നിയമസഭയില്‍ ശബരിമല സ്വര്‍ണപ്പാളി വിഷയം ഉന്നയിച്ചതിനു പിന്നാലെ പ്രതിഷേധവുമായി പ്രതിപക്ഷം. ദേവസ്വം മന്ത്രി വി.എന്‍. വാസവന് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബാനറുമായി നടുത്തളത്തിലിറങ്ങി

സ്വർണപ്പാളി വിഷയത്തിൽ നിയമസഭയിൽ സ്പീക്കർ എ.എൻ. ഷംസീറിനെ മറച്ചുകെട്ടി പ്രതിപക്ഷ പ്രതിഷേധം
തിരുവനന്തപുരം: നിയമസഭയില്‍ ശബരിമല സ്വര്‍ണപ്പാളി വിഷയം ഉന്നയിച്ച് പ്രതിഷേധവുമായി പ്രതിപക്ഷം. ദേവസ്വം മന്ത്രി വി.എന്‍. വാസവന് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബാനറുകളുമായി നടുത്തളത്തിലിറങ്ങി. സ്പീക്കറെ മറച്ച് ബാനറുകള്‍ ഉയര്‍ത്തിയും പ്രതിപക്ഷം പ്രതിഷേധിച്ചു. ചോദ്യോത്തരവേള തടസ്സപ്പെടുത്തിക്കൊണ്ടുള്ള നടപടികള്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായതോടെ സഭാനടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചു.
ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് പ്രതിപക്ഷ പ്രതിഷേധമുണ്ടായത്. ‘കാട്ടുകള്ളന്മാര്, അമ്പലം വിഴുങ്ങികള്‍’, ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും രാജിവെയ്ക്കുക എന്നടക്കം എഴുതിയ ബാനറുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ഇത് സഭാമര്യാദയ്ക്കെതിരാണെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീറും ധനമന്ത്രി കെ.എന്‍. ബാലഗോപാലും പലയാവര്‍ത്തി പറഞ്ഞെങ്കിലും പ്രതിപക്ഷം വകവെച്ചില്ല. സഭയിലെ പുതിയ അംഗങ്ങളായ ആര്യാടന് ഷൗക്കത്തിനോടും ചാണ്ടി ഉമ്മനോടുമൊക്കെ ബാനര്‍ പിടിപ്പിക്കുന്നത് ശരിയാണോ എന്ന് ബാലഗോപാല്‍ ചോദിച്ചു.
സ്പീക്കറുടെ ഡയസിലേക്ക് കയറാനുള്ള ശ്രമവും പ്രതിപക്ഷാംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായി. ഇതോടെ സഭാനടപടികള്‍ മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയാത്ത സാഹചര്യം ചൂണ്ടിക്കാട്ടി സ്പീക്കര്‍ എ.എന്‍. ഷംസീര്‍ സഭാനടപടികള്‍ കുറച്ചുനേരത്തേക്ക് നിര്‍ത്തിവെച്ചു. സഭ ഇനി മറ്റു നടപടികളിലേക്ക് കടന്നാലും ഇതേ വിഷയംതന്നെ ഉന്നയിക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.
സ്വര്‍ണപ്പാളി വിഷയം ഗൗരവമായിത്തന്നെ സഭയില്‍ ഉന്നയിക്കാനുറച്ചാണ് പ്രതിപക്ഷം തിങ്കളാഴ്ച സഭയിലെത്തിയത്. അടിയന്തരപ്രമേയമായി നോട്ടീസ് നല്‍കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ അടിയന്തരപ്രമേയമായി ഉന്നയിക്കുന്നതിനു മുന്നേതന്നെ ചോദ്യോത്തരവേളയില്‍ വിഷയം അവതരിപ്പിക്കാം എന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനമെടുത്തു. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ചോദ്യോത്തരവേള തുടങ്ങിയ ഉടന്‍തന്നെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഈ വിഷയം സഭയില്‍ ഉന്നയിക്കുകയും പ്രതിഷേധിക്കുകയും ചെയ്തത്.
ഇടവേളയ്ക്കുശേഷം ഇന്നാണ് (തിങ്കളാഴ്ച) സഭാസമ്മേളനം വീണ്ടും ആരംഭിച്ചത്. സ്വര്‍ണപ്പാളി വിഷയത്തില്‍ സര്‍ക്കാര്‍ ഇതുവരെ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല. സ്വര്‍ണം നഷ്ടമായത് ദേവസ്വം ബോര്‍ഡിന്റെ തലയില്‍വെച്ച് സര്‍ക്കാര്‍ മാറിനില്‍ക്കുകയാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയും ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. സ്വര്‍ണംപൂശലുമായി ബന്ധപ്പെട്ട് നടന്ന നടപടികളില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം കോണ്‍ഗ്രസ് ഉന്നയിക്കുന്നുണ്ട്. അയ്യപ്പസംഗമം നടത്തി സര്‍ക്കാര്‍ സമുദായസംഘടനകളെ ഒപ്പംനിര്ത്തിയെങ്കിലും സ്വര്‍ണപ്പാളി വിവാദം തുറന്നുകാട്ടാനുള്ള അവസരമായി ഉപയോഗപ്പെടുത്തുകയാണ് പ്രതിപക്ഷം.
Content Highlights: sabarimala gold plating scandal protest in assembly
Published: 06 Oct 2025, 09:58 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented