മങ്കട: മുപ്പതുവർഷമായി പ്രവാസിയായ അബ്ദുൾജലീൽ ഒന്നരമാസം മുൻപ് അവധിക്കുവന്ന് തിരിച്ചുപോകുമ്പോൾ മാതാവ് മൈമൂനത്തിനെയും കൂട്ടിപ്പോയതായിരുന്നു. ഇത് അവസാനയാത്രയാകുമെന്ന് ആരും വിചാരിച്ചില്ല.

To advertise here,

വെള്ളില യുകെ പടിയിലായിരുന്നു അബ്ദുൾജലീലും കുടുംബവും താമസിച്ചിരുന്നത്. 10 വർഷം മുൻപ് തിരൂർക്കാട് തോണിക്കരയിൽ സ്ഥലം വാങ്ങി താമസം മാറ്റുകയായിരുന്നു.

ജലീലിന് മദീനയിൽ ബിസിനസാണ്. ഭാര്യയും മക്കളും ദീർഘകാലം സൗദിയിലായിരുന്നു. പിന്നീട് അവർ കുറച്ചുകാലം നാട്ടിൽ നിന്നു. അടുത്തിടെയാണ് സൗദിയിലുള്ള ജലീലിന്റെയടുത്തേക്കു പോയത്. ശനിയാഴ്ച രാത്രി എട്ടോടെ അപകടവിവരം നാട്ടിൽ അറിഞ്ഞെങ്കിലും നാലുപേർ മരിച്ചതും മൂന്നുപേർ ആശുപത്രിയിലായതും രാത്രി ഏറെവൈകിയാണ് നാട്ടിൽ അറിഞ്ഞത്.

തിരൂർക്കാട് തോണിക്കര നടുവത്ത് കളത്തിൽ ഇസ്മയിലിന്റെ മകൻ അബ്ദുൾജലീൽ (52), മാതാവ് മൈമൂനത്ത് കക്കേങ്ങൽ, ഭാര്യ തസ്നി തോടേങ്ങൽ (40), മകൻ ആദിൽ (13) എന്നിവരാണു മരിച്ചത്.

ഇവരുടെ കബറടക്കം സൗദിയിലായതിനാൽ ബന്ധുക്കൾ നാട്ടിലുള്ള ഇവരുടെ മക്കളെയുംകൊണ്ട് സൗദിയിലെത്തി. കെഎംസിസിയാണ് ആവശ്യമായ സഹായങ്ങൾ ചെയ്യുന്നത്.