കാഞ്ഞങ്ങാട്: പ്രിയ കൂട്ടുകാരന്റെ കാൽ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിൽനിന്ന് ഇവർ ഇനിയും പൂർണമായും മുക്തമായിട്ടില്ല. ലോകകപ്പ് ആവേശം നിറഞ്ഞ്, ഫുട്‌ബോൾ ചർച്ചയിൽ വീറും വാശിയും മുറ്റിനിന്ന ഇവരുടെ വാട്‌സാപ്പ് ഗ്രൂപ്പ് പോലും ഇപ്പോൾ നിശബ്ദമാണ്. അങ്ങോട്ടുമിങ്ങോട്ടുമുള്ള ഫോൺ കോളിൽ പോലും സ്വരമിടറാതെ വിവരങ്ങൾ കൈമാറാനാകുന്നില്ല ആർക്കും. കഴിഞ്ഞ ദിവസം മംഗ്ലൂരു ആസ്പത്രിയിൽ കാൽ മുറിച്ചുമാറ്റിയ സിവിൽപോലീസ് ഓഫീസർ പിലിക്കോട് കണ്ണങ്കൈയിലെ സൂരജ് ഉൾപ്പെട്ട ജില്ലാ പോലീസ് ഫുട്‌ബോൾ ടീം വാട്‌സാപ്പ് ഗ്രൂപ്പാണിത്.

To advertise here,

മികച്ച ഫുട്‌ബോൾ കളിക്കാരനാണ് സൂരജ്. വളരെ ചെറുപ്പം മുതൽക്കേ കളിക്കും. സൂപ്പർ ഡിഫന്റർ എന്നാണ് സൂരജിനെ വിശേഷിപ്പിച്ചിരുന്നത്. നാട്ടിലെ ജനത കണ്ണങ്കൈ ക്ലബ്ബാണ് കളിയുടെയും കളി പറയുന്നതിന്റെയും പ്രധാന ഇടം. പിലിക്കോട് പാറ ഗ്രൗണ്ടിലാണ് നിത്യവുമുള്ള പരിശീലനം. ഇടയ്ക്ക് കാലിക്കടവ് മൈതാനത്തേക്കും പോകും. കഴിഞ്ഞവർഷം കേരളപോലീസിന്റെ സംസ്ഥാനതല ഫുട്‌ബോൾ ടൂർണമെന്റിൽ ക്വാർട്ടർ ഫൈനലിൽ വരെ എത്തിയ ടീമാണ് കാസർകോടിന്റെത്. രണ്ടാംവർഷം കണ്ണൂരിൽ നടന്ന ഉത്തരമേഖല ഡി.ഐ.ജി.കപ്പ് നേടിയത് സൂരജ് ഉൾപ്പെട്ട കാസർകോട് ടീം ആണ്. അർജിന്റീന അരാധകനാണ് അവനെന്ന് പോലീസ് ടീമംഗങ്ങളും നാട്ടുകാരുമായ വീനിതും ബൈജുവും പറയുന്നു.

ഈ മാസം 18-ന് അപകടം നടക്കുന്നതിന്റെ തലേന്നാൾ രാത്രി ലോകകപ്പ് ആവേശം പറഞ്ഞ് പിരിഞ്ഞതാണ്. പിലിക്കോട് കണ്ണങ്കൈ സ്വദേശിയാണ് സൂരജ്. പിലിക്കോട് ഗവ.ഹയർ സെക്കൻഡറിയിലെ ഹൈസ്‌കൂൾ പഠനകാലത്തും പടന്നക്കടപ്പുറം ഗവ.ഹയർ സെക്കൻഡറിയിൽ തുടർന്ന് പഠിക്കുമ്പോഴും ഐ.ടി.ഐ.ഡിപ്ലോമ കോഴ്‌സിന്റെ സമയത്തുമെല്ലാം ഫുട്‌ബോൾ കളിയിൽ സജീവമായിരുന്നു. ഒൻപത് വർഷത്തോളമായി പോലീസിൽ ജോലി കിട്ടിയിട്ട്. ആദ്യം മാങ്ങാട്ട് പറമ്പ് കെ.എ.പി.ക്യാമ്പ്. കാസർകോട് എ.ആർ.ക്യാമ്പിലെത്തിയിട്ട് ആറു വർഷത്തോളമായി. അന്ന് ഹൈവെ പട്രോളിങ് ഡ്യൂട്ടിയായിരുന്നു. കാഞ്ഞങ്ങാട് പടന്നക്കാട് ദേശീയപാതയോരത്ത് ജീപ്പ് നിർത്തി അതിന്റെ പിറകിൽ നിൽക്കുകയായിരുന്നു സൂരജും ഒപ്പമുണ്ടായിരുന്ന മറ്റൊരു സിവിൽപോലീസ് ഓഫീസർ ചിറ്റാരിക്കാൽ കുന്നുംകൈയിലെ അലോഷ്യസും. ജീവിതത്തിന്റെ ഗതി മാറ്റിമറിക്കുന്ന ആ കാർ നിയന്ത്രണം വിട്ട് പാഞ്ഞെത്തിയതേ ഓർമയുള്ളൂ. രണ്ടുപേരുടെയും കാലുകൾ തകർന്നു.

മംഗ്‌ളൂരുവിലെ ചികിത്സയിൽ ആദ്യം കാൽ മുറിച്ചുമാറ്റിയത് സൂരജിന്റെതായിരുന്നു. ഇടതുകാലിന്റെ മുട്ടിനു താഴെവച്ചാണ് മുറിച്ചത്. രണ്ടാമത്തെ കാലിന് 70 ശതമാനം പരിക്ക്. ഈ കാൽ അല്പമെങ്കിലും ഭേദമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഡോക്ടർമാർ. ഒന്നിലേറെ ശസ്ത്രക്രിയയകൾ ഇതിനകം കഴിഞ്ഞു. അലോഷ്യസിന്റെ വലതുകാലിന്റെ തുടയെല്ലിനാണ് പരിക്കേറ്റത്. അവിടം മുതൽ മുറിച്ചുമാറ്റേണ്ടിവന്നു. രണ്ടു പേരുടെയും ചികിത്സാച്ചെലവ് പൂർണമായും വഹിക്കുന്നത് പോലീസ് വെൽഫെയർ ബ്യൂറോയാണ്.