തിരുവനന്തപുരം: മന്ത്രി വിരട്ടിയതോടെ ബാറുകളുടെ അനധികൃത പ്രവർത്തനസമയം തടഞ്ഞ് എക്സൈസ്. തത്കാലത്തേക്ക്‌ ഇളവ് പ്രതീക്ഷിക്കേണ്ടെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ ബാറുടമകൾക്ക് നൽകിയിട്ടുള്ള സന്ദേശം. ബുധനാഴ്ച നടന്ന ഉന്നതതല യോഗത്തിലാണ് ബാറുകൾ രാവിലെ അഞ്ചുമുതൽ തുറക്കുന്നുവെന്ന് മന്ത്രി എം. ലിജു ചൂണ്ടിക്കാട്ടിയത്. എക്സൈസ് ഉദ്യോഗസ്ഥർ അറിയാതെ ഇതെങ്ങനെ നടക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.

To advertise here,

അവലോകനയോഗത്തിനു പിന്നാലെ എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവു ഉദ്യോഗസ്ഥർക്ക് താക്കീതു നൽകി. ക്രമക്കേട് കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പും നൽകി. രാവിലെ 10 മുതൽ രാത്രി 12 വരെയാണ് ബാറുകളുടെ പ്രവർത്തനസമയം.

ബാറുകളുടെ പ്രവർത്തനം നിരീക്ഷിക്കാൻ ഡെപ്യൂട്ടി കമ്മിഷണർമാർക്കു നിർദേശം നൽകിയിട്ടുണ്ട്. വീഴ്ച കണ്ടെത്തിയാൽ റേഞ്ച് ഉദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടാകും. നിയമവിരുദ്ധമായി ചില ബാറുകാർ ബാർസമയം കഴിഞ്ഞും മദ്യം കുപ്പിയോടെ വിൽക്കുന്നുണ്ട്. മദ്യംവിളമ്പാൻ മാത്രമാണ് ബാറുകൾക്ക് അനുമതിയുള്ളത്.

കടലോരപ്രദേശങ്ങളിലെ ചില ബാറുകൾ പുലർച്ചെ തുറക്കാറുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾ ഏറെയുള്ള പ്രദേശങ്ങളിലെ ബാറുകളിലും ഇത്തരം ക്രമക്കേടുകളുണ്ട്. അതത് പ്രദേശത്തെ എക്സൈസ് ഉദ്യോഗസ്ഥരാണ് ഇതിന് മൗനാനുവാദം നൽകുന്നത്. രാഷ്ട്രീയ പിന്തുണയുമുണ്ട്.

എക്സൈസ് സേനയിലുള്ളവർ ബാറുകാരിൽനിന്നു മദ്യംവാങ്ങുന്നുണ്ടെന്നും മന്ത്രി വിമർശിച്ചിരുന്നു. ബാറുകളിൽ എക്സൈസ് ഉദ്യോഗസ്ഥർ നിശ്ചിത ഇടവേളകളിൽ പരിശോധന നടത്തണമെന്നാണ് വ്യവസ്ഥ. ക്രമക്കേടുകൾ കണ്ടെത്തി കേസെടുക്കുന്നത് ഒഴിവാക്കാനാണ് എക്സൈസ് ഉദ്യോഗസ്ഥർക്ക് ബാറുകാർ പാരിതോഷികം നൽകുന്നത്.