കൊച്ചി: പൂവാലന്മാര്‍ക്ക് വംശനാശം സംഭവിച്ചിട്ടില്ലെന്നുമാത്രമല്ല പത്തുവര്‍ഷത്തിനിടെ എണ്ണം ഇരട്ടിയാവുകയും ചെയ്തു. കേരള പോലീസിന്റെ കൈയിലാണ് പൂവാലന്മാര്‍ 'തഴച്ചുവളരു'ന്നതിന്റെ കണക്കുകളുള്ളത്.

To advertise here,

സംസ്ഥാനത്ത് 2016-ല്‍ 328 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2024-ല്‍ അത് 695 ആയി. വഴിവക്കിലും ബസ് സ്റ്റോപ്പുകളിലും ബസുകളിലും തീവണ്ടികളിലുമെല്ലാം സ്ത്രീകളെ ശല്യംചെയ്യുന്നവര്‍ കൂടിവരുന്നു.

ഭാരതീയ ന്യായസംഹിതയിലെ സെക്ഷന്‍ 79 പ്രകാരം ഒരു സ്ത്രീയുടെ മാന്യതയെ അപമാനിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള വാക്ക്, ആംഗ്യം അല്ലെങ്കില്‍ പ്രവൃത്തി എന്നിവയാണ് 'പൂവാലശല്യ'മായി ഉള്‍പ്പെടുത്തുന്നത്.

'സോഷ്യല്‍' പൂവാലന്മാര്‍

തെരുവുകളില്‍നിന്ന് സോഷ്യല്‍ മീഡിയയിലേക്കും കാലത്തിനനുസരിച്ച് പൂവാലന്മാര്‍ കളംമാറ്റിയിട്ട് ഏറെക്കാലമായി. സ്റ്റോക്കിങ്ങും കെയറിങ്ങുമാണ് ഇക്കൂട്ടരുടെ മെയിന്‍.

ഗുഡ്‌മോണിങ് മെസേജിലൂടെ ഉണര്‍ത്തുന്നതുമുതല്‍ സ്റ്റോറികള്‍ക്കും പോസ്റ്റുകള്‍ക്കും ലൈക്കും കമന്റും നല്‍കുന്നതും ഒടുവില്‍ ഗുഡ്‌നൈറ്റ് പറഞ്ഞ് ഉറക്കുന്നതുവരെയും ഇക്കൂട്ടര്‍ക്ക് വിശ്രമമില്ല. ലൈംഗികച്ചുവയുള്ള വീഡിയോകളും ഫോട്ടോകളും അയക്കുന്നവരും കുറവല്ല. സ്റ്റോക്കിങ് കൊണ്ട് പൊറുതിമുട്ടുമ്പോള്‍ പൂവാലന്മാരുടെ അക്കൗണ്ടുകള്‍ റിപ്പോര്‍ട്ട് ചെയ്ത് ബ്ലോക്ക് ആക്കിയാലും രക്ഷയില്ല. ഫേക്ക് അക്കൗണ്ടുകള്‍ തുടങ്ങി അവര്‍ അവരുടെ 'പൂവാലത്തരം' തുടര്‍ന്നുകൊണ്ടിരിക്കും. ഇതുപക്ഷേ പൂവാലശല്യമായല്ല കണക്കാക്കുന്നത്. സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയിലാണ് ഈ പരാതികള്‍ ഉള്‍പ്പെടുക.