തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ 37 ഏക്കര്‍ ഭൂമി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണത്തിന് പാട്ടവ്യവസ്ഥയില്‍ നല്‍കിയ വകയില്‍ സ്റ്റേഡിയം കരാറുകാര്‍ 82 കോടി രൂപ പാട്ടക്കുടിശ്ശികയായി സര്‍വ്വകലാശാലയ്ക്ക് നല്‍കാനുണ്ടെന്ന് വിവരാവകാശ രേഖ.
കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ചെയര്‍മാനായി സ്റ്റേഡിയം മേല്‍നോട്ട കമ്മിറ്റിയുണ്ടെങ്കിലും പാട്ടകുടിശ്ശിക ഈടാക്കുന്നതില്‍ നിസ്സംഗത പാലിക്കുന്നതായാണ് ആക്ഷേപം. രാഷ്ട്രീയസമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് പാട്ടത്തുക വാങ്ങാതെ കഴിഞ്ഞ 10 വര്‍ഷമായി സ്റ്റേഡിയം പ്രവര്‍ത്തിക്കാന്‍ അനുവദിച്ചതെന്നാണ് ആരോപണം.
കാര്യവട്ടം സ്‌പോര്‍ട്ട്‌സ് ഫെസിലിറ്റീസ് ലിമിറ്റഡ് എന്ന ഏജന്‍സിയും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നാഷണല്‍ ഗെയിംസ് സെക്രട്ടറിയേറ്റുമായാണ് സര്‍വകലാശാല കരാറില്‍ ഒപ്പുവച്ചിട്ടുള്ളത്. സ്റ്റേഡിയത്തിന്റെമാത്രം പരിപാലന ചുമതല ക്രിക്കറ്റ് അസോസിയേഷന് നല്‍കിയിട്ടുണ്ട്. സ്റ്റേഡിയത്തോട് അനുബന്ധമായി സിനിമാ തിയേറ്ററുകള്‍, റസ്റ്റോറന്റ്, സ്വിമ്മിങ് പൂള്‍, കോണ്‍ഫറന്‍സ് ഹാളുകള്‍, വിവാഹങ്ങള്‍ നടത്താന്‍ സൗകര്യമുള്ള ഓഡിറ്റോറിയം, ഐടി ഓഫീസ് തുടങ്ങിയവ പ്രവര്‍ത്തിക്കുന്നുണ്ട്.

2010-ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് സ്റ്റേഡിയത്തിന് ഭൂമി കൈമാറാന്‍ തീരുമാനിച്ചത്. 2012-ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഭൂമി പാട്ടവ്യവസ്ഥയിലാണ് കൈമാറേണ്ടതെന്ന് തീരുമാനിച്ചു. ആറുകോടി രൂപ മാത്രമാണ് പാട്ടത്തുകയായി സര്‍വ്വകലാശാലയ്ക്ക് ഇതുവരെ ലഭിച്ചിട്ടുള്ളത്. 15 വര്‍ഷ പാട്ടക്കാലാവധിക്കാണ് സര്‍വകലാശാലഭൂമി സ്റ്റേഡിയം നിര്‍മ്മാണത്തിന് കൈമാറിയത്. 15 വര്‍ഷം കഴിഞ്ഞാല്‍ സ്റ്റേഡിയം സര്‍വകലാശാലക്ക് നേരിട്ട് നടത്തുകയോ കരാര്‍ പുതുക്കി നല്‍കുകയോ ചെയ്യാനാവും.
Content Highlights: karyavattam green field stadium kerala university owes 82 crores in lease
Published: 19 Apr 2025, 04:52 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented