തിരുവനന്തപുരം: കഴക്കൂട്ടം പോലീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനത്തിൽവെച്ച് ഡ്യൂട്ടിയിലുള്ള പോലീസുകാർ മദ്യപിച്ച സംഭവത്തിൽ നടപടി. കാറിനകത്ത് ഇരുന്ന് പരസ്യ മദ്യപാനം നടത്തിയ ഗ്രേഡ് എഎസ്‌ഐ അടക്കം ആറ് പോലീസ് ഓഫീസർമാരെ സസ്‌പെൻഡ് ചെയ്തു. ആറുപേരും കഴക്കൂട്ടം സ്റ്റേഷനിലെ പോലീസുകാരാണ്.

To advertise here,

ഗ്രേഡ് എഎസ്‌ഐ ബിനു, സിവിൽ പോലീസ് ഓഫീസർമാരായ (സിപിഒ) രതീഷ്, മനോജ്, അരുൺ, അഖിൽരാജ്, മറ്റൊരു സിപിഒ ആയ അരുൺ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. നിലവിൽ അന്വേഷണ വിധേയമായാണ് സസ്‌പെൻഷൻ നടപടി. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും അതിനുശേഷമേ ഇവർക്കെതിരെ മറ്റ് നടപടികൾ എന്തെങ്കിലും ഉണ്ടാകുമോ എന്ന കാര്യം വ്യക്തമാകൂ.

കഴക്കൂട്ടം പോലീസ് സ്റ്റേഷന് തൊട്ടുമുന്നിലെ റോഡരികിൽ നിർത്തിയിട്ട വാഹനത്തിലായിരുന്നു പോലീസുകാരുടെ കൂട്ട മദ്യപാനം. ആറ് ഉദ്യോഗസ്ഥർ സിവിൽ ഡ്രസ്സിൽ കാറിനകത്ത് ഇരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി.

പോലീസ് ഉദ്യോഗസ്ഥന്റെ തന്നെ സ്വകാര്യ സ്‌കോർപിയോ കാറിൽ ഇരുന്നാണ് ഇവർ മദ്യപിച്ചത്. സ്റ്റേഷനിൽ എത്തിയ ഒരാൾ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തായത്. വാഹനമോടിക്കുന്ന സിപിഒ ഉൾപ്പടെ മദ്യപിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. മദ്യപിച്ച ശേഷം ഇതേ വാഹനത്തിൽ ഇവർ വിവാഹ സത്കാരത്തിനായി പോയതായും വിവരങ്ങളുണ്ട്.