ശ്രീകണ്ഠപുരം (കണ്ണൂർ): മൂന്നരമാസമായി നോക്കിവളർത്തിയ രണ്ട് ക്വിന്റലോളം മത്സ്യങ്ങളെ നഷ്ടമായതിന്റെ വേദനയിലാണ് മലപ്പട്ടം മേപ്പറമ്പിലെ എ.വി.നാരായണൻ. ഒറ്റരാത്രികൊണ്ട് എഴുന്നൂറോളം വരാലുകളാണ് നാരായണന് നഷ്ടമായത്.
200 മുതൽ 500 ഗ്രാം വരെ തൂക്കമുള്ളവയായിരുന്നു. ഈ മാസം രണ്ടിനാണ് മോഷണവിവരം നാരായണന്റെ ശ്രദ്ധയിൽപ്പെട്ടത്. രണ്ട് ദിവസം ഇട്ട തീറ്റ മുഴുവൻ ടാങ്കിൽതന്നെ കിടക്കുന്നത് കണ്ട് വറ്റിച്ച് നോക്കിയപ്പോഴാണ് മീനുകൾ നഷ്ടപ്പെട്ടതായി മനസ്സിലായത്.
എട്ട് വർഷമായി വീടിന് പിറകിൽ റബ്ബർത്തോട്ടത്തിൽ ഒരുക്കിയ മൂന്ന് ടാങ്കുകളിലാണ് ഇദ്ദേഹം മത്സ്യക്കൃഷി ചെയ്തുവരുന്നത്. ഇതിൽ വരാൽകൃഷി നടത്തിയ ടാങ്കിലെ മീനുകളാണ് നഷ്ടമായത്. ഒരുടാങ്കിൽ അസംവാളയും മറ്റൊന്നിൽ തിലോപ്പിയയും വളർത്തുന്നുണ്ട്.
ഫിഷറീസ് വകുപ്പിന്റെ സബ്സിഡിയോടെ 750 വരാൽ മത്സ്യക്കുഞ്ഞുങ്ങളെയാണ് മൂന്നരമാസം മുൻപ് ടാങ്കിൽ നിക്ഷേപിച്ചത്. ഇതിൽ നാലെണ്ണം മാത്രമേ ഇപ്പോൾ ടാങ്കിൽ ബാക്കിയുള്ളൂ. ടാങ്കിന് മുകളിൽ സ്ഥാപിച്ച നെറ്റ് നീക്കിയശേഷമാണ് മോഷണം നടത്തിയത്. വീടിന് പുറകിൽ 10 മീറ്റർ നടന്നാൽ റോഡുള്ളതിനാൽ മോഷ്ടാക്കൾ ഇതുവഴിയാകും വന്നതെന്ന് കരുതുന്നു.
നാരായണൻ മയ്യിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മേയ് 30, 31 ദിവസങ്ങളിൽ എപ്പോഴെങ്കിലുമായിരിക്കും മോഷണം നടക്കാൻ സാധ്യതയെന്ന് നാരായണൻ പറഞ്ഞു.
'ആ ദിവസങ്ങളിൽ കനത്ത മഴയുണ്ടായിരുന്നു. മാത്രമല്ല, കപ്പൽ കടലിൽ മുങ്ങി മത്സ്യത്തിന് ക്ഷാമമുണ്ടായ സമയവുമാണ്. ഞാൻ ഒന്നാം തീയതി രാവിലെ തീറ്റ നൽകിയതാണ്. മറ്റ് മത്സ്യങ്ങൾക്ക് തീറ്റ നൽകുമ്പോൾ അത് വെള്ളത്തിന് മുകളിൽ വരാറുണ്ട്.
വരാൽ വെള്ളത്തിനടിയിൽതന്നെയായിരിക്കും. രണ്ടാം തീയതി തീറ്റ നൽകാനെത്തിയപ്പോഴാണ് കഴിഞ്ഞദിവസം നൽകിയ തീറ്റ അതേ പോലെ ഇരിക്കുന്നത് കണ്ടത്. തുടർന്നാണ് വെള്ളം വറ്റിച്ചുനോക്കിയത്. മറ്റു മത്സ്യങ്ങൾ ലാഭകരമല്ലാത്തതുകൊണ്ടാണ് ഇത്തവണ ആദ്യമായി വരാൽകൃഷി തുടങ്ങിയത്.
അത് മുഴുവൻ നഷ്ടമായി' - നാരായണൻ പറഞ്ഞു. മാതൃഭൂമി മേപ്പറമ്പ് ഏജന്റ് കൂടിയാണിദ്ദേഹം.
Content Highlights: A Kerala farmer lost 200kg of fish due to theft
Published: 10 Jun 2025, 07:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented