കുമ്പള (കാസർകോട്): ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രതിശ്രുതവരന്റെ മരണത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കുമ്പള കിദുർ കുണ്ടങ്കരടുക്കയിലെ പ്രഫുല (26) യാണ് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

To advertise here,

തമിഴ്‌നാട് സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ മണിയുമായി യുവതിയുടെ വിവാഹനിശ്ചയം നാലു മാസം മുൻപ് നടന്നിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് മണി സഞ്ചരിച്ചിരുന്ന ബൈക്കും മറ്റൊരു ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരിച്ചു.

മണിയുടെ ശവസംസ്‌കാര ചടങ്ങിൽ പ്രഫുലയും കുടുംബാംഗങ്ങളും പങ്കെടുത്തിരുന്നു. സംഭവത്തിനു ശേഷം യുവതി കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച കുടുംബാംഗങ്ങൾ മറ്റൊരു വിവാഹത്തിൽ പങ്കെടുക്കാൻ പോയിരുന്നപ്പോൾ വീട്ടിൽ തനിച്ചായിരുന്ന യുവതി തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പറയുന്നു.

യുവതി എഴുതിയതെന്നു കരുതുന്ന ആത്മഹത്യക്കുറിപ്പും മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തു. മണിയുടെ വിയോഗം താങ്ങാൻ കഴിയുന്നില്ലെന്നും അദ്ദേഹത്തെ സംസ്‌കരിച്ച സ്ഥലത്തുതന്നെ എന്നെയും സംസ്‌കരിക്കണമെന്നും കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്. ഈ കാര്യം കുടുംബാംഗങ്ങൾ തമ്മിൽ സംസാരിച്ച് ധാരണയായി. കാസർകോട് ജനറൽ ആസ്പത്രിയിൽ നിന്ന് മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി.

ഉപ്പളയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരി ആയിരുന്നു പ്രഫുല. പിതാവ്: ബി.ജയാനന്ദ .മാതാവ്: ദേവി.സഹോദരങ്ങൾ: പ്രമോദ് കുമാർ, പ്രമോദിനി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)