്രട്ടറിയെന്നാണ് കൗൺസിലിന്റെ നിയമത്തിലെ വ്യവസ്ഥ. ഈ സ്ഥാനത്തിരിക്കുന്ന കെ.എം. എബ്രഹാമാണ് ഐസക്കിന്റെ നിയമന ഉത്തരവിറക്കിയത്.
പൊതുതാത്പര്യ ഹർജിയായി പരിഗണിക്കുന്ന കേസിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയെയും നിയമിച്ചു. അമിക്കസ് ക്യൂറി റിപ്പോർട്ടിൽ ഐസക്കിന്റെ നിയമനം നിലവിലില്ലാത്ത ഒരു വകുപ്പിനു കീഴിലാണെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. എക്‌സ് ഒഫീഷ്യൊ സെക്രട്ടറിയെന്നനിലയിൽ അദ്ദേഹത്തിന്റെ നിയമന ഉത്തരവിനും സാധൂകരണമില്ലെന്ന പരാമർശവുമുണ്ട്.
ഇതിനുള്ള മറുപടിയിൽ എക്‌സ് ഒഫീഷ്യൊ സെക്രട്ടറിക്കും സർക്കാർ ഉത്തരവിറക്കാൻ അധികാരം നൽകിയിട്ടുണ്ടെന്ന വിവരം സർക്കാർ കോടതിയെ അറിയിച്ചു.
സർക്കാരിന്റെ ബിസിനസ് റൂൾസിൽ എക്‌സ് ഒഫീഷ്യൊ സെക്രട്ടറിക്ക് സർക്കാർ ഉത്തരവിറക്കാൻ അധികാരമുണ്ടായിരുന്നില്ല. ശാസ്ത്രസാങ്കേതിക കൗൺസിൽ എക്‌സിക്യുട്ടീവ് ചെയർമാനെ ആ വകുപ്പിന്റെ എക്‌സ് ഒഫീഷ്യൊ സെക്രട്ടറിയായി നിയമിക്കുന്ന കീഴ്‌വഴക്കം സർക്കാരിൽ നേരത്തേത്തന്നെ നിലവിലുണ്ട്. ഈ പദവി ഏതാണ്ട് ആലങ്കാരികമാണ്. പ്ലാനിങ് ആൻഡ് ഇക്കണോമിക് അഫയേഴ്‌സ് വകുപ്പിന്റെ അസ്ഥിത്വംതന്നെ അമിക്കസ് ക്യൂറി ചോദ്യംചെയ്തതിനാൽ ആ വകുപ്പിന്റെ എക്‌സ് ഒഫീഷ്യൊ സെക്രട്ടറി എന്നനിലയിൽ ഇറക്കിയ ഉത്തരവുകളും ചോദ്യംചെയ്യപ്പെടാം.
ഈ സാഹചര്യം മുന്നിൽക്കണ്ടാണ് പുതിയ വിജ്ഞാപനമിറക്കിയത്.
എതിർത്ത് ഐഎഎസ് അസോസിയേഷൻ
എക്‌സ് ഒഫീഷ്യൊ സെക്രട്ടറിമാരെ സർക്കാർ ഉത്തരവുകൾ ഇറക്കാൻ അധികാരപ്പെടുത്തുന്നതിനെതിരേ ഐഎഎസ് അസോസിയേഷൻ ചീഫ് സെക്രട്ടറിക്ക് കത്തുനൽകും. സാമ്പത്തികവും ഭരണപരവും നിയമപരവുമായ പരിശോധനനടത്തി ഇറക്കുന്ന സർക്കാർ ഉത്തരവുകൾ ഭരണസംവിധാനത്തിനുള്ളിലൂടെ കടന്നുപോകേണ്ടതാണ്. പുതിയ ഭേദഗതി ഭാവിയിൽ ദുരുപയോഗിക്കപ്പെടാം. ആവശ്യമെങ്കിൽ നിയമനടപടികളെടുക്കണമെന്നും സംഘടനയ്ക്കുള്ളിൽ അഭിപ്രായമുണ്ട്.
ആർക്കും ഉത്തരവിറക്കാവുന്ന സ്ഥിതി -ആക്‌ഷൻ കൗൺസിൽ
ഭേദഗതിലൂടെ ആരെക്കൊണ്ടുവേണമെങ്കിലും ഉത്തരവിറക്കിക്കാൻ കഴിയുന്ന സ്ഥിതിയാണെന്ന് സെക്രട്ടേറിയറ്റ് ആക്‌ഷൻ കൗൺസിൽ കുറ്റപ്പെടുത്തി. ഉത്തരവിറക്കേണ്ടയാളിന് എക്‌സ് ഒഫീഷ്യൊ സെക്രട്ടറി പദവി നൽകിയാൽമതി. സർക്കാർ വകുപ്പുകൾക്കുമാത്രമുള്ള അധികാരം ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം രൂപംകൊടുത്ത സ്ഥാപനങ്ങളുടെ ചുമതലക്കാർക്ക് നൽകി അവരെക്കൊണ്ട് ഭരണകർത്താക്കൾ ആഗ്രഹിക്കുന്ന ഉത്തരവുകൾ ഇറക്കാനാണ് ശ്രമമെന്ന് ആക്‌ഷൻ കൗൺസിൽ കൺവീനർ എം.എസ്. ഇർഷാദ് പറഞ്ഞു.
Content Highlights: kerala government faces scrutiny over thomas Isaac appointment
Published: 18 Jun 2025, 09:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented