തിരുവനന്തപുരം: പോയതലമുറയുടെ ആത്മശാന്തിക്കായി പ്രാർഥിച്ച്, ജീവിച്ചിരിക്കുന്ന അനന്തര തലമുറ ധ്യാനമനസ്സോടെ ശ്രാദ്ധമർപ്പിക്കുന്ന കർക്കടകവാവ് ബുധനാഴ്ച. പ്രധാനക്ഷേത്രങ്ങൾ ഉൾപ്പെടെ എല്ലായിടത്തും ബുധനാഴ്ച പുലർച്ചയ്ക്ക് തർപ്പണത്തിനുള്ള ചടങ്ങുകൾ ആരംഭിച്ചു. ഉച്ചവരെ തർപ്പണത്തിന്റെ കർമങ്ങൾ തുടരും. ധാരാളം ഭക്തരെത്തുന്ന സ്ഥലങ്ങളിലെല്ലാം ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്.
വർക്കല പാപനാശം കടപ്പുറത്തേക്ക് ചൊവ്വാഴ്ച വൈകീട്ട് മുതൽ ആൾക്കാരുടെ ഒഴുക്കായിരുന്നു. മൈതാനംമുതൽ പാപനാശംവരെ ഗതാഗതനിയന്ത്രണവും പോലീസ് സുരക്ഷയും ഏർപ്പെടുത്തിയിരുന്നു. പുലർച്ചെയ്ക്ക് ബലി ചടങ്ങുകൾ ആരംഭിച്ചു. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ ദൂരസ്ഥലങ്ങളിൽനിന്നുള്ളവർ ചൊവ്വാഴ്ച വൈകീട്ടോടെ ബലിയിടാൻ എത്തിത്തുടങ്ങിയിരുന്നു. ഇവിടെ രാവിലെ 4.30-ന് വാവിന്റെ ചടങ്ങുകൾ ആരംഭിച്ചു. ചൊവ്വാഴ്ച രാത്രിമുതൽ ക്ഷേത്രത്തിലേക്കുള്ള വഴികളിൽ പോലീസ് ഗതാഗതനിയന്ത്രണം തുടങ്ങിയിരുന്നു. ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ശിവക്ഷേത്രത്തിൽ നെയ്യാറിൽ നടത്തുന്ന തർപ്പണത്തിനും നിരവധിപേരെത്തി. വർക്കല ജനാർദനസ്വാമി ക്ഷേത്രത്തിലും തിരുവല്ലത്തും തിലഹോമത്തിനുള്ള സൗകര്യമുണ്ട്. കടലേറ്റത്തിൽ തീരം നഷ്ടപ്പെട്ട ശംഖുംമുഖം കടപ്പുറത്ത് നിയന്ത്രണങ്ങളോടെ ബലിതർപ്പണം ഇക്കുറിയും അനുവദിക്കുന്നുണ്ട്.
പ്രധാന ക്ഷേത്രങ്ങൾക്കു പുറമേ നാട്ടിൻപുറത്തെ ആറുകളിലും കുളങ്ങളിലും വീടുകളിലും ബലിതർപ്പണം നടത്തുന്ന വിശ്വാസികളുണ്ട്. വീടുകളിൽ ഉച്ചയ്ക്ക് തയ്യാറാക്കുന്ന സദ്യ കഴിയുന്നതോടെ ഒരുവർഷത്തെ തർപ്പണവിശുദ്ധി പൂർണതയിലെത്തും.
മാറനല്ലൂർ അരുവിക്കര ശാസ്താക്ഷേത്രം, നെയ്യാറ്റിൻകര രാമേശ്വരം ശിവക്ഷേത്രം, ആറ്റിങ്ങൽ പൂവമ്പാറ ക്ഷേത്രം, കൊല്ലമ്പുഴ ആവണിപുരം ക്ഷേത്രം, പൂവാർ കടപ്പുറം, കന്യാകുമാരി കടപ്പുറം, കുഴിത്തുറ താമ്രപർണി നദീതടം എന്നിവിടങ്ങളിലും വാവുബലിയുടെ പിതൃതർപ്പണം നടക്കും.
എല്ലാ കേന്ദ്രങ്ങളിലും പോലീസ്, വൈദ്യസംഘം, അഗ്നിരക്ഷാസേന, തീരങ്ങളിൽ ലൈഫ് ഗാർഡുകൾ, ആംബുലൻസ് സർവീസ് എന്നിവ സജ്ജമാക്കിയിട്ടുണ്ട്. പ്രധാന സ്ഥലങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി.യുടെ പ്രത്യേക ബസ് സർവീസ് നടത്തുന്നുണ്ട്.
ഭക്തിസാന്ദ്രമായി ശിവരാത്രി മണപ്പുറം
: കർക്കടകമാസത്തിലെ അമാവാസി നാളിൽ പിതൃതർപ്പണത്തിനെത്തുന്നവർക്കായി മണപ്പുറം പൂർണ സജ്ജം. ബുധനാഴ്ച പുലർച്ചെ രണ്ടുമണി മുതൽ പെരിയാറിന്റെ തീരത്ത് ബലിതർപ്പണം ആരംഭിച്ചു. വൈകീട്ട് മൂന്നുമണി വരെ ബലിതർപ്പണം നടത്താം. പിതൃതർപ്പണത്തിനായി നിരവധി ബലിപ്പുരകളാണ് തീരത്തോട് ചേർന്ന് ഒരുക്കിയിരിക്കുന്നത്. ആലുവ നഗരത്തിലും സമീപ പ്രദേശങ്ങളിലും ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ചൊവ്വാഴ്ച മഴ മാറി നിന്നത് ആശ്വാസമായി. വെള്ളം ഉയരാത്തതു മൂലം പുഴയിൽ തന്നെ തർപ്പണം നടത്താൻ കഴിയും. കനത്ത സുരക്ഷയാണ് പോലീസ് മണപ്പുറത്ത് ഒരുക്കിയിരിക്കുന്നത്. അഞ്ഞൂറോളം പോലീസുകാർ മൂന്ന് ഡിവൈ.എസ്.പി.മാരുടെ നേതൃത്വത്തിൽ സുരക്ഷാസംവിധാനം ഒരുക്കും. അഗ്നിരക്ഷാസേനയും മുങ്ങൽ വിദഗ്ധരും കടവിൽ നിരീക്ഷണത്തിനായുണ്ടാകും. മഫ്തി പോലീസും എക്‌സൈസ് വകുപ്പും പ്രത്യേകം പരിശോധനകൾ നടത്തും.
കെ.എസ്.ആർ.ടി.സി. ബസുകൾക്ക് മണപ്പുറത്തേക്ക് പ്രത്യേക സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് പോലീസ് ബോംബ് സ്‌ക്വാഡ് മണപ്പുറത്ത് പ്രത്യേക പരിശോധനകൾ നടത്തി. മണപ്പുറം ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. പുഴയ്ക്ക് അക്കരെയുള്ള ശ്രീനാരായണഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിലും ബലിതർപ്പണത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. ആശ്രമം മഠാധിപതി സ്വാമി ധർമചൈതന്യ ഇവിടെ ചടങ്ങുകൾക്ക് നേതൃത്വം നൽകും.
Content Highlights: Karkadaka Vavu Bali rituals commenced early Wednesday morning across major temples and water bodies in Kerala., Major hubs like Varkala Papanasam, Thiruvallam, and Aluva Manappuram witnessed massive devotee turnout., Comprehensive security, traffic diversions, medical teams, and KSRTC special bus services are in place.
Published: 12 Aug 2026, 07:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented