തിരുവനന്തപുരം: തനിക്കെതിരേ ഗൂഢാലോചന നടക്കുകയാണെന്നും അന്വേഷിക്കണമെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാം മുഖ്യമന്ത്രിക്ക് കത്തുനൽകി. ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കണമെന്നാണാവശ്യം.
താൻ സ്ഥാനത്ത് തുടരണോയെന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാം. മുഖ്യമന്ത്രിയുടെ ഓഫീസിനെ അപകീർത്തിപ്പെടുത്തുകയാണ് തനിക്കെതിരായ നീക്കങ്ങളുടെ ലക്ഷ്യമെന്നും എബ്രഹാം മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തിൽ പറഞ്ഞു.
ജോമോൻ പുത്തൻപുരയ്ക്കലിന്റെ നേതൃത്വത്തിൽ തനിക്കെതിരേ ഗൂഢാലോചന നടത്തി. പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തുണ്ടായിരുന്ന രണ്ടുപേർക്കുകൂടി ഗൂഢാലോചനയിൽ പങ്കുണ്ട്. താൻ ധനവകുപ്പ് സെക്രട്ടറിയായിരിക്കേ, ഇവരുടെ അഴിമതി കണ്ടെത്തിയിരുന്നു. മൂന്നുപേരും സംസാരിച്ച ഫോൺവിളികളുടെ ശബ്ദരേഖാ തെളിവുകൾ തന്റെ പക്കലുണ്ട്. 2015 മുതൽ ഗൂഢാലോചന തുടങ്ങിയെന്നും കത്തിൽ പറയുന്നു.
അനധികൃത സ്വത്തു സമ്പാദനക്കേസിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് കെ.എം. എബ്രഹാം കാര്യങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്.
ജോമോൻ പുത്തൻപുരയ്ക്കൽ തനിക്കെതിരേ കോടതിയെ സമീപിച്ചത് വ്യക്തിവൈരാഗ്യംകാരണമാണെന്ന് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ജോമോൻ പുത്തൻപുരയ്ക്കൽ റസ്റ്റ് ഹൗസ് ദുരുപയോഗംചെയ്തതിന് ധനവകുപ്പ് സെക്രട്ടറിയായിരിക്കേ, താൻ പിഴചുമത്തിയതാണ് ശത്രുതയ്ക്ക് കാരണം. വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസും പിന്നിലുണ്ട്. ജേക്കബ് തോമസിനെതിരേ 20 കോടിയുടെ ക്രമക്കേട് താൻ കണ്ടെത്തിയിരുന്നു.
എല്ലാ രേഖകളും പരിശോധിക്കാതെയാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഭാര്യയുമായി ബന്ധപ്പെട്ട ബാങ്കുരേഖകൾ പരിശോധിച്ചില്ല. കൊല്ലത്തെ വ്യാപാരസമുച്ചയം സഹോദരന്മാരുമായുള്ള കരാറിന്റെയടിസ്ഥാനത്തിലുള്ളതാണെന്നും അതിനെല്ലാം രേഖയുണ്ടെന്നും എബ്രഹാം പറയുന്നു.
ഉത്തരവിനെതിരേ അപ്പീൽ നൽകാൻ എബ്രഹാം അഭിഭാഷകരെ കണ്ടു. 2015-ൽ ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്നകാലത്ത് വരവിൽക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നാണ് എബ്രഹാമിനെതിരേയുള്ള പരാതി.
Content Highlights: Kerala Chief Secretary Accuses Jomon of Conspiracy
Published: 16 Apr 2025, 12:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented