കൊച്ചി: അമ്മയുടെ വിയോഗം വിശ്വസിക്കാനാകുന്നില്ല, അപകട സ്ഥലത്തുതന്നെ അമ്മയുടെ ജീവൻ നഷ്ടമായിരുന്നു. പക്ഷേ, 12 മണിക്കൂറിനുശേഷമാണ് മരണവാർത്ത അറിയിച്ചത്- കെനിയയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഗീത ഷോജി ഐസക്കിന്റെ, എറണാകുളം കലൂരിൽ താമസിക്കുന്ന മകൻ ഡോ. ജോയൽ മാധ്യമങ്ങളോട് പറഞ്ഞു.

To advertise here,

ഖത്തറിൽനിന്ന് പെരുന്നാളവധിക്ക് ഒരാഴ്ചത്തെ സഞ്ചാരത്തിനായി കെനിയയിലെത്തിയപ്പോഴാണ് ഗീത ഷോജിയും കുടുംബവും അപകടത്തിൽപ്പെട്ടത്.

‘പിതാവ് ഷോജി ഐസക്കും സഹോദരൻ ഏബിളും ആശുപത്രിയിലാണ്. സഹോദരന് ശസ്ത്രക്രിയ വേണ്ടിവരും. പിതാവിന് എല്ലിന് ഒടിവുണ്ട്. വീൽചെയറിലാണ് അദ്ദേഹം ഇപ്പോൾ. പിതാവിന്റെ സഹോദരൻ എമർജൻസി വിസയെടുത്ത് കെനിയയിലേക്ക് തിരിച്ചിട്ടുണ്ട്’ - ഡോ. ജോയൽ പറഞ്ഞു.

കണ്ണീരണിഞ്ഞ് പേഴയ്ക്കാപ്പിള്ളി

കെനിയയിൽ വാഹനാപകടത്തിൽ മരിച്ച ഒരു വയസ്സുള്ള കുഞ്ഞും അമ്മയും മൂവാറ്റുപുഴ സ്വദേശികൾ. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി പള്ളിപ്പടിയിലെ കുറ്റിക്കാട്ട് ചാലിൽ മക്കാരിന്റെയും പല്ലാരിമംഗലം അടിവാട് വിളക്കത്ത് വീട്ടിൽ ലൈലയുടെയും മകളാണ് ജസ്‌ന മക്കാർ (29). ജസ്‌നയുടെ മകളാണ് റൂഹി മെഹ്‌റിൻ (ഒന്നര വയസ്സ്). പേഴയ്ക്കാപ്പിള്ളിയിൽനിന്ന് ചാവക്കാട്ടേക്ക് വിവാഹം കഴിച്ചയച്ചതാണ് ജസ്‌നയെ. ഭർത്താവ് മുഹമ്മദ് ഹനീഫിനൊപ്പം ദീർഘനാളായി ഖത്തറിലാണിവർ. അടുത്തനാളിലാണ് ജസ്‌നയ്ക്ക് അവിടെ ജോലിയായത്. ജസ്‌നയുടെ ബാപ്പ മക്കാരും ലൈലയും മകൻ ജെസിൻ മുഹമ്മദിനൊപ്പം ദുബായിയിലാണ്. ഇവരുടെ മൂത്ത മകൾ ജാസ്മിനും കുടുംബവും വിദേശത്താണ്.

ഭാര്യയും കുഞ്ഞും മടങ്ങിയതറിയാതെ ഹനീഫ്

തന്നെ തനിച്ചാക്കി ഭാര്യയും കുഞ്ഞും മടങ്ങിയതറിയാതെ കെനിയയിൽ ആശുപത്രിക്കിടക്കയിൽ ചികിത്സയിലാണ് ഹനീഫ് എന്നാണ് ബന്ധുക്കൾക്ക് കിട്ടിയ വിവരം. കെനിയയിലുണ്ടായ വാഹനാപകടത്തിൽ വെങ്കിടങ്ങ് തൊയക്കാവ് സ്വദേശി മാടക്കായിൽ മുഹമ്മദ് ഹനീഫും കുടുംബവും ഉൾപ്പെട്ടിരുന്നു. തിങ്കളാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് വെങ്കിടങ്ങിലെ ഹനീഫിന്റെ കുടുംബം മരണവാർത്ത അറിയുന്നത്. അപകട വാർത്തയറിഞ്ഞ് മുഹമ്മദ് ഹനീഫയുടെ സഹോദരി ഹെബയും ഭർത്താവ് സുബൈറും ഖത്തറിൽനിന്ന് കെനിയയിലേക്ക് യാത്രതിരിച്ചിട്ടുണ്ട്.