കൊട്ടാരക്കര: കൈക്കൂലിക്കേസിൽ അപമാനത്തിന്റെ പത്തുമാസമാണ് പിന്നിട്ടത്. നാട്ടുകാരുടെ മുഖത്തെങ്ങനെ നോക്കും. ഭാര്യയും മക്കളുമൊത്ത് കുറച്ചുനാളെങ്കിലും മാറിത്താമസിക്കുകയേ മാർഗമുണ്ടായിരുന്നുള്ളൂ. ചെയ്യാത്ത കുറ്റത്തിന് സസ്പെൻഷനും അച്ചടക്കനടപടികളും നേരിട്ട ടി. മനോജ് പറയുന്നു. എല്ലാം ഒരു പേരിന്റെ പേരിൽ.

To advertise here,

കൊട്ടാരക്കര താലൂക്ക്‌ ഓഫീസിലെ ഡ്രൈവറായിരുന്ന കുഴിമതിക്കാട് മനോജ്ഭവനിൽ മനോജിന്റെ വാക്കുകളിൽ നേരിട്ട അപമാനത്തിന്റെ തീവ്രതയുണ്ട്. സത്യം തിരിച്ചറിഞ്ഞ് നടപടി റദ്ദാക്കിയെന്ന സർക്കാർ ഉത്തരവെത്തുമ്പോൾ താനും കുടുംബവും അനുഭവിച്ച മാനസികവിഷമത്തിന് ആര് ഉത്തരംപറയുമെന്നു ചോദിക്കുകയാണ് മനോജ്.

താലൂക്ക്‌ ഓഫീസിൽ താത്കാലിക ഡ്രൈവറുടെയും സ്ഥിരം ഡ്രൈവറുടെയും പേര് ഒന്നായതാണ് മനോജിനു വിനയായത്. താലൂക്ക് ഓഫീസിൽ പാറക്വാറി, മണൽ, ചെളി ഖനന വിഷയങ്ങളിൽ തഹസിൽദാർക്ക് കൈക്കൂലി വാങ്ങാൻ ഒത്താശചെയ്തെന്ന കുറ്റംചാർത്തിയാണ് 2024 മേയ് 31-ന് മനോജിനെ സസ്പെൻഡ് ചെയ്തത്. രഹസ്യമായി പരിശോധന നടത്തിയ റവന്യൂവകുപ്പ് അണ്ടർ സെക്രട്ടറിയുടെ റിപ്പോർട്ടിനെ തുടർന്നായിരുന്നു നടപടി. തഹസിൽദാർ എം.ജെ. അജികുമാർ, ഡെപ്യൂട്ടി തഹസിൽദാർ വി. അനിൽകുമാർ, ഡ്രൈവർ ടി. മനോജ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. എന്നാൽ ആരോപണങ്ങൾ തനിക്കെതിരേയല്ലെന്നും താത്കാലിക ഡ്രൈവറായിരുന്ന ആർ. മനോജ് കുമാറിനെതിരേയാണെന്നും തെളിവുകൾ നിരത്തി പറഞ്ഞിട്ടും ഫലമുണ്ടായില്ല. കഠിനശിക്ഷ ശുപാർശ ചെയ്യുന്നതായിരുന്നു കുറ്റപത്രം.

“പരാതി അന്വേഷിക്കാൻ വന്നവർ തന്നെ കണ്ടിട്ടില്ല, തന്റെ ഭാഗം കേട്ടിട്ടില്ല, അന്നേദിവസം താൻ ഓഫീസിൽ ഉണ്ടായിരുന്നില്ല, ദിവസവും വീട്ടിൽനിന്നു ചോറുകൊണ്ടുവന്നു കഴിക്കുന്ന താൻ ഭക്ഷണത്തിനുപോലും തഹസിൽദാർക്കൊ മറ്റ്‌ ഉദ്യോഗസ്ഥർക്കോ ഒപ്പം കൂടിയിട്ടില്ല”-മനോജ് പറയുന്നു. തന്റെ വാഹനത്തിൽനിന്ന് 35 ലക്ഷം രൂപ കണ്ടെടുത്തെന്നാണ് ഒരു ഓൺലൈൻ മാധ്യമത്തിൽ വാർത്തവന്നത്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല, ഭാര്യയും രണ്ടു പെൺകുട്ടികളുമടങ്ങിയ കുടുംബം ആകെ വിഷമത്തിലായി. പത്താം ക്ലാസിലായിരുന്ന മകൾക്ക് ഏകാഗ്രതയോടെ പരീക്ഷയെഴുതാൻ കഴിയാതിരുന്നത് ഫലത്തെയും ബാധിച്ചു. സുഹൃത്തുക്കളുടെ പിന്തുണയിലാണ് മനോവിഷമത്തിന്റെ നാളുകൾ പിന്നിട്ടത്. പത്തുമാസം ശമ്പളമില്ലാതായതോടെ വായ്പ കുടിശ്ശികയായി-മനോജ് നേരിട്ട ദുരിതങ്ങൾ ഏറെയാണ്. നാലുമാസംമുൻപാണ് സർവീസിൽ തിരിച്ചെടുത്തത്. ഇപ്പോൾ കൊല്ലം കളക്ടറേറ്റിൽ ജനറൽ വിഭാഗത്തിൽ ജോലിചെയ്യുന്നു. എതിരായി ഒരു തെളിവും കണ്ടെത്താത്തതിനാൽ വകുപ്പുതല നടപടി ഉപേക്ഷിക്കുന്നുവെന്ന സർക്കാർ ഉത്തരവ്‌ കൈപ്പറ്റുമ്പോഴും കുറ്റവാളിയെന്നു മുദ്രചാർത്തിയ നാളുകളുടെ ഓർമ്മ മനോജിനെ വേട്ടയാടുന്നു.