തിരുവനന്തപുരം: സർക്കാരിന്റെ മദ്യനയത്തിനെതിരേ കെസിബിസി (കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ) സർക്കുലർ. മദ്യവിരുദ്ധ ഞായർ ആചരണത്തിന്റെ ഭാഗമായി പള്ളികളിൽ സർക്കുലർ വായിച്ചു. മദ്യശാലകൾക്ക് യഥേഷ്ടം ലൈസൻസ് നൽകി ഈ സർക്കാർ ചരിത്രത്തിൽ ഇടം നേടി. ലഹരി തടയേണ്ട സംവിധാനങ്ങൾ നിസ്സംഗതയോടെ പ്രഹസന മീറ്റിങ് നടത്തി തലയൂരുന്നു എന്നും സർക്കുലറിൽ കുറ്റപ്പെടുത്തൽ.

To advertise here,

സിറോ മലബാർ, മലങ്കര, ലത്തീൻ വിഭാഗം പള്ളികളിലാണ് സർക്കുലർ വായിച്ചത്. കെസിബിസി മദ്യവിരുദ്ധ സമിതിയുടേതാണ് സർക്കുലർ. 2016ൽ ബാറുകളുടെ എണ്ണം 29 എണ്ണമായിരുന്നു. ആ ഘട്ടത്തിൽ സർക്കാർ അധികാരത്തിലെത്തുമ്പോൾ മദ്യത്തെ പ്രോത്സാഹിപ്പിക്കില്ലെന്നും ഒരു തുള്ളി മദ്യം പോലും കൂടുതലായി അനുവദിക്കില്ല എന്നും പറഞ്ഞിരുന്നു. എന്നാൽ സർക്കാർ അധികാരത്തിലെത്തിയപ്പോൾ മദ്യവർജ്ജനമായി മാറി. അത് ഒരു വ്യക്തി സ്വയം സ്വീകരിക്കേണ്ട തീരുമാനമാണ്. സർക്കാർ തലത്തിൽ വേണ്ടത് നടപടിയാണ്. യാഥാർത്ഥ്യം കാറ്റിൽ പറത്തി മദ്യശാലകൾക്ക് യഥേഷ്ടം ലൈസൻസ് അനുവദിച്ചെന്നും സർക്കുലറിൽ കുറ്റപ്പെടുത്തുന്നു.

രണ്ടാം ഇടതുസർക്കാർ അധികാരത്തിലെത്തിയശേഷം സംസ്ഥാനത്താകെ ആയിരത്തിലധികം ബാറുകൾ, 337ലധികം ബെവ്കോ- കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകൾ, 5041 ഓളം കള്ളുഷാപ്പുകൾ തുടങ്ങി മദ്യശാലകളുടെ പെരുംപ്രളയത്തിലാണ് സംസ്ഥാനമെന്നും സർക്കുലറിൽ പറയുന്നു.

രാസലഹരികളുടെ കുത്തൊഴിക്കിന് കാരണം മദ്യത്തിന്റെ ലഭ്യത കുറവാണെന്ന് പറഞ്ഞായിരുന്നു മദ്യശാലകൾക്ക് യഥേഷ്ടം ലൈസൻസ് നൽകി ഈ സർക്കാർ ചരിത്രത്തിൽ ഇടംനേടിയത്. എന്നാൽ മദ്യപിച്ചുകൊണ്ടിരുന്നവരല്ല മാരക രാസലഹരികൾ ഉപയോഗിക്കുന്നതെന്നും സർക്കുലറിൽ പറയുന്നു. നടപടിയെടുക്കേണ്ടവർ നിസംഗതയോടെ പ്രഹസന മീറ്റിങ്ങുകൾ നടത്തി തലയൂരുന്നുവെന്നും സർക്കുലറിൽ കുറ്റപ്പെടുത്തൽ.