വിവാദമായതോടെ കോഡുകൾ നടപ്പാക്കില്ലെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചിരുന്നു

പ്രതീകാത്മക ചിത്രം | Photo: AFP
തിരുവനന്തപുരം: കേന്ദ്രത്തിന്റെ ലേബർ കോഡുകൾ നടപ്പാക്കാൻ കേരളത്തിൽ തയ്യാറാക്കിയ കരട് ചട്ടത്തിൽ കടുത്ത വ്യവസ്ഥകൾ. പ്രതിദിന വേതനം കണക്കാക്കൽ, ആഴ്ചയിലൊരുദിവസം അവധി, ജോലിസമയം എന്നിവയിലെല്ലാം കേരളം പിന്തുടരുന്ന തൊഴിലാളി നീതി അട്ടിമറിക്കുന്ന വ്യവസ്ഥകളാണ് കരട് ചട്ടത്തിൽ. ഇടതുഭരണത്തിൽ ഇത്രയേറെ തൊഴിലാളിവിരുദ്ധ വ്യവസ്ഥ എങ്ങനെ കരട് ചട്ടത്തിൽ ഉൾപ്പെടുത്തി വിജ്ഞാപനം ചെയ്തുവെന്നതാണ് ശ്രദ്ധേയം.
കരടുചട്ടം തയ്യാറാക്കിയതിനുതന്നെ വിവാദമായ പശ്ചാത്തലത്തിൽ അത് നടപ്പാക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, കരട് വിജ്ഞാപനം ഇതുവരെ പിൻവലിച്ചിട്ടില്ല.
കേന്ദ്രനിയമമായി വരുന്ന ലേബർകോഡിലെ വ്യവസ്ഥ നടപ്പാക്കുന്ന രീതി നിശ്ചയിച്ച് ചട്ടമുണ്ടാക്കേണ്ടത് സംസ്ഥാനങ്ങളാണ്. നിയമത്തിന്റെ അന്തഃസത്ത മാറ്റാനാകിലെങ്കിലും പലകാര്യങ്ങളും സംസ്ഥാന സാഹചര്യം അനുസരിച്ച് നടപ്പാക്കാനുള്ള വ്യവസ്ഥ ചട്ടത്തിൽ കൊണ്ടുവരാനാകും. എന്നാൽ, ലേബർ കോഡിന് അനുസരിച്ച് ആദ്യഘട്ടത്തിൽ കരട് ചട്ടം തയ്യാറാക്കിയ കേരളം, കോഡിൽ പറഞ്ഞത് കടുപ്പിച്ച് നടപ്പാക്കാനുള്ള വ്യവസ്ഥകളാണ് കൊണ്ടുവന്നത്.
ആഴ്ചയിലൊരുദിവസം വേതനത്തോടെ വിശ്രമം അനുവദിക്കണമെന്നതാണ് സംസ്ഥാനത്ത് പിന്തുടരുന്ന വ്യവസ്ഥ. ഈ വിശ്രമദിവസം ശമ്പളം നിശ്ചയിക്കുന്നതിന് കണക്കാക്കണമെന്ന നിബന്ധന കേന്ദ്രലേബർ കോഡിലില്ല. മാസത്തിൽ 26 ദിവസം ജോലിസമയമായി കണക്കാക്കി വേതനം നിശ്ചയിക്കാമെന്ന് കോഡ് പറയുന്നു. ഇത് സംസ്ഥാന സർക്കാരുകൾക്ക് നിശ്ചയിക്കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. 30 ദിവസം തൊഴിൽസമയമായി കണക്കാക്കി പ്രതിദിന വേതനം നിശ്ചയിക്കുമ്പോഴാണ് ആഴ്ചയിൽ ഒരുദിവസം വേതനത്തോടെയുള്ള വിശ്രമദിനമാകുന്നത്. എന്നാൽ, 26 ദിവസം കണക്കാക്കി വേതനം നിശ്ചയിക്കാമെന്നാണ് കേരളം തയ്യാറാക്കിയ ചട്ടത്തിലുള്ളത്.
എട്ടുമണിക്കൂർ ജോലിയെന്ന വ്യവസ്ഥയും കേരളം മാറ്റി. ഒന്നോ രണ്ടോ വിശ്രമവേള നൽകി തൊഴിൽസമയം നിശ്ചയിക്കാമെന്നാണ് കേന്ദ്രത്തിന്റെ ലേബർ കോഡിലുള്ളത്. എന്നാൽ, 12 മണിക്കൂർവരെ തൊഴിൽസമയം നിശ്ചയിക്കാമെന്നാണ് കേരളം തയ്യാറാക്കിയ ചട്ടത്തിലുള്ളത്. പത്തരമണിക്കൂറിനുശേഷം കൂടുതൽ തൊഴിൽസമയം അനുവദിക്കാൻ ലേബർ കമ്മിഷണർക്ക് അധികാരം നൽകുകയാണ് ചെയ്യുന്നത്.
ഉദ്യോഗസ്ഥർക്ക് തൊഴിൽസമയം നിശ്ചയിക്കാനുള്ള വ്യവസ്ഥ കേന്ദ്രനിയമത്തിൽപോലും ഉൾപ്പെടുത്തിയിട്ടില്ല. ആറുദിവസം ജോലിചെയ്താൽ ഒരുദിവസം വിശ്രമമെന്ന വ്യവസ്ഥയും കേരളം മാറ്റി. പത്തുദിവസംവരെ അവധിനൽകാതെ ജോലി ചെയ്യിപ്പിക്കാനാകുമെന്നതാണ് കേരളത്തിന്റെ കരട് ചട്ടം പറയുന്നത്.
മിനിമം വേജസ് നിയമം കേന്ദ്രത്തിൽ നടപ്പാക്കിയപ്പോൾ, അത് പാലിച്ചില്ലെങ്കിൽ സ്ഥാപനങ്ങൾ 500 രൂപ ഒടുക്കേണ്ടിവരുമെന്നായിരുന്നു വ്യവസ്ഥ. നിയമം പാലിക്കുന്നതിനെക്കാൾ ലാഭം ലംഘിക്കുന്നതാണെന്ന സ്ഥിതി കുറഞ്ഞ പിഴയുണ്ടാക്കി. എന്നാൽ, കേരളം ചട്ടമുണ്ടാക്കിയപ്പോൾ പിഴ ഒരുലക്ഷം രൂപയാക്കി ഉയർത്തി. കേരളത്തിൽ മിനിമം വേതനം ഉറപ്പാക്കാൻ ഈ ചട്ടം ഒരുപ്രധാനഘടകമായിരുന്നു. എന്നാൽ, ലേബർകോഡിൽ കരട് ചട്ടം തയ്യാറാക്കിയപ്പോൾ കേരളത്തിന്റേതായ ഒരു സാഹചര്യവും പരിഗണിച്ചില്ലെന്നാണ് ഉയരുന്ന ആക്ഷേപം.
Content Highlights: Kerala`s draft labour code proposes stringent rules on wages, working hours, and holidays, sparking concerns among workers.
Published: 30 Nov 2025, 03:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented