കോഴിക്കോട്: കൊടുവള്ളി മുൻ എംഎൽഎ കാരാട്ട് റസാഖ് മുസ്‌ലിം ലീഗിലേക്ക് മടങ്ങിയെത്തി. ഞായറാഴ്ച രാവിലെ എട്ടുമണിയോടെ പാണക്കാട്ട് എത്തിയ കാരാട്ട് റസാഖ് പിന്നാലെ അംഗത്വവും സ്വീകരിച്ചു. സിപിഎം സഹയാത്രികനായിരുന്ന താൻ സിപിഎമ്മിൽനിന്ന് നേരിട്ടത് വലിയ അവഗണന ആയിരുന്നെന്ന് അദ്ദേഹം മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. വളരെ സന്തോഷപൂർവ്വം അദ്ദേഹത്തിന് അംഗത്വം നൽകിയതായും ഒരു ഉപാധികളുമില്ലാതെയാണ് അദ്ദേഹം വന്നിട്ടുള്ളതെന്നും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു.

To advertise here,

സിപിഎം വിടാൻ എന്താണ് കാരണമെന്ന ചോദ്യത്തിന്, സിപിഎം ചേർത്തുപിടിക്കാനുള്ള സാഹചര്യങ്ങളൊക്കെ മാറിപ്പോയല്ലോയെന്നാണ് കാരാട്ട് റസാഖ് പ്രതികരിച്ചത്. ഇടതുപക്ഷത്തിന്റെ മന്ത്രിമാർക്കും എംഎൽഎമാർക്കും മുൻ മന്ത്രിമാർക്കും എംഎൽഎമാർക്കും പോലും നിലനിൽപില്ലാത്ത സാഹചര്യത്തിൽ സഹയാത്രികർ അത് തീരെ പ്രതീക്ഷിക്കേണ്ടതില്ലല്ലോ എന്ന് അദ്ദേഹം പറഞ്ഞു. പരിഗണനയില്ല, അവഗണനയാണ് അല്ലേ എന്ന ചോദ്യത്തിന് തീർച്ചയായും എന്നായിരുന്നു റസാഖിന്റെ മറുപടി.

അതേസമയം, റസാഖിനെതിരേ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തി. അദ്ദേഹം എന്തെങ്കിലും പ്രതീക്ഷിച്ചിട്ടുണ്ടാകും. ആ പ്രതീക്ഷിക്കുന്നതിന്റെ ഭാഗമായി പാർട്ടി നിന്നിട്ടുണ്ടാകില്ല. അതായിരിക്കും കാരണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. കഴിഞ്ഞ കുറച്ചുകാലമായി സിപിഎമ്മുമായി അകൽച്ചയിലായിരുന്നു റസാഖ്. അതിനിടെ മന്ത്രി മുഹമ്മദ് റിയാസിനെതിരേ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. 2016-21 കാലത്ത് റസാഖ് കൊടുവള്ളി എംഎൽഎ ആയിരുന്നു. 21-ൽ എം.കെ. മുനീറിനോട് പരാജയപ്പെട്ടിരുന്നു.