തിരുവനന്തപുരം: കേരളത്തിന്റെ ചരിത്ര പുസ്തകത്തിൽ പുതിയൊരു അധ്യായം പിറന്നിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൺ. കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി എം.ബി. രാജേഷ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. നടൻ മമ്മൂട്ടിയാണ് വിശിഷ്ടാതിഥി. എട്ടുമാസത്തിന് ശേഷമാണ് മമ്മൂട്ടി പൊതുചടങ്ങിലെത്തുന്നത്.
മുഖ്യമന്ത്രിയുടെ വാക്കുകൾ:
കേരളത്തിന്റെ ചരിത്രപുസ്തകത്തിൽ പുതിയൊരു അധ്യായം പിറന്നിരിക്കുന്നു. അതിദാരിദ്ര്യമില്ലാത്ത നാടായി ലോകത്തിനു മുന്നിൽ നാം ഇന്ന് ആത്മാഭിമാനത്തോടെ തല ഉയർത്തി നിൽക്കുകയാണ്. ഇത് പുതിയകേരളത്തിന്റെ ഉദയമാണ്. നമ്മുടെ സങ്കൽപ്പത്തിലുള്ള നവകേരളത്തിന്റെ സാക്ഷാത്കാരത്തിലേക്കുള്ള ചവിട്ടുപടിയാണ് ഇത്. ഒരു മനുഷ്യ ജീവിയും വിശപ്പിന്റേയോ കൊടും ദാരിദ്ര്യത്തിന്റേയോ ആഘാതത്തിൽ വീണുപോകില്ല എന്ന് നമ്മുടെ നാട് ഉറപ്പാക്കുന്ന ചരിത്ര മുഹൂർത്തത്തിൽ ഇതിൽ ഭാഗഭാക്കാകുകയും ഇതിന് നേതൃത്വം കൊടുക്കുകയും ആവശ്യമായ പിന്തുണ നൽകുകയും ചെയ്ത എല്ലാവരേയും അഭിവാദ്യം ചെയ്യുന്നു.
ഐക്യ കേരളമെന്ന സ്വപ്നം യാഥാർത്ഥ്യമായിട്ട് 69 വർഷം തികയുന്ന മഹത്തായ ദിനമാണ് ഇന്ന്. ഏവരുടേയും സ്വപ്നസാക്ഷാത്കാരം ഈ ദിനത്തിൽ തന്നെ ആകുന്നുവെന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. മനുഷ്യന്റെ ഇച്ഛാശക്തി കൊണ്ടും സാമൂഹിക ഇടപെടൽ കൊണ്ടും ചെറുത്തുതോൽപ്പിക്കാവുന്ന അവസ്ഥയാണ് അതിദാരിദ്ര്യം. നാടിന്റെ ആകെ സഹകരണത്തോടെയാണ് ആ ദുരവസ്ഥയെ ചെറുത്തുതോൽപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് തുടക്കം മുതൽ ഒടുക്കംവരെയും ഇനി തുടരേണ്ട കാര്യങ്ങളിലും ഫലപ്രദമായി ഇടപെടുകയും നേതൃത്വം വഹിക്കുകയും ചെയ്യുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. എല്ലാവരും ഒരേ മനസ്സോടെ അതിൽ സഹകരിച്ചു.
64006 കുടുംബങ്ങളിൽ വിവിധ ഘട്ടങ്ങളിലായി 64005 കുടുംബങ്ങൾ അതിദാരിദ്ര്യമുക്തമായിരുന്നു. എന്നാൽ, ഒരു കുടുംബമാണ് ബാക്കിയുണ്ടായിരുന്നത്. അതിന് ഒരു സാങ്കേതിക പ്രശ്നമുണ്ടായിരുന്നു. ആ സാങ്കേതിക പ്രശ്നം പരിഹരിക്കുന്നതിനായി മന്ത്രിസഭയുടെ മുമ്പിൽ വന്നു. ആ പ്രശ്നവും പരിഹരിച്ചു. അതോടെ തയ്യാറാക്കിയ വെബ്സൈറ്റിൽ ബാക്കിയുണ്ടായിരുന്ന അതിദാരിദ്രരുടെ പട്ടികയിൽ ഒന്ന് എന്ന സ്ഥാനത്ത് പൂജ്യം എന്നായി. ഞങ്ങളെല്ലാം കണ്ടുനിൽക്കേ 64006 കുടുംബങ്ങളും അതിദാരിദ്ര്യമുക്തമായി സാക്ഷ്യപ്പെട്ടു.
ഇതൊരു തട്ടിപ്പല്ല, യാഥാർത്ഥ്യമാണ് എന്നത് ഉൾക്കൊള്ളുന്നതിന് വേണ്ടിയാണ് ഇതൊക്കെ പറഞ്ഞത്. നിർഭാഗ്യകരമായ ഒരു പരാമർശം കേൾക്കേണ്ടി വന്നതുകൊണ്ടാണ് ഇത്രയും പറഞ്ഞത്. എല്ലാവരും പൂർണമായും സഹകരിച്ചിട്ടുണ്ട്. നാടിന്റെ ഒരുമയും ഐക്യവും കൊണ്ട് അസാധ്യം എന്ന ഒന്ന് ഇല്ല എന്ന് അനുഭവത്തിൽക്കൂടെ തെളിയിക്കാൻ ഇടയാക്കി, മുഖ്യമന്ത്രി പറഞ്ഞു.
കേരളം വികസിത രാജ്യങ്ങളോട് കിടപിടിക്കത്തക്ക രീതിയിലുള്ള ജീവിതനിലവാരത്തിലേക്ക് ഉയർത്തുക, വികസിത രാജ്യങ്ങളിലെ ജീവനിലവാര തോതിലേക്ക് നമ്മുടെ നാടിനെ ഉയർത്തുക- ഇതാണ് നവകേരള നിർമിതിയുടെ സുപ്രധാന ലക്ഷ്യമായി കണ്ടത്. ആ ലക്ഷ്യം ഏറെയൊന്നും അകലെയല്ല എന്ന് ഇപ്പോൾ തികഞ്ഞ ആത്മവിശ്വാസത്തോടെ പറയാൻ സാധിക്കും.
കേരളത്തിലെ ശിശുമരണനിരക്ക്, മാതൃമരണനിരക്ക് ഏറ്റവും കുറഞ്ഞ നിലയിലാണ്. ഈ കുറവ് രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മാത്രമല്ല. ലോകത്തെ ഏറ്റവും സമ്പൽസമൃദ്ധം എന്ന് കണക്കാക്കുന്ന അമേരിക്കയിലെ ശിശുമരണനിരക്കും മാതൃമരണനിരക്കും എടുത്താൽ അതിനേക്കാൾ കുറഞ്ഞ നിരക്കാണ് കേരളത്തിലേത്. ഇതൊരു ചെറിയ നേട്ടമല്ല.
167.9 ബില്യൺ ഡോളർ മാത്രമാണ് നമ്മുടെ സംസ്ഥാനത്തിന്റെ ജിഡിപി. എന്നാൽ, അമേരിക്കയുടേത് 30.51 ട്രില്യൺ ഡോളറാണ്. അത്തരത്തിലുള്ള ഒരു സാമ്പത്തിക ഭീമനാണ് അമേരിക്ക. എങ്ങനെയാണ് അവരെ മറികടന്ന് നമുക്ക് മുമ്പിലെത്താനായത്. അവരുടെ ജിഡിപിയുടെ 0.55 ശതമാനം മാത്രമാണ് നമുക്കുള്ളത്. എന്നിട്ടും നമുക്ക് അമേരിക്കയെ മറികടക്കാനായി. ഇതാണ് യഥാർത്ഥ കേരളാ സ്റ്റോറി, മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: Kerala Declared Poverty-Free: A Historic Milestone Achieved
Published: 01 Nov 2025, 06:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented