തൃശ്ശൂർ: 2009-ലാണ്. മദ്യപിച്ചു വാഹനമോടിക്കുന്നവരെ കണ്ടെത്താൻ നഗരത്തിൽ ഡ്യൂട്ടിയിലായിരുന്നു ഹെഡ് കോൺസ്റ്റബിൾ ബോബി ചാണ്ടി. അന്ന് മദ്യപരിശോധന നേരിട്ട് മുഖത്തേക്ക് ഊതിച്ചാണ്. നിരവധിപേരെ ഊതിച്ചു. വൈകാതെ ചിക്കൻപോക്‌സ് പിടിപെട്ടു. നേരിട്ടുള്ള ഊതിക്കലാണ് ചതിച്ചതെന്ന് മനസ്സിലാക്കി. തുടർന്നാണ്, നേരിട്ടുള്ള ഊതിക്കലിന് ബദൽസംവിധാനത്തെക്കുറിച്ച് ആലോചിച്ചത്. വൈകാതെ അത് ഉപകരണമായി പരിണമിച്ചു. വീട്ടിലെ മേൽനിലയിൽ ഒരുക്കിയ ചെറിയ വർക്ക്‌ഷോപ്പിൽനിന്ന് കേരള പോലീസിന് ആദ്യത്തെ ബ്രീത്ത് അനലൈസർ ഉപകരണം ബോബി ചാണ്ടി നിർമിച്ചുനൽകി.
അഞ്ചാം ജനറേഷൻ ഉൾപ്പെടെ ബോബി ചാണ്ടിയുടെ ചെറിയ വർക്ക്‌ഷോപ്പിൽനിന്ന് ഇതുവരെ കേരള പോലീസിന് സമ്മാനിച്ചത് 1000-ത്തിലേറെ ബ്രീത്ത് അനലൈസർ. ബാറ്ററിയിലാണ് ഇതിന്റെ പ്രവർത്തനം. ഉപകരണത്തിലെ സെൻസറാണ് മദ്യത്തിലെ ഈഥൈന്റെ സാന്നിധ്യം കണ്ടെത്തുക. ഇതിനായി പ്രോഗ്രാം ചെയ്തുവയ്ക്കും. ബീപ് ശബ്ദത്തോടൊപ്പം ചുവന്ന ബൾബ് കത്തുകയും ചെയ്യും. രക്തത്തിലെ ആൽക്കഹോൾ അളവ് (ബി.എ.സി.) 30 മില്ലിഗ്രാമിനു മുകളിലാണെങ്കിലാണ് ഉപകരണം കണ്ടെത്തുക.
2009-ൽ നിർമിച്ചതാണെങ്കിലും ഇതേവരെ പേറ്റന്റിന് അപേക്ഷിച്ചിട്ടില്ല. കാരണം, കേരള പോലീസിനു മാത്രമായാണ് ഇതു നിർമിക്കാൻ ബോബി ആഗ്രഹിക്കുന്നത്. കാഴ്ച, കേൾവി പരിമിതരെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്ന ബഡി സീബ്ര എന്ന ഉപകരണവും ബോബി വികസിപ്പിച്ചതാണ്. 2022-ലാണിത്. വാഹനങ്ങൾ കടന്നുേപാകാത്ത സമയത്ത് ശബ്ദിക്കുകയും തൊട്ടാൽ വിറയൽ വരുകയും ചെയ്യുന്ന ഉപകരണമാണ് ബഡി സീബ്ര. ഇവയിൽ തൊട്ടും കേട്ടും സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാം. ട്രാഫിക് സിഗ്‌നലുകളിൽ സീബ്രാവരകൾക്ക് സമീപം ഇതു ധാരാളമായി സ്ഥാപിച്ചിട്ടുണ്ട്.
എ.സി.പി. സലീഷ് ശങ്കരന്റെ നിർദേശത്താൽ 'വഴികാട്ടി' എന്ന വാഹന പാർക്കിങ് ആപ്പും വികസിപ്പിച്ചു. ജനക്കൂട്ടമെത്തുന്നയിടങ്ങളിൽ പ്രത്യേകമായി തയ്യാറാക്കുന്ന പാർക്കിങ് ഇടത്തിലേക്കുള്ള വഴിയും സൗകര്യവും ലൊക്കേഷനും കാണിക്കുന്ന ആപ്പാണിത്. തൃശ്ശൂർ പൂരത്തിനും സംസ്ഥാന സ്‌കൂൾ കലോത്സവത്തിനുമെല്ലാം ഇത് വൻവിജയമായി.
വാണിയമ്പാറ തച്ചംപേരിൽ അധ്യാപകരായ ചാണ്ടി-ലീലാമ്മ ദമ്പതിമാരുടെ മകനാണ് ബോബി. എസ്.എസ്.എൽ.സി.ക്കുശേഷം ഐ.ടി.െഎ.യിൽ ഇലക്ട്രോണിക്‌സിനു ചേർന്നു. പഠനം കഴിഞ്ഞയുടൻ പോലീസിൽ ജോലി കിട്ടി. ഇപ്പോൾ തൃശ്ശൂർ സിറ്റി പോലീസ് ട്രാഫിക് വിഭാഗത്തിൽ എസ്.ഐ. ആണ്. സ്തുത്യർഹ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ മെഡൽ, ഡി.ജി.പി.യുടെ ബാഡ്ജ് ഓഫ് ഓണർ എന്നിവ നേടിയിട്ടുണ്ട്. ഭാര്യ: ബിനിത. തൃശ്ശൂർ ജോൺ മത്തായി സെന്ററിൽ കംപ്യൂട്ടർ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്. മക്കൾ അഭിനവ്, അമൃത, അഭിജിത്ത്.
Content Highlights: Meet Bobby Chandy, a Kerala Police SI who invented the first breathalyzer for Kerala Police and other road safety devices. Learn more!
Published: 21 Feb 2026, 03:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented