തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ സര്‍ക്കാരിന്റെ മരണാനന്തര അവയവദാന ഏജന്‍സിയെ സാമൂഹികമാധ്യമങ്ങളിലൂടെ വിമര്‍ശിച്ച ഡോക്ടര്‍ക്ക് മെമ്മോ നല്‍കി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് നെഫ്രോളജി വിഭാഗം മേധാവി ഡോ. മോഹന്‍ദാസിനാണ് മെമ്മോ നല്‍കിയത്. 

To advertise here,

അവയവദാന ഏജന്‍സിയായ കെ-സോട്ടോ പൂര്‍ണ പരാജയം എന്നായിരുന്നു ഡോക്ടറുടെ വിമര്‍ശനം. 2017-ന് ശേഷം മരണാനന്തര അവയവദാനം വിരലിലെണ്ണാവുന്നതു മാത്രമാണെന്നാണ് മോഹന്‍ദാസ് ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചത്. സംഭവം വിവാദമായതിനു പിന്നാലെ വകുപ്പ് മേധാവി ക്ഷമാപണം നടത്തി. 

സാമൂഹികമാധ്യമങ്ങളില്‍ പ്രതികരണം നടത്തിയില്ലെന്ന് മെമ്മോയ്ക്ക് വകുപ്പ് മേധാവി മറുപടി നല്‍കി. മൃതസഞ്ജീവനി എക്‌സിക്യുട്ടീവ് ജോലി ചെയ്യുന്ന ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഇതുവരെ മരണാനന്തര അവയവദാനം നടന്നിട്ടില്ലെന്നും മോഹന്‍ദാസ് കുറിപ്പില്‍ വിമര്‍ശിച്ചു. 

മുമ്പും കെ-സോട്ടോയെ വിമര്‍ശിച്ച് ഡോ. മോഹന്‍ദാസ് പോസ്റ്റിട്ടിരുന്നു. അന്നിട്ട കുറിപ്പും പുതിയ കുറിപ്പും സാമൂഹികമാധ്യമത്തില്‍നിന്നു പിന്‍വലിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ മരണാനന്തര അവയവദാന ഏജന്‍സിയാണ് കെ-സോട്ടോ.