തിരുവനന്തപുരം: യു.ഡി.എഫിൽ മന്ത്രിസ്ഥാനങ്ങൾ സംബന്ധിച്ച ചർച്ചകളിൽ അർഹമായ പരിഗണന ലഭിക്കാത്തതിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് അതൃപ്തി. മത്സരിച്ച എട്ട് സീറ്റുകളിൽ ഏഴിടത്തും വിജയിച്ച മികച്ച സ്‌ട്രൈക്ക് റേറ്റ് മുൻനിർത്തി തങ്ങൾക്ക് രണ്ട് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ഉറച്ച നിലപാടിലാണ് പാർട്ടി നേതൃത്വം. എന്നാൽ ഒരു മന്ത്രിപദവിയും ചീഫ് വിപ്പ് സ്ഥാനവും നൽകാമെന്നതാണ് കോൺഗ്രസിന്റെ വാഗ്ദാനം.

To advertise here,

കോൺഗ്രസ് മുന്നോട്ടുവെച്ച നിർദേശം അംഗീകരിക്കാൻ കേരള കോൺഗ്രസ് തയ്യാറായിട്ടില്ല. നേരത്തേ മുന്നണിയിൽ സീറ്റുകൾ വിട്ടുനൽകുന്നതിലും മറ്റും കേരള കോൺഗ്രസ് കാണിച്ച വിശാല മനസ്‌കത കൂടി പരിഗണിക്കണമെന്നും നേതൃത്വം ആവശ്യപ്പെടുന്നുണ്ട്. റവന്യൂ, ജലസേചനം എന്നീ വകുപ്പുകൾ വേണമെന്നാണ് പാർട്ടി ആവശ്യപ്പെടുന്നതെങ്കിലും അവ ലഭിക്കാനുള്ള സാധ്യത കുറവാണ്.

കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കേരള കോൺഗ്രസിന് രണ്ട് മന്ത്രിസ്ഥാനങ്ങളും ഒരു ചീഫ് വിപ്പ് സ്ഥാനവും ലഭിച്ചിരുന്നു. കെ.എം. മാണി, പി.ജെ. ജോസഫ് എന്നിവർ മന്ത്രിമാരായപ്പോൾ പി.സി. ജോർജിനെ ചീഫ് വിപ്പായും തിരഞ്ഞെടുത്തു. ഇതേ പരിഗണന ലഭിക്കണമെന്നാണ് ഇത്തവണയും പാർട്ടി ആവശ്യപ്പെടുന്നത്. രണ്ട് മന്ത്രിസ്ഥാനങ്ങൾ ഉറപ്പായും വേണമെന്നാണ് പാർട്ടി ആവശ്യപ്പെടുന്നത്‌.