കോഴിക്കോട്: മാറാട് കലാപം വീണ്ടും കുത്തിപ്പൊക്കി മുഖ്യമന്ത്രി പിണറായി വിജയൻ തീക്കൊള്ളികൊണ്ട് തലചൊറിയാനാണ് ശ്രമിച്ചതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കോഴിക്കോട് മുതലക്കുളത്ത് യുഡിഎഫ് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച 'വിജയാരവം' ജനപ്രതിനിധിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നമ്മൾ ഒരിക്കലും ആഗ്രഹിക്കാത്തതാണ് മാറാട് പോലുള്ള കലാപം. കേരളത്തിൽ മതങ്ങൾ തമ്മിൽ മൈത്രിവേണം എന്ന തീരുമാനത്തിൽ ഹൈന്ദവരും ക്രൈസ്തവരുമുണ്ട്. അവരോടൊപ്പം എടുത്തുപറയാൻ പാണക്കാട് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും എന്നുമുണ്ടായിരുന്നു. എ.കെ. ആന്റണി അന്ന് മുഖ്യമന്ത്രിയായിരുന്നു. നിർഭാഗ്യകരമായ കലാപത്തിലെ യഥാർഥപ്രതികളെ അകത്താക്കാനും അത്തരം ഒരു കലാപം പിന്നീട് ആവർത്തിക്കാതിരിക്കാനും വർഗീയത ആളിക്കത്തിക്കുകയല്ല, അത് അവസാനിപ്പിക്കുകയാണെന്ന പ്രഖ്യാപനത്തിലൂടെ മുന്നോട്ടുപോവാനും ഐക്യജനാധിപത്യമുന്നണിയുണ്ടായിരുന്നു. നിങ്ങൾ അന്ന് രാഷ്ട്രീയക്കച്ചവടവുമായി ഇവിടെവന്നു. പിണറായി പറയുന്നത് കേട്ടു, കുഞ്ഞാലിക്കുട്ടിയെ ഒഴിവാക്കിയാണ് ആന്റണി വന്നതെന്ന്. പിണറായി സർവരുമായി കൂടെപ്പോയി എന്ന്. മാതൃഭൂമി അതിനെക്കുറിച്ച് വ്യക്തമായി എഴുതിയിട്ടുണ്ട്. പിണറായി അവിടെപ്പോയപ്പോൾ നേരിടേണ്ടിവന്ന വലിയ പ്രതിഷേധത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. ഒരു മുഖ്യമന്ത്രി നടത്തേണ്ട പ്രസ്താവനയാണോ പിണറായി വിജയൻ ഇപ്പോൾ നടത്തുന്നത്.
യുഡിഎഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ അധ്യക്ഷനായി. എംപിമാരായ ഷാഫി പറമ്പിൽ, എം.കെ. രാഘവൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മിലി മോഹൻ, വൈസ് പ്രസിഡന്റ് കെ.കെ. നവാസ്, കെ. ബാലനാരായണൻ, കെ. പ്രവീൺകുമാർ, പി.എം. നിയാസ്, ടി.ടി. ഇസ്മയിൽ, എം.എ. റസാഖ്, സി.കെ. സുബൈർ, വി.എം. ജോയ്, നൂർബിന റഷീദ്, വിദ്യാബാലകൃഷ്ണൻ, എം.സി. മായിൻ ഹാജി, ഉമ്മർ പാണ്ടികശാല, പി. കുൽസു എന്നിവർ സംസാരിച്ചു.
Content Highlights: KC Venugopal criticizes CM Pinarayi Vijayan for reopening the Marad riots issue, accusing him of trying to incite communal tension. Read more.
Published: 11 Jan 2026, 11:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented