ന്യൂഡല്‍ഹി: ആശ വര്‍ക്കര്‍മാരുടെ സമരം സംസ്ഥാന സര്‍ക്കാരിന്റെ പരാജയമെന്ന് കേന്ദ്രസര്‍ക്കാര്‍. ആശ വര്‍ക്കര്‍മാര്‍ക്ക് ശമ്പളം നല്‍കാന്‍ കഴിയാത്തത് സംസ്ഥാന സര്‍ക്കാരിന്റെ കഴിവില്ലായ്മയുടെ തെളിവാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിന് 938.80 കോടി രൂപ നല്‍കിയിരുന്നു. ബജറ്റില്‍ വകയിരുത്തിയതില്‍ അധികമായി 120 കോടി കേരളത്തിന് നല്‍കിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കുറിപ്പില്‍ പറയുന്നു.

To advertise here,

ആശ, അംഗന്‍വാടി, ആരോഗ്യപ്രവര്‍ത്തകരുടെ ശമ്പളവും കുടിശ്ശികയും നല്‍കാന്‍ കഴിയാത്തതിന് കാരണം സംസ്ഥാനത്തിന്റെ ഭരണപരാജയമാണെന്നാണ് കുറിപ്പിലെ ആരോപണം. ആശ വര്‍ക്കര്‍മാരുടെ ശമ്പളം കഴിഞ്ഞ രണ്ടുമുതല്‍ ആറുമാസംവരെ കൊടുക്കാന്‍ കഴിയാത്തത് സി.പി.എം. നേതൃത്വം നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കഴിവില്ലായ്മയും പിടിപ്പുകേടുമാണ്. പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫ്. സര്‍ക്കാര്‍ ആശ- അംഗന്‍വാടി വര്‍ക്കര്‍മാരോട് ഉദാസീനത കാണിക്കുന്നു. സര്‍ക്കാരിന്റെ പരാജയം മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുകയാണെന്നും കുറിപ്പില്‍ ആരോപിക്കുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ പരാജയം അഭിസംബോധന ചെയ്യേണ്ടതിന് പകരം, കേരളത്തിലെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ കേന്ദ്രത്തെ പഴിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. കേന്ദ്രം ഫണ്ട് അനുവദിക്കുന്നതിലെ താമസമാണ് ആശ വര്‍ക്കര്‍മാരുടെ ശമ്പളം വൈകാന്‍ കാരണമെന്ന് സംസ്ഥാനത്തെ മന്ത്രിമാര്‍ തെറ്റിദ്ധരിപ്പിക്കുന്നു. ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതിന് പകരം കഴിവില്ലായ്മ മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുകയാണെന്നും കുറിപ്പില്‍ കുറ്റപ്പെടുത്തുന്നു.

നേരത്തെ, സംസ്ഥാനത്തുനിന്നുള്ള സഹമന്ത്രി സുരേഷ് ഗോപി, കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയെ സന്ദര്‍ശിച്ചിരുന്നു. ആശ വര്‍ക്കര്‍മാരുടെ സമരവും പ്രശ്‌നങ്ങളും കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേഷ് ഗോപി പറഞ്ഞിരുന്നു. പിന്നാലെയാണ് കേന്ദ്രത്തിന്റെ കുറിപ്പ്.