ഉപ്പുതറ: ഹൈക്കോടതിയിലേയും മനുഷ്യാവകാശ കമ്മിഷനിലേയും കേസ് നിലനിൽക്കേ ഉപ്പുതറയിലെ ഒരു കർഷന് തന്റെ കൃഷിസ്ഥലം പൂർണമായും നഷ്ടമാകാൻ പോകുന്നു. മേച്ചേരിൽ ബാബുവിന്റെ 1.4 ഏക്കർ പട്ടയമുള്ള കൃഷിഭൂമി, കേരള ബാങ്ക് ചൊവ്വാഴ്ച ലേലത്തിന് വെക്കും.

To advertise here,

വായ്പാതിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ഭൂമി നേരത്തേതന്നെ ബാങ്ക് ജപ്തിചെയ്തിരുന്നു. ഇതിനെതിരേ ഹൈക്കോടതിയിലും മനുഷ്യാവകാശ കമ്മിഷനിലും കേസ് നിലനിൽക്കുമ്പോഴാണ് സ്ഥലം ലേലത്തിന് വെക്കാൻ ബാങ്ക് തീരുമാനിച്ചത്. രാജമാണിക്യം കമ്മിഷൻ റിപ്പോർട്ടിനെ തുടർന്ന് പ്രദേശത്തുണ്ടായ ഭൂപ്രശ്നങ്ങളും കർഷകന് കൃഷിഭൂമി നഷ്ടപ്പെടാൻ കാരണമായി.

കേരള ബാങ്ക് ഉപ്പുതറ ശാഖയിൽനിന്ന് 2013-ലാണ് ഭൂമി ഈടുവെച്ച് 10 ലക്ഷം രൂപ ബാബു വായ്പയെടുത്തത്. ഏഴുലക്ഷം രൂപ തിരിച്ചടച്ചു. പിന്നീട് വായ്പ പുതുക്കി 10 ലക്ഷം രൂപ കൂടി എടുത്തു. തൊട്ടടുത്തമാസംതന്നെ ആറര ലക്ഷം രൂപ ബാങ്കിൽ തിരിച്ചടച്ചു.

2018-ലെ മഹാപ്രളയത്തിൽ കൃഷി അപ്പാടെ നശിച്ചു. വായ്പ തിരിച്ചടവ് മുടങ്ങി. ഒന്നു പച്ചപിടിച്ച് വന്നപ്പോൾ കോവിഡ് എത്തി. പുറകെ ഹൃദയസംബന്ധമായ രോഗവും സങ്കീർണമായ ശസ്ത്രക്രിയയും. വായ്പ ഒന്നുകൂടി പുതുക്കാൻ ശ്രമിച്ചു. എന്നാൽ, 2016-ൽ ഉപ്പുതറയിൽ വന്ന റവന്യു ഉത്തരവ് കാരണം അത് നടന്നില്ല.

വില്ലേജിലെ ആറ് സർവേ നമ്പരുകളിലെ ഭൂമി തോട്ടം തരംമാറ്റിയതാണെന്ന രാജമാണിക്യം കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവിടുത്തെ ഭൂമിയുടെ കരം സ്വീകരിക്കുന്നതും പോക്കുവരവ് നടത്തുന്നതും തടഞ്ഞുകൊണ്ടുള്ള ഉത്തരവായിരുന്നു അത്. കരം അടയ്ക്കാൻ കഴിയാത്തതും നിജസ്ഥിതി സർട്ടിഫിക്കറ്റും ലൊക്കേഷനും റവന്യു വകുപ്പിൽനിന്ന് കിട്ടാത്തതും പ്രശ്നമായി.

ബാബുവിന്റെ അമ്മയുടെ പേരിലുള്ള വസ്തു ഈടുവെച്ച് മറ്റൊരു ബാങ്കിൽനിന്ന് വായ്പ എടുത്ത് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചു. എന്നാൽ, ഇതേ ഭൂമിപ്രശ്നം കാരണം അവിടെനിന്നും വായ്പ ലഭിച്ചില്ല. 2023 ഡിസംബർ 19-ന് ഭൂമി ജപ്തിചെയ്തു. പലിശയടക്കം 54 ലക്ഷം രൂപയായിരുന്നു ബാബുവിന്റെ ബാധ്യത. ഹൈക്കോടതിയെ സമീപിച്ചപ്പോൾ ലേലം തടഞ്ഞു. പിന്നീട് ഗഡുക്കളായി വായ്പ തിരിച്ചടയ്ക്കാൻ ഉത്തരവായി. വില്ലേജിൽനിന്ന് ഒരു രേഖയും കൊടുക്കാത്തതിനാൽ പട്ടയഭൂമിയുടെ ഒരുഭാഗം വിറ്റ് ലോൺ അടയ്ക്കാൻ കഴിയുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ബാബു വീണ്ടും ഹൈക്കോടതിയിൽ കേസ് ഫയൽചെയ്തു. ഈ കേസ് നിലനിൽക്കുകയാണ്. ഇതിനിടെ മനുഷ്യാവകാശ കമ്മിഷനേയും സമീപിച്ചു. മനുഷ്യാവകാശ കമ്മിഷൻ ഏപ്രിൽ അഞ്ചിന് കളക്ടറെ സിറ്റിങ്ങിന് വിളിച്ചിട്ടുണ്ട്. ഈ നടപടികൾ നിലനിൽക്കെയാണ് ബാങ്ക് ലേലവുമായി മുന്നോട്ടുപോകുന്നത്. ഹൈക്കോടതിയിലും മനുഷ്യാവകാശ കമ്മിഷനിലും കേസ് നിലനിൽക്കുന്നതിനാൽ ലേലത്തിന് നിയമ സാധുതയില്ലെന്ന് ബാബുവിന്റെ അഭിഭാഷകൻ അഡ്വ. ബിജു മാർട്ടിൻ പറഞ്ഞു.

എന്നാൽ, കേസിൽ ബാങ്കിന് അനുകൂലമായി വിധി വന്നതാണെന്നും പുതിയ കേസെന്തെങ്കിലും ഉണ്ടെങ്കിലും അത് ബാങ്കിനെ അറിയിച്ചിട്ടില്ലെന്നും കേരള ബാങ്ക് ഉപ്പുതറ ശാഖാ മാനേജർ അറിയിച്ചു.