
ചാരുംമൂട്: 'വാപ്പിക്ക് വലിയ ശിക്ഷ കൊടുക്കരുതേ... എനിക്ക് അമ്മായുടെ കൂടെ പോയാല്‍ മതി. അമ്മായാണ് എന്നെ നോക്കിയത്'- പിതാവിന്റെ മര്‍ദനമേറ്റ് മനസ്സും ശരീരവും നൊന്തെങ്കിലും ആ കുഞ്ഞുമനസ്സില്‍ ഉപ്പയോടുള്ള സ്‌നേഹം മുറിഞ്ഞിരുന്നില്ല. സംരക്ഷണം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അഭിപ്രായംതേടിയപ്പോഴാണ് ആ നാലാംക്ലാസുകാരി ഇങ്ങനെ പറഞ്ഞത്.
കുട്ടിയെ ചേര്‍ത്തല മായിത്തറയിലെ സര്‍ക്കാര്‍ ഹോമിലേക്കു മാറ്റാന്‍ ആലോചിച്ചിരുന്നെങ്കിലും അമ്മൂമ്മയോടൊപ്പം (പിതൃമാതാവ്) പോകാനാണ് കുട്ടി ആഗ്രഹമറിയിച്ചതെന്ന് ആലപ്പുഴ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വസന്തകുമാരിയമ്മ 'മാതൃഭൂമി'യോടു പറഞ്ഞു. തുടര്‍ന്നാണ് കുട്ടിയുടെ സംരക്ഷണച്ചുമതല അച്ഛനില്‍നിന്ന് അമ്മൂമ്മയിലേക്കു മാറ്റിയത്. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി കുട്ടിയെ കാണാന്‍ ശനിയാഴ്ച എത്തും. ആലപ്പുഴ ശിശുസംരക്ഷണ ഓഫീസറോട് റിപ്പോര്‍ട്ട് തേടിയതായി കമ്മിഷന്‍ അംഗം അഡ്വ. ജലജാചന്ദ്രന്‍ പറഞ്ഞു.
പിതാവും രണ്ടാനമ്മയും പിടിയില്‍
ചാരുംമൂട്: നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ ക്രൂരമായി മര്‍ദിച്ച കേസിലെ പിതാവിനെയും രണ്ടാനമ്മയയെയും ചെങ്ങന്നൂര്‍ ഡിവൈഎസ്പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണംതടത്തില്‍ അന്‍സാര്‍, രണ്ടാം ഭാര്യ ഷെഫിന എന്നിവരാണ് പിടിയിലായത്. അന്‍സാറിനെ പത്തംതിട്ട ജില്ലയിലെ കടമാന്‍കുളത്തുനിന്നും ഷെഫീനയെ കൊല്ലം ജില്ലയിലെ ചക്കുവള്ളിയില്‍ നിന്നുമാണ് പിടികൂടിയത്.
ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അന്‍സാറെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്കുവേണ്ടി ഡിവൈഎസ്പിയുടെ കീഴില്‍ അഞ്ചു പ്രത്യേക വിഭാഗങ്ങളായി തിരിഞ്ഞ് രണ്ടുദിവസമായി പോലീസ് തിരച്ചില്‍ നടത്തിവരുകയായിരുന്നു. ?
കുട്ടിയെ മര്‍ദിച്ചതു കണ്ടെത്തിയ ബുധനാഴ്ച പോലീസ് അന്വേഷണം തുടങ്ങിയതോടെ വീടുപൂട്ടി ദമ്പതിമാര്‍ മുങ്ങുകയായിരുന്നു. ഇതിനുശേഷം അന്‍സാര്‍ രാത്രി വീട്ടിലെത്തി പിതാവ് നിസാറുദീനെ ആയുധംകാട്ടി ഭീഷണിപ്പെടുത്തിയതായും പറയുന്നു. സംഭവശേഷം ഇവരുടെ ഇരുനില വീട് പൂട്ടിയിട്ടിരിക്കുകയാണ്. കുട്ടി അമ്മൂമ്മയോടൊപ്പം ശൂരനാട്ടെ ബന്ധുവീട്ടിലാണ്.
പ്രകോപനമായത് അമ്മൂമ്മയുമായുള്ള അടുപ്പം
ചാരുംമൂട്: അമ്മൂമ്മയുമായുള്ള അമിതഅടുപ്പം ചാരുംമൂട്ടില്‍ നാലാംക്ലാസുകാരിയെ പിതാവും രണ്ടാനമ്മയും മര്‍ദിക്കുന്നതിലേക്കു നയിച്ചെന്നു സൂചന. രണ്ടുമാസം മുന്‍പാണ് കുട്ടിയും കുടുംബവും പുതിയ വീട്ടിലേക്കു താമസം മാറിയത്. അതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു.
കുട്ടിയുടെ പിതാവ് അന്‍സാറിന്റെ കുടുംബവീടിനോടു ചേര്‍ന്നുള്ള താഴത്തെ പറമ്പിലാണ് പുതിയ വീട്. മാതാപിതാക്കള്‍, അന്‍സാറിന്റെ കുടുംബം, അനുജന്റെ കുടുംബം തുടങ്ങിയവരെല്ലാം ഒരുമിച്ചാണ് പഴയവീട്ടില്‍ താമസിച്ചിരുന്നത്. അപ്പോള്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായിരുന്നതായി നാട്ടുകാര്‍ക്ക് അറിവില്ല. പുതിയ വീട്ടിലേക്കു മാറിയശേഷം പലപ്പോഴും പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ബഹളം കേട്ടിരുന്നെന്നും ഇവര്‍ പറയുന്നു.
അന്‍സാറിന്റെ മാതാവും കുട്ടിയും രാത്രി ഉറങ്ങാനായി പുതിയ വീട്ടില്‍ പോകുമായിരുന്നു. എന്നാല്‍, അന്‍സാറിന്റെ ഭാര്യയുമായി വഴക്കുണ്ടായതോടെ അമ്മൂമ്മ ആ വീട്ടിലേക്കു പോകാതെയായി. എങ്കിലും കുട്ടി ഉറങ്ങിയിരുന്നത് അച്ഛനും രണ്ടാനമ്മയ്ക്കുമൊപ്പമായിരുന്നു. അമ്മൂമ്മയുമായി കുട്ടി അടുപ്പം തുടര്‍ന്നത് ഇവര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല.
അമ്മയില്ലാത്ത കുട്ടിയെ ഏഴുദിവസം പ്രായമുള്ളപ്പോള്‍മുതല്‍ നോക്കിയത് അമ്മൂമ്മയായിരുന്നു. അതിനാല്‍ അമ്മൂമ്മയോടുള്ള അടുപ്പം കുട്ടിക്ക് ഒഴിവാക്കാനായില്ല. ഇതിനിടെ പഴയ വീട്ടിലേക്കു കുട്ടി പോയതാണ് പ്രകോപനത്തിനു കാരണമായതെന്ന് അയല്‍ക്കാര്‍ പറയുന്നു. ഇക്കാര്യം എഴുതിവെച്ച കത്തിലും കുട്ടി സൂചിപ്പിക്കുന്നുണ്ട്.
മിടുക്കിയായിരുന്നു, കുട്ടിയുടെ അമ്മയും
: അന്‍സാറിന്റെ ആദ്യ ഭാര്യയെക്കുറിച്ചും നാട്ടുകാര്‍ക്ക് പറയാന്‍ ഏറെ. 'മിടുക്കിയായിരുന്നു. വിദ്യാഭ്യാസമുള്ള കുട്ടി. പ്രണയവിവാഹമായിരുന്നു. പ്രസവിച്ച് ഏഴാംദിവസമാണ് മരിച്ചത്.
ശേഷം 17 ദിവസം കഴിഞ്ഞപ്പോള്‍ ഏതോ സര്‍ക്കാര്‍ ജോലിക്ക് കത്തു വന്നിരുന്നു. പല പരീക്ഷകളും എഴുതി ജോലിക്കായി കാത്തിരിക്കുകയായിരുന്നു അവള്‍'- അയല്‍ക്കാര്‍ ഓര്‍ക്കുന്നു.
സ്‌കൂള്‍ ലീഡര്‍; പഠനത്തിലും മിടുക്കി
പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മിടുക്കിയാണ് പെണ്‍കുട്ടി. സ്‌കൂള്‍ ലീഡറാണ്. മുന്‍പ് എന്തെങ്കിലും പ്രശ്‌നമുള്ളതായി അറിവില്ല. എല്‍കെജി മുതല്‍ ഇവിടെ പഠിക്കുന്നു. എല്ലാറ്റിലും മികവു തെളിയിച്ചവള്‍. സ്‌കൂളിന്റെ അഭിമാനം. അവള്‍ക്കാണ് ഈ ദുരവസ്ഥ. അറിഞ്ഞപ്പോള്‍ത്തന്നെ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു- എ. സബീന (പ്രഥമാധ്യാപിക)
ആരോടും അടുപ്പമില്ലാതെ മാതാപിതാക്കള്‍
: ആദിക്കാട്ടുകുളങ്ങര കഞ്ചുകോട് പൂവണ്ണം തടത്തില്‍ അന്‍സാര്‍, രണ്ടാം ഭാര്യ ഷെഫിന എന്നിവരെക്കുറിച്ച് സമീപവാസികള്‍ക്ക് മോശം അഭിപ്രായമില്ല. കണ്ടാല്‍ പുഞ്ചിരിതൂകി മറയുന്ന പ്രകൃതക്കാരാണ്. പക്ഷേ, സംസാരമോ അടുപ്പമോ ഇല്ലായിരുന്നു. അന്‍സാറിന്റെ ആദ്യ ഭാര്യയിലെ കുട്ടിയായ നാലാംക്ലാസുകാരിയെയും രണ്ടാംഭാര്യയിലെ കുട്ടിയെയും ഒരുപോലെയാണ് നോക്കിയിരുന്നതെന്നാണ് മനസ്സിലാക്കിയിട്ടുള്ളതെന്ന് അയല്‍വാസികള്‍ പറഞ്ഞു.
ആദ്യ ഭാര്യയുടെ മരണശേഷം മൂന്നുവര്‍ഷം കഴിഞ്ഞപ്പോഴാണ് ബന്ധുകൂടിയായ ഷെഫിനയെ അന്‍സാര്‍ വിവാഹം ചെയ്തത്. ആക്രിക്കച്ചവടം, സീസണുകളില്‍ പഴവര്‍ഗവില്‍പ്പന എന്നിങ്ങനെ പല തൊഴിലുകളാണ് അന്‍സാര്‍ ചെയ്യുന്നത്. കൃത്യമായ വിവരം സമീപവാസികള്‍ക്കുമില്ല.
സ്‌കൂള്‍ അധികൃതര്‍ക്കു മുന്നില്‍ ഇരുവരും ഒരുകാര്യത്തിനും പോയിട്ടില്ല. ഒരുമാസം മുന്‍പ് കുട്ടിയുടെ കാലിലെ മുറിപ്പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോഴും സ്‌കൂള്‍ അധികൃതര്‍ അന്‍സാറിനെ വിളിച്ചെങ്കിലും ഫോണെടുത്തില്ല.ഇതുവരെ കുട്ടിയുടെ ഒരാവശ്യത്തിനും ഇവര്‍ എത്തിയിട്ടില്ലെന്നും അന്‍സാറിന്റെ മാതാപിതാക്കളാണ് എത്താറുള്ളതെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.
Content Highlights: Child Abuse Case in Kerala: Girl Chooses Grandmother's Care Over Father's Punishment
Published: 09 Aug 2025, 06:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented