കോട്ടയം: വന്യജീവിയാക്രമണങ്ങളില്‍ നഷ്ടപരിഹാരത്തുക നല്‍കാന്‍ പണമില്ലാതെ വനംവകുപ്പ്. മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് നല്‍കുന്ന 10 ലക്ഷം രൂപ തങ്ങളുടെ വിഹിതമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും അതിന് പ്രത്യേകം തുക അനുവദിക്കുന്നില്ല. സംസ്ഥാനസര്‍ക്കാരിനും സാമ്പത്തികപ്രതിസന്ധി ബാധിച്ചതോടെ ഇക്കോഡിവലപ്‌മെന്റ്് സംഘങ്ങളില്‍നിന്ന് വായ്പയെടുക്കാന്‍ ഡി.എഫ്.ഒ.മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കയാണ്.

To advertise here,

24-25 സാമ്പത്തികവര്‍ഷം 23 പേരാണ് അക്രമത്തില്‍ മരിച്ചത്. 2.30 കോടി രൂപ നഷ്ടപരിഹാരം വേണ്ടിവന്നിടത്ത് മുഴുവന്‍ കൊടുക്കാനായിട്ടില്ല. 23-24 വര്‍ഷം മരണം, പരിക്ക് എന്നിവയില്‍ 21.79 കോടി രൂപ ചെലവിട്ടു. ഇതിനുമുന്‍പുള്ള മൂന്നുവര്‍ഷത്തെ കുടിശ്ശിക ചേര്‍ത്തുള്ള തുകയായിരുന്നു ഇത്. ഇക്കൊല്ലം മരണം, പരിക്ക്, കൃഷിനാശം എന്നിവയ്‌ക്കെല്ലാം അധികതുക കണ്ടെത്താന്‍ മന്ത്രി 10 കോടി രൂപ അടിയന്തരസഹായം കേന്ദ്രത്തോട് ചോദിച്ചിരുന്നു.

ആന, കടുവാ പ്രോജക്ടുകളില്‍നിന്ന് പണമെടുക്കാനാണ് കേന്ദ്രം പറഞ്ഞത്. പക്ഷേ, ഈ പദ്ധതികളില്‍ ശമ്പളം, ഉദ്യാനനടത്തിപ്പ് എന്നിവ കഴിഞ്ഞ് നാമമാത്രതുകയേ മിച്ചംവരൂ. റിസര്‍വ് രജിസ്റ്റര്‍ചെയ്ത സംസ്ഥാനത്തിന് ഇതില്‍നിന്ന് ദുരിതാശ്വാസ ധനം എടുക്കാം. വ്യക്തികള്‍ക്ക് അപകടമുണ്ടാകുന്നത് ആ സംസ്ഥാനത്തിന്റെ പരിധിയിലാണെങ്കിലേ ഈ തുക ഉപയോഗിക്കാനാകൂ. 

ഉദാഹരണത്തിന് വയനാട്ടിലെ കടുവ, ആന അക്രമത്തില്‍ പ്രോജക്ടിന്റെ പൈസ കേരളത്തിന് എടുക്കാന്‍കഴിയില്ല. കാരണം റിസര്‍വ് സ്ഥിതിചെയ്യുന്നത് തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനം കേന്ദ്രീകരിച്ചാണ്. കേരളത്തിന് കടുവാപ്രോജക്ടില്‍ 23-24 വര്‍ഷം കേന്ദ്രവിഹിതം 10.05 കോടിയായിരുന്നു. തന്നത് 6.50 കോടി. സംസ്ഥാനവിഹിതമായ 6.70 കോടിയില്‍ കിട്ടിയത് 5.52 കോടിയും. ആനപ്രോജക്ടില്‍ ഇതേവര്‍ഷം വിഹിതം യഥാക്രമം 7.80 കോടിയും 3.42 കോടിയും വീതമാണ്. അനുവദിച്ചത് അഞ്ചുകോടിയും 2.22 കോടിയും മാത്രം.

സംയുക്ത വന്യജീവിസംരക്ഷണപദ്ധതിയില്‍ 10.98 കോടിയാണ് അനുവദിച്ചത്. 5.33 കോടി കേന്ദ്രവിഹിതം. ബാക്കി സംസ്ഥാനം. ഇത് പക്ഷേ, വനമേഖലയില്‍നിന്ന് ആളുകളെ പുനരധിവസിപ്പിക്കാന്‍മാത്രമേ ഉപയോഗിക്കാനാകൂ.