കരുവാരക്കുണ്ട്: കടുവയെ കണ്ടെന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് ഒരാള്‍ അറസ്റ്റിലായി ദിവസങ്ങള്‍ക്കകം കരുവാരക്കുണ്ടില്‍ 'യഥാര്‍ഥ' കടുവ ഇറങ്ങി. കണ്ടത് കടുവതന്നെയെന്ന് വനംവകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചു.
കേരള എസ്റ്റേറ്റ് ചീനിപ്പാടത്തിനു സമീപം സി.ടി. റോഡിനോടു ചേര്‍ന്നുള്ള ഭാഗത്താണ് കടുവയെ കണ്ടത്. എസ്റ്റേറ്റിലെ ഡ്രൈവറാണ് കടുവയെ ആദ്യം കണ്ടത്. ഡ്രൈവര്‍ അറിയിച്ചതനുസരിച്ച് സൂപ്രണ്ട് വിവരമറിയിച്ചപ്പോള്‍ സ്ഥലത്തെത്തിയ വനപാലകരും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ കടുവ ഓടിമറയുന്നതുകണ്ടു. ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു.
കേരള എസ്റ്റേറ്റ് ചീനിപ്പാടത്ത് കരുവാരക്കുണ്ട് ഫെസ്റ്റ് നടന്ന സ്ഥലത്തിനടുത്ത് സംസ്ഥാനപാതയോരത്തുനിന്ന് മീറ്ററുകള്‍ മാത്രം അകലെയാണ് കടുവയെ കണ്ടെത്. ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന പ്രദേശമാണിത്. പഴയകടയ്ക്കല്‍ ഗവ. യു.പി. സ്‌കൂളും ഇവിടെ അടുത്താണ്. പുലര്‍ച്ചെ ധാരാളം തോട്ടം തൊഴിലാളികള്‍ പോകുന്നയിടമാണ്. വിദ്യാര്‍ഥികളുള്‍പ്പെടെ ഒട്ടേറെപ്പേര്‍ സഞ്ചരിക്കുന്ന ഭാഗമാണിത്.
ഇവിടെ പുലി, കാട്ടുപോത്ത്, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യവും രൂക്ഷമാണ്. കാട്ടാനശല്യം നിത്യേനയെന്നോണം ഉണ്ടാകാറുണ്ട്. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചിട്ടുമുണ്ട്. മുന്‍പും ഇവിടെ കടുവയെ തൊഴിലാളികള്‍ കണ്ടിട്ടുണ്ട്. പേടിച്ചോടിയ ഒരാള്‍ക്ക് വീണു പരിക്കേറ്റിട്ടുമുണ്ട്. ഇപ്പോള്‍ കടുവയെ കണ്ടെത്തിയ വീഡിയോയും ചിത്രങ്ങളും പ്രചരിച്ചതോടെ ജനങ്ങള്‍ കൂടുതല്‍ ഭീതിയിലായിരിക്കുകയാണ്.
അരമിനിറ്റോളം കടുവയെ നേര്‍ക്കുനേര്‍ കണ്ടെന്നും വീഡിയോ ചിത്രീകരിച്ചെന്നുമുള്ള വ്യാജപ്രചാരണത്തിന്റെ പേരില്‍ കരുവാരക്കുണ്ടില്‍ യുവാവ് അറസ്റ്റിലായത് കഴിഞ്ഞ ദിവസമായിരുന്നു. തൊട്ടുപിന്നാലെയാണ് യഥാര്‍ഥ കടുവയുടെ രംഗപ്രവേശം.
കടുവയെ കാടുകയറ്റും
കേരള എസ്റ്റേറ്റില്‍ കണ്ട കടുവയെ ഓടിച്ച് കാട്ടില്‍ കയറ്റാനുള്ള ശ്രമമാമാണ് ആദ്യഘട്ടത്തില്‍ ചെയ്യുന്നതെന്ന് നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ. ധനിക് ലാല്‍ പറഞ്ഞു. ശ്രമം പരാജയപ്പെട്ടാല്‍ കെണിസ്ഥാപിച്ച് കടുവയെ പിടിക്കാന്‍ ശ്രമിക്കുമെന്നും സ്ഥലം സന്ദര്‍ശിച്ച ഡി.എഫ്.ഒ പറഞ്ഞു. കാളികാവ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ പി. രാജീവിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ട്.
Content Highlights: A tiger sighting in Karuvarakkund, Kerala, confirmed by forest officials
Published: 11 Mar 2025, 08:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented