
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ സർക്കാരിനെ ആര് നയിക്കും. കേരള ജനത വിധിയെഴുതാൻ ഇനി മണിക്കൂറുകൾ മാത്രം. പോർവിളികളും വിവാദങ്ങളും കൊഴുപ്പിച്ച നാലാഴ്ചയോളം നീണ്ടുനിന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് കൊടിയിറങ്ങി. താളമേളങ്ങളുടെയും വർണ്ണപ്പകിട്ടിന്റെയും അകമ്പടിയോടെ വിവിധ കേന്ദ്രങ്ങളിൽ പാർട്ടി പ്രവർത്തകർ ഒത്തുചേർന്നു. പരസ്പരം പോർവിളികൾ മുഴക്കി. ചിലയിടങ്ങളിൽ കയ്യാങ്കളിയിലേക്കെത്തി. കൊട്ടിക്കലാശത്തിന് പിന്നാലെ ഹരിപ്പാട്ടുണ്ടായ സംഘർഷത്തിൽ
എസ്.ഐ. ഉൾപ്പെടെ പത്തോളം പേർക്ക് പരിക്കേറ്റു. കൊട്ടിക്കലാശത്തിനുശേഷം പിരിഞ്ഞുപോകുന്നതിനിടെ ഹരിപ്പാട്ട് എൽ.ഡി.എഫ്., യു.ഡി.എഫ്. പ്രവർത്തകർ ഏറ്റുമുട്ടുകയായിരുന്നു. കല്ലേറിൽ എസ്.ഐ.യും രണ്ട് പോലീസ് ഉദ്യോഗസ്ഥരുമടക്കം പത്തോളം പേർക്ക് പരിക്കേറ്റു. ആറേകാലോടെ നഗരമധ്യത്തിലെ എഴിക്കകത്ത് ജങ്ഷനിലായിരുന്നു സംഭവം.
ടൗൺഹാൾ ജങ്ഷനിലായിരുന്നു എൽ.ഡി.എഫിന് കൊട്ടിക്കലാശത്തിന് പോലീസ് അനുമതി നൽകിയത്. ആറു മണി കഴിഞ്ഞ് ഇവിടെ നിന്നും പിരിഞ്ഞ പ്രവർത്തകർ എഴിക്കകത്ത് ജങ്ഷനിലൂടെ കൂട്ടമായി കടന്നുപോകുന്നതിനിടെ യു.ഡി.എഫ്. പ്രവർത്തകരുമായി തർക്കമുണ്ടായി. ആദ്യം കൊടികൊണ്ടാണ് പരസ്പരം അടിച്ചത്. പോലീസ് ഇടപെട്ട് പ്രവർത്തകരെ പിരിച്ചുവിടാൻ ശ്രമിച്ചു. ഇതിനിടെയാണ് കല്ലേറുണ്ടായത്. 10 മിനിറ്റോളം സ്ഥലത്ത് സംഘർഷാവസ്ഥയായിരുന്നു. കൂടുതൽ പോലീസെത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. കളമശ്ശേരിയിൽ ഉന്തും തള്ളുമുണ്ടായി. വടകരയിലും തർക്കമുണ്ടായി.
പാമ്പാടിയിൽ നടന്ന കൊട്ടിക്കലാശത്തിനിടയിൽ സിപിഎം ബിജെപി പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷമുണ്ടായി. ബിജെപിയുടെ പ്രചാരണ വാഹനത്തിന് മുകളിൽ സിപിഎം പ്രവർത്തകർ കയറിയതാണ് സംഘർഷത്തിനു കാരണം. ഇത് സംബന്ധിച്ച തർക്കത്തിനിടയിൽ വാഹനത്തിന്റെ ഡ്രൈവർക്കും മർദ്ദനമേറ്റു. വാഹനത്തിന് ചെറിയ കേടുപാട് സംഭവിച്ചു.പിന്നീട് വാഹനത്തിന് മുകളിൽ നിന്ന ബിജെപി പ്രവർത്തകനെ കൊടികെട്ടിയ പൈപ്പ് ഉപയോഗിച്ച് അടിക്കുകയും. ഇത് ഇരുകൂട്ടരും തമ്മിലുള്ള സംഘർഷത്തിന് കാരണമാകു കയായിരുന്നു.ഇരുകൂട്ടരും ചേരി തിരിഞ്ഞു മുദ്രാവാക്യം വിളിച്ചു.നേതാക്കളും പോലീസും ഇടപെട്ടു പ്രവർത്തകരെ ശാന്തരാക്കി.
കേരളത്തെ തകർത്ത പ്രളയം മനുഷ്യനിർമിതമാണെന്ന് ആരോപണം ഉയർത്തിയതിന് പിന്നാലെ പത്തനംതിട്ടയിൽ യുഡിഎഫ് കൊട്ടിക്കലാശത്തിൽനിന്ന് വിട്ടുനിന്നു. പാലായിൽ യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പനും കൊട്ടിക്കലാശത്തിൽ പങ്കെടുത്തില്ല. അതിന്റെ പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്ന് അ്‌ദ്ദേഹം പറഞ്ഞു. ബുധനാഴ്ചത്തെ മൗന പ്രചാരണങ്ങൾക്ക് ശേഷം വ്യാഴാഴ്ചയാണ് കേരളം വിധിയെഴുതുക.
വോട്ടർമാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
സംസ്ഥാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാൻ വോട്ടർമാർ പൂർണ്ണ സജ്ജരാകണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. വോട്ടെടുപ്പ് ദിവസം ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ വോട്ടർമാർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
1.വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പുവരുത്തുക
വോട്ടർ ഐഡി കാർഡ് (എപിക്) കൈവശം ഉണ്ടെങ്കിലും വോട്ടർ പട്ടികയിൽ പേരുണ്ടെങ്കിൽ മാത്രമേ വോട്ട് ചെയ്യാൻ സാധിക്കൂ. voters.eci.gov.in എന്ന വെബ്‌സൈറ്റ് വഴി പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പാക്കാം.
ബൂത്ത് ലെവൽ ഓഫീസർമാർ (ബി.എൽ.ഒ) നൽകുന്ന വോട്ടർ ഇൻഫർമേഷൻ സ്ലിപ്പ് (വി.ഐ.എസ്) വോട്ടെടുപ്പിന് മുൻപായി കൈപ്പറ്റുക. എന്നാൽ ഇതൊരിക്കലും വോട്ട് രേഖപ്പെടുത്താനുള്ള അടിസ്ഥാന തിരിച്ചറിയൽ രേഖയല്ല
2.തിരിച്ചറിയൽ രേഖകൾ
വോട്ടർ ഐഡി കാർഡ് ഹാജരാക്കാൻ സാധിക്കാത്തവർക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച 12 രേഖകൾ ഹാജരാക്കാം. ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, എം.ജി.എൻ.ആർ.ഇ.ജി.എ ജോബ് കാർഡ്, ഫോട്ടോ പതിപ്പിച്ച ബാങ്ക്/ തപാൽ പാസ്ബുക്ക്, തൊഴിൽ മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം നൽകിയ ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ് ആയുഷ്മാൻ ഭാരത് ഹെൽത്ത് കാർഡ്, എൻ.പി.ആർ പ്രകാരം ആർ.ജി.ഐ അനുവദിച്ച സ്മാർട്ട് കാർഡ്, ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖകൾ, എം.പിമാർ എം.എൽ.എമാർ എന്നിവർക്കു നൽകുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡ്, കേന്ദ്ര സംസ്ഥാന സർക്കാരുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, പബ്ലിക് ലിമിറ്റഡ് കമ്പനികൾ എന്നിവ അനുവദിച്ച ഫോട്ടോ സഹിതമുള്ള സർവ്വീസ് ഐഡന്റിറ്റി കാർഡ്, സാമൂഹ്യനീതി - ശാക്തീകരണ മന്ത്രാലയം നൽകുന്ന യൂണിക് ഡിസബിലിറ്റി ഐഡി ( യു.ഡി.ഐ.ഡി)എന്നിവയിൽ ഏതെങ്കിലും ഒരു രേഖ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം
3.വോട്ട് രേഖപ്പെടുത്തുന്ന രീതി (ഇ.വി.എം & വിവിപാറ്റ്)
വോട്ടിംഗ് മെഷീനിൽ നിങ്ങൾ ഉദ്ദേശിക്കുന്ന സ്ഥാനാർത്ഥിയുടെ പേരിന് നേരെയുള്ള ബട്ടൺ അമർത്തുക. ഉടൻ തന്നെ മെഷീനിൽ നിന്ന് ഒരു ബീപ് ശബ്ദം കേൾക്കാം.
