കൊട്ടാരക്കര(കൊല്ലം): മന്ത്രിസ്ഥാനം തിരികെ നൽകാത്തതിലുള്ള വിരോധത്തിൽ ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് കെ.ബി. ഗണേഷ്‌കുമാർ പറഞ്ഞിരുന്നതായി കോടതിയിൽ മൊഴി. 2011 മുതൽ 13 വരെ ഉമ്മൻചാണ്ടിയുടെ പേഴ്‌സണൽ സ്റ്റാഫായിരുന്ന സുധീർ മലയിലാണ് കഴിഞ്ഞദിവസം കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ്‌ കോടതിയിൽ മൊഴിനൽകിയത്. ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്താൻ സോളാർ കേസ് പ്രതിയുടെ കത്തിൽ നാലുപേജ് ഗൂഢാലോചന നടത്തി അധികമായി എഴുതിച്ചേർത്തെന്ന കേസിലാണ് നാലാം സാക്ഷിയായി സുധീർ മലയിൽ മൊഴിനൽകിയത്.

To advertise here,

2013-ൽ മന്ത്രിസഭയിൽനിന്ന് ഗണേഷ്‌കുമാറിനെ ഒഴിവാക്കണമെന്നുകാട്ടി ആർ. ബാലകൃഷ്ണപിള്ള സ്പീക്കർക്കും മുഖ്യമന്ത്രിക്കും കത്തുനൽകിയിട്ടും ഉമ്മൻചാണ്ടി ഗണേഷിനെ സംരക്ഷിച്ചു. 2013-ൽ ഭാര്യ യാമിനി തങ്കച്ചി മ്യൂസിയം പോലീസിൽ നൽകിയ ഗാർഹികപീഡനക്കേസ് അറസ്റ്റിന്റെ ഘട്ടമെത്തിയപ്പോഴാണ് 2013 ഏപ്രിൽ രണ്ടിന് ഗണേഷ്‌കുമാറിന് രാജിവയ്ക്കേണ്ടിവന്നത്. കേസ് ഒത്തുതീർപ്പാക്കാൻ അന്ന്‌ തൊഴിൽമന്ത്രിയായിരുന്ന ഷിബു ബേബിജോണിനെയാണ് ഉമ്മൻചാണ്ടി ചുമതലപ്പെടുത്തിയത്. കേസ് ഒത്തുതീർപ്പായതോടെ വീണ്ടും മന്ത്രിയാകാനുള്ള ആഗ്രഹം ഉമ്മൻചാണ്ടിയോടും യു.ഡി.എഫ്. നേതാക്കളോടും ഗണേഷ്‌കുമാർ അറിയിച്ചു. എന്നാൽ പലവിധ കാരണങ്ങളാൽ നടന്നില്ല. ഇതിന്റെ നീരസം ഗണേഷ്‌കുമാറിനുണ്ടായിരുന്നു.

ഉമ്മൻചാണ്ടിയെയും യു.ഡി.എഫ്. നേതാക്കളെയും പാഠംപഠിപ്പിക്കും, പെണ്ണുകേസിൽ പ്രതിയാക്കും എന്നെല്ലാം അന്ന് അടുപ്പമുണ്ടായിരുന്ന തന്നോടു പറഞ്ഞിട്ടുണ്ട്. 2015-ൽ ഗണേഷ്‌കുമാർ ഇടതുമുന്നണിയോട് അടുക്കുകയും പത്തനാപുരത്ത് വിജയിക്കുകയും ചെയ്തു. സോളാർ കമ്മിഷൻ റിപ്പോർട്ടിൽ ഉമ്മൻചാണ്ടിയുടെ പേര് ഉൾപ്പെട്ടെന്നറിഞ്ഞപ്പോഴാണ് ഗൂഢാലോചന ബോധ്യമായതെന്നും സുധീർ മലയിൽ മൊഴിനൽകി. ഇപ്പോൾ കോൺഗ്രസ് പത്തനാപുരം ബ്ലോക്ക് പ്രസിഡന്റാണ്.

സോളാർ കേസ് പ്രതി, മന്ത്രി കെ.ബി. ഗണേഷ്‌കുമാർ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി അഭിഭാഷകൻ സുധീർ ജേക്കബാണ് കേസ് നൽകിയിരിക്കുന്നത്. വാദിഭാഗത്തിനുവേണ്ടി അഭിഭാഷക ജോളി ഹാജരായി.