തിരുവനന്തപുരം: എം.എൽ.എ.മാരുടെ മനസ്സറിയാൻ എത്തിയ കോൺഗ്രസ് കേന്ദ്രനേതാക്കൾക്കുമുൻപിൽ തങ്ങൾക്കുള്ള അർഹത എണ്ണിപ്പറഞ്ഞ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും. നിരീക്ഷകരായെത്തിയ അജയ് മാക്കനും മുകുൾ വാസ്നിക്കും നിയമസഭാകക്ഷി യോഗത്തിനുപോകുംമുൻപ് ഹോട്ടലിലെത്തിയാണ് അവരെ പ്രത്യേകം പ്രത്യേകം കണ്ടത്.

To advertise here,

മുഖ്യമന്ത്രിസ്ഥാനത്തിന് കെ.സി. വേണുഗോപാലിനായും ചെന്നിത്തലയ്ക്കായും സതീശനായും നടക്കുന്ന പ്രചാരണം കൂടിക്കാഴ്ചയിൽ ചർച്ചയായില്ല. ഇരുവരും തങ്ങളുടെ അർഹത വിവരിക്കുകയാണ് ചെയ്തത്. വേണുഗോപാൽ കൂടിക്കാഴ്ചയ്ക്ക് എത്തിയിരുന്നില്ല.

മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചില്ലെങ്കിൽ മറ്റൊരുസ്ഥാനത്തേക്കും താനുണ്ടാകില്ലെന്ന നിലപാടാണ് സതീശൻ അടുപ്പമുള്ളവരോട് പറയുന്നതെങ്കിലും നിരീക്ഷകരുമായുള്ള കൂടിക്കാഴ്ചയിൽ ഇക്കാര്യം പറഞ്ഞില്ലെന്നാണ് സൂചന. ഒരു തീരുമാനത്തിലേക്കെത്തുംമുൻപുതന്നെ ഹൈക്കമാൻഡുമായി ഏറ്റുമുട്ടുന്നുവെന്ന പ്രതീതി സതീശൻ ഒഴിവാക്കി.

വി.ഡി. സതീശൻ പറഞ്ഞത്

1. തുടർതോൽവികളിലായി രണ്ടാംവട്ടം പ്രതിപക്ഷത്തിരുന്ന മുന്നണിയുടെ നേതൃത്വം ഏറ്റെടുത്ത താൻ ഇതുവരെ കോൺഗ്രസിന് ഉണ്ടാകാത്ത വിജയത്തിലേക്കാണ് നയിച്ചത്.

2. കേരളത്തിൽനിന്നൊരാൾ ഹൈക്കമാൻഡിൽ ശക്തനായിനിൽക്കുമ്പോൾ സ്വാഭാവികമായും അദ്ദേഹത്തിന് കൂടുതൽ പിന്തുണകിട്ടും. എം.എൽ.എ.മാരുടെ എണ്ണം മാത്രം നോക്കി തീരുമാനമെടുക്കരുത്.

3. തിരഞ്ഞെടുപ്പിൽ നയിച്ച താനെടുത്ത നിലപാടുകൾ പൊതുസമൂഹം ആകെ അംഗീകരിച്ചതാണ്. പൊതുവികാരം തനിക്ക് അനുകൂലമാണെന്നത് കാണാതെ പോകരുത്.

4. ഘടകകക്ഷികളുടെ അഭിപ്രായവും കണക്കിലെടുക്കണം. അവരുടെ പൂർണപിന്തുണ തനിക്കുണ്ട്.

ചെന്നിത്തല പറഞ്ഞത്

1. കഴിഞ്ഞ പ്രാവശ്യത്തെ യു.ഡി.എഫിന്റെ തോൽവി പ്രത്യേക സാഹചര്യത്തിലായിരുന്നു. പ്രതിപക്ഷ നേതാവെന്നനിലയിൽ താൻ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. അന്ന് തുടരാൻ അവസരം തന്നിരുന്നെങ്കിൽ ഇന്ന് തന്റെ സ്വാഭാവിക അവസരമാകുമായിരുന്നു.

2. വീണ്ടും പ്രതിപക്ഷനേതാവാകാൻ കൂടുതൽ എം.എൽ.എ.മാരുടെ പിന്തുണ തനിക്കുണ്ടായിട്ടും ഹൈക്കമാൻഡ് തീരുമാനം ഒരു മുഖംമാറ്റം വേണമെന്നായിരുന്നു. ഒരെതിർപ്പും പ്രകടിപ്പിക്കാതെതന്നെയാണ് മാറിനിന്നത്.

3. എല്ലാവരെയും ഒരുമിപ്പിച്ച് കൊണ്ടുപോകുന്നതിന് കഴിയും. മുന്നണിക്കുള്ളിലും പുറത്ത് സാമൂഹിക സംഘടനകളുമായും മികച്ചബന്ധം പുലർത്തുന്നു.

4. സീനിയറാണ്. മുഖ്യമന്ത്രിയാകാൻ തന്റെ അവസാനത്തെ അവസരമാണ്.

കോൺഗ്രസ് ഹിതപരിശോധന

തിരുവനന്തപുരം: മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള എ.ഐ.സി.സി.യുടെ ഹിതപരിശോധനയ്ക്കുശേഷവും ഉദ്വേഗം നിറഞ്ഞ് കോൺഗ്രസ്. എ.ഐ.സി.സി. നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നികും നിയുക്ത എം.എൽ.എ.മാരിൽനിന്നും ഘടകക്ഷിനേതാക്കളിൽനിന്നും അഭിപ്രായം തേടി.

63 കോൺഗ്രസ് സാമാജികരിൽ ഭൂരിപക്ഷത്തിന്റെയും പിന്തുണയുണ്ടെന്ന് കെ.സി. വേണുഗോപാലിനും വി.ഡി. സതീശനും ഒപ്പമുള്ളവർ അവകാശപ്പെട്ടു. 25 പേരുടെ പിന്തുണയാണ് രമേശ് ചെന്നിത്തല ഉറപ്പിക്കുന്നത്. എന്നാൽ, ഘടകകക്ഷികൾ സതീശനൊപ്പം നിൽക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഹിതപരിശോധന നടക്കുമ്പോൾത്തന്നെ സംസ്ഥാനത്ത് പലയിടത്തും സതീശൻ അനുകൂലപ്രകടനങ്ങൾ നടന്നു.

പാർലമെന്ററി പാർട്ടി അംഗങ്ങളിൽ ഓരോരുത്തരോടും ഒറ്റയ്‌ക്കൊറ്റയ്ക്കാണ് എ.ഐ.സി.സി. നിരീക്ഷകർ അഭിപ്രായം തേടിയത്. ഇന്ദിരാഭവനിൽ പ്രത്യേക മുറിയിലായിരുന്നു ഹിതപരിശോധന. ആരാകണം മുഖ്യമന്ത്രിയെന്നതായിരുന്നു നിരീക്ഷരുടെ ചോദ്യം. ഒന്നിലേറെ പേര് പറയാനും മറ്റുള്ളകാര്യങ്ങൾ വിശദീകരിക്കാനും അവസരം നൽകി. പാർലമെന്ററി പാർട്ടി ലീഡറെ തിരഞ്ഞെടുക്കാൻ കോൺഗ്രസ് അധ്യക്ഷനെ ചുമതലപ്പെടുത്തിയുള്ള ഒറ്റവരി പ്രമേയവും കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ പാസാക്കി.

പാർട്ടിയിലെ ഹിതപരിശോധനയ്ക്കുശേഷമായിരുന്നു ഘടകകക്ഷികളുമായുള്ള കൂടിക്കാഴ്ച. ഡൽഹിയിൽ മടങ്ങിയെത്തിയ മുകുൾ വാസ്നികും അജയ് മാക്കനും വ്യാഴാഴ്ച രാത്രിതന്നെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ സന്ദർശിച്ചു വിവരം ധരിപ്പിച്ചു. വിശദറിപ്പോർട്ട് വെള്ളിയാഴ്ച കൈമാറുമെന്നാണറിയുന്നത്.

കെ.സി.ക്കൊപ്പം 47

  • പാർലമെന്ററി പാർട്ടി അംഗങ്ങളിൽ 47 പേർ മുഖ്യമന്ത്രിസ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിന്റെ പേർ എ.ഐ.സി.സി. നിരീക്ഷകരോട് പറഞ്ഞു വെന്നാണ് കെ.സി. പക്ഷത്തിന്റെ അവകാശവാദം
  • എ ഗ്രൂപ്പ്
  • പൊതുവേ കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്ന നിലപാടാണെടുത്തത്. എ ഗ്രൂപ്പിലെ 18 പേർ കെ.സി. യുടെ പേർ പറഞ്ഞു. രണ്ടുകാരണങ്ങളാണ് ഇതിന് എ ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നത്. സണ്ണി ജോസഫ് സർക്കാരിന്റെ ഭാഗമാകുമ്പോൾ ബെന്നി ബെഹനാനെ കെ.പി.സി.സി. പ്രസിഡന്റ്സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന ഉറപ്പ്. സ്ഥാനാർഥി നിർണയം മുതൽ തിരഞ്ഞെടുപ്പ് ചെലവുവരെയുള്ള കാര്യങ്ങളിൽ കെ.സി. നൽകിയ സഹായം

ചെന്നിത്തലക്കൊപ്പം 23

  • 23 പേരിലാണ് ചെന്നിത്തലയുടെ വിശ്വാസം 23
  • കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് അടക്കം എട്ടുപേർ ആരുടെയും പേർ നിർദേശിച്ചില്ല
  • ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന 08 സ്വതന്ത്രനിലപാടാണ് സന്ദീപ് വാര്യർ, രമേഷ് പിഷാരടി, ചാണ്ടി ഉമ്മൻ എന്നിവരുൾപ്പെടെയുള്ളവർ സ്വീകരിച്ചത്

സതീശനൊപ്പം 35

  • കോൺഗ്രസ് എം.എൽ.എ.മാരിൽ 35 പേരുടെ പിന്തുണയാണ് 35 സതീശനൊപ്പമുള്ളവർ ഉറപ്പിക്കുന്നത്
  • ഘടകകക്ഷികൾ- ഓരോ കക്ഷിയെയും ഒറ്റയ്‌ക്കൊറ്റയ്ക്കാണ് കണ്ടത്. തിരഞ്ഞെടുപ്പ് ഘട്ടത്തിൽ മുന്നണിയെ ആത്മവിശ്വാസത്തോടെ നയിക്കാൻ വി.ഡി. സതീശൻ കഴിഞ്ഞുവെന്ന് ഘടകകക്ഷികൾ എല്ലാവരും ചൂണ്ടിക്കാട്ടി. പൊതുവികാരം സതീശൻ അനുകൂലമാണെന്നും വ്യക്തമാക്കി
  • അതേസമയം, മുഖ്യമന്ത്രിയായി സതീശനെമാത്രമേ തീരുമാനിക്കാവൂ എന്ന കടുംപിടിത്തം ആർക്കുമുണ്ടായിരുന്നില്ലെന്നാണ് വിവരം.
  • പക്ഷേ, സംസ്ഥാനത്ത് ഉടൻ ഉപതിരഞ്ഞെടുപ്പിനുള്ള സാഹചര്യം ഒരുക്കുന്നത് ജനങ്ങളെ വെല്ലുവിളിക്കുന്നതിന് തുല്യമാകുമെന്ന അഭിപ്രായം കക്ഷിനേതാക്കൾ അറിയിച്ചു.