വിവിപാറ്റ് പരിശോധന: ബട്ടൺ അമർത്തിയ ശേഷം മെഷീന് സമീപമുള്ള വിവിപാറ്റ് ബോക്‌സിനുള്ളിലെ ഗ്ലാസിലൂടെ നിങ്ങൾ വോട്ട് ചെയ്ത സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും അടങ്ങിയ സ്ലിപ്പ് ഏഴ് സെക്കൻഡ് നേരത്തേക്ക് കാണാൻ സാധിക്കും. വോട്ട് കൃത്യമായി രേഖപ്പെടുത്തി എന്ന് ഇതിലൂടെ ഉറപ്പാക്കാം.
4.പോളിംഗ് ബൂത്തിലെ സൗകര്യങ്ങൾ
ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും ക്യൂ നിൽക്കാതെ വോട്ട് ചെയ്യാൻ റാംപ് സൗകര്യം, ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമായിരിക്കും. വോട്ടെടുപ്പ് ദിവസം പോളിംഗ് ബൂത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. കുടുംബശ്രീ വോളണ്ടിയർമാർക്കാണ് ഫോണുകൾ സൂക്ഷിക്കുന്നതിനുള്ള ചുമതല ജില്ലാകളക്ടർ നൽകിയിരിക്കുന്നത്. ജില്ലയിലെ 3689 ബൂത്തുകളിലും വോളണ്ടിയർമാരുടെ സേവനം കുടുംബശ്രീ മെമ്പർമാർ മുഖേന ഏർപ്പെടുത്തും. വോട്ട് ചെയ്യാൻ ബൂത്തിലേക്ക് കയറുന്ന പത്തുപേരുടെ വീതം മൊബൈൽ ഫോണുകൾ ബൂത്തിന് പുറത്ത് പ്രത്യേക പൗച്ചിൽ കുടുംബശ്രീ പ്രവർത്തകർ സൂക്ഷിക്കും. മൊബൈൽ ഫോണുകൾ സൂക്ഷിക്കുന്ന സംവിധാനത്തിന്റെ മേൽനോട്ട ചുമതല ബി.എൽ.ഒ മാർക്കായിരിക്കും. ടോക്കൺ സംവിധാനത്തിലൂടെയായിരിക്കും മൊബൈൽ ഫോൺ സൂക്ഷിക്കുക. വോട്ട് ചെയ്തതിനുശേഷം ടോക്കൺ തിരികെ നൽകി മൊബൈൽ ഫോൺ കൈപ്പറ്റാം. പോളിംഗ് ബൂത്തിന്റെ 100 മീറ്റർ പരിധിക്ക് മുൻപായി മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആക്കണം. ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ഗർഭിണികൾക്കും സേവനം നൽകാൻ വോളണ്ടിയർമാരുണ്ടാകും.
നിയമസഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് ഡ്രൈഡേ പ്രഖ്യാപിച്ചു
നിയമസഭാ പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് അവസാനിക്കുന്നതിന്റെ തൊട്ടുമുൻപുള്ള 48 മണിക്കൂർ സമയവും വോട്ടെണ്ണൽ ദിവസവും സംസ്ഥാനത്ത് മദ്യനിരോധനം (ഡ്രൈഡേ) ഏർപ്പെടുത്തി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് നടപടി. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ക്ലബ്ബുകൾ, മദ്യഷാപ്പുകൾ തുടങ്ങി മദ്യം വിളമ്പുന്നതോ വിൽക്കുന്നതോ ആയ എല്ലാ പൊതു-സ്വകാര്യ ഇടങ്ങളിലും നിയന്ത്രണം ബാധകമായിരിക്കും. സ്റ്റാർ ഹോട്ടലുകൾ, നോൺ-പ്രൊപ്രൈറ്ററി ക്ലബ്ബുകൾ എന്നിവയുൾപ്പെടെ ഏത് തരത്തിലുള്ള മദ്യ ലൈസൻസ് ഉള്ള സ്ഥാപനങ്ങൾക്കും ഈ ദിവസങ്ങളിൽ മദ്യം വിളമ്പാൻ അനുമതി ഉണ്ടായിരിക്കില്ല. വ്യക്തികൾ മദ്യം സംഭരിച്ചുവെക്കുന്നതിനും കർശന നിയന്ത്രണമുണ്ട്. അനധികൃതമായി മദ്യം സൂക്ഷിക്കുന്നവർക്കെതിരെ എക്‌സൈസ് നിയമപ്രകാരം നടപടി സ്വീകരിക്കും. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള മദ്യക്കടത്ത് തടയാൻ കർശന പരിശോധന നടത്താനും നിർദ്ദേശമുണ്ട്.
Content Highlights: Official conclusion of the 2026 Kerala Assembly election campaign., Report on election-related violence and clashes in Haripad
Published: 07 Apr 2026, 07:57 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented