കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിലെ ഇരകള്‍ക്ക് പണം തിരികെനല്‍കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമായി (ഇഡി) കൈകോര്‍ക്കാന്‍ കേരളം തീരുമാനിച്ചതോടെ സിപിഎമ്മിന് മുന്നില്‍ കരുവന്നൂര്‍ ചോദ്യചിഹ്നമായിമാറി. ഇഡിയുടെ ആവശ്യപ്രകാരമാണ് സംസ്ഥാന സര്‍ക്കാരിന് കീഴിലെ ബഡ്സ് അതോറിറ്റി, പോപ്പുലര്‍ ഫിനാന്‍സ് കേസില്‍ ഇഡി കണ്ടുകെട്ടിയ സ്വത്ത് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് കോടതിയെ അറിയിച്ചത്.
സ്വത്ത് കൈമാറാന്‍ തയ്യാറാണെന്ന് ഇഡിയും കോടതിയെ അറിയിച്ചു. ഇനി ഇതില്‍ കോടതിയുടെ ഉത്തരവുമാത്രം മതി. ഇതിന് സമാനമായ കാര്യമാണ് ഇഡി, കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പിലും കോടതിക്കുമുന്നില്‍ ആവശ്യപ്പെട്ടത്. ഇഡി കണ്ടുകെട്ടിയ 128 കോടി രൂപയുടെ സ്വത്ത് കരുവന്നൂര്‍ ബാങ്ക് ഏറ്റെടുത്ത് ഇരകള്‍ക്ക് നല്‍കണമെന്നാണ് ആവശ്യം.
ബാങ്കിനോട് നേരത്തേ ആവശ്യപ്പെട്ടെങ്കിലും പ്രതികരിക്കാതായതോടെയാണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞയാഴ്ച കോടതി ഈ ഹര്‍ജി പരിഗണിച്ചപ്പോള്‍ ബാങ്കിന്റെ അഭിഭാഷകന്‍ ഹാജരായിരുന്നു. ഇനി 26-ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ബാങ്ക് തീരുമാനം അറിയിക്കണം. കണ്ടുകെട്ടിയ സ്വത്ത് ഏറ്റെടുക്കുന്നതില്‍ ബാങ്ക് ഭരണസമിതിക്കുമാത്രം തീരുമാനമെടുക്കാനാവില്ല. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനനുസരിച്ചേ നീങ്ങാനാകൂ. പോപ്പുലര്‍ ഫിനാന്‍സ് കേസില്‍ ഇടത് സര്‍ക്കാര്‍ ഇഡിയുമായി സഹകരിക്കാന്‍ തീരുമാനിച്ചതിനാല്‍ കരുവന്നൂരില്‍ സിപിഎം എന്ത് തീരുമാനമെടുക്കുമെന്നതിന് രാഷ്ട്രീയപ്രാധാന്യം ഏറെയാണ്.
കരുവന്നൂര്‍ കേസില്‍ അന്തിമ കുറ്റപത്രം ഈ മാസം സമര്‍പ്പിക്കാനാണ് ഇഡി നീക്കം. പോപ്പുലര്‍ ഫിനാന്‍സ് കേസില്‍ രാഷ്ട്രീയക്കാരെ ചോദ്യംചെയ്യുകയോ അവര്‍ പ്രതികളാകുന്ന സാഹചര്യമോ ഇല്ലെന്നതിനാല്‍ ഇഡിക്ക് അനുകൂലമായി തീരുമാനമെടുക്കുന്നതില്‍ ബഡ്സ് അതോറിറ്റിക്കുമുന്നില്‍ തടസ്സങ്ങളില്ലായിരുന്നു. മാത്രമല്ല, കണ്ടുകെട്ടിയ സ്വത്ത് ലേലംചെയ്ത് മുപ്പതിനായിരത്തോളം നിക്ഷേപകരുടെ പണം തിരികെക്കൊടുക്കാനുമാകും. എന്നാല്‍, കരുവന്നൂരില്‍ സ്ഥിതി അതല്ല.
ഇഡി കണ്ടുകെട്ടിയതില്‍ തൃശ്ശൂരിലെ സിപിഎമ്മിന്റേതുള്‍പ്പടെയുള്ള സ്വത്തുണ്ട്. മാത്രമല്ല, അന്തിമകുറ്റപത്രത്തില്‍ ചില പ്രമുഖ സിപിഎം നേതാക്കള്‍ പ്രതികളാകുമെന്നാണ് വിവരം. തദ്ദേശതിരഞ്ഞെടുപ്പ് അടുക്കുന്നതിനാല്‍ വീണ്ടും കരുവന്നൂര്‍ തിരഞ്ഞെടുപ്പ് വിഷയമായി വരാതിരിക്കുന്നതിനായിരിക്കും പാര്‍ട്ടി മുന്‍ഗണന നല്‍കുക.
Content Highlights: karuvannur bank scam and cpm
Published: 03 Apr 2025, 08:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